Sub Lead

ചാലക്കുടി കാരൂരില്‍ മാലിന്യക്കുഴിയില്‍ വീണ് രണ്ട് മരണം

ചാലക്കുടി കാരൂരില്‍ മാലിന്യക്കുഴിയില്‍ വീണ് രണ്ട് മരണം
X

മാള: കാരൂരില്‍ ബേക്കറിയുടെ നിര്‍മാണ യൂണിറ്റിലെ മാലിന്യ സംഭരണിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. വരദനാട് സ്വദേശി പാണാപ്പറമ്പില്‍ ജിതേഷ്(45), കാരൂര്‍ ചൂരിക്കാടന്‍ സുനില്‍(55) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പകല്‍ രണ്ടുമണിയോടെയായിരുന്നു അപകടം.

കാരൂരിലെ റോയല്‍ ബേക്കറിയുടെ നിര്‍മാണ യൂണിറ്റിലായിരുന്നു സംഭവം. മാന്‍ഹോളിലേക്ക് കോണി ഉപയോഗിച്ച് ജിതേഷാണ് ആദ്യം ഇറങ്ങിയത്. പിന്നാലെ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ജിതേഷ് കുഴഞ്ഞുവീണു. ജിതേഷിനെ രക്ഷിക്കാനാണ് സുനില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഇരുവരും മാലിന്യത്തില്‍ അകപ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഇരുവരും മുന്‍പും ഇത്തരത്തില്‍ ശുചീകരണത്തിനായി മാന്‍ഹോളിലൂടെ ഇറങ്ങിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.

സ്ഥാപനത്തിന്റെ ഉടമ ജോഫ്രിനും സമീപത്തുണ്ടായിരുന്നു. ഇരുവരും കുഴഞ്ഞുവീഴുന്നത് കണ്ട് മറ്റൊരു ജീവനക്കാരന്‍ ജോഫ്രിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ജോഫ്രിന്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ശ്വാസം കിട്ടാതെ തിരിച്ചുകയറി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി അഗ്നിരക്ഷാസേനാംഗങ്ങള്‍ ശ്വസന സഹായിയുമായി ഇറങ്ങി നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. ഏകദേശം ഏഴടി ആഴമുള്ള ടാങ്കില്‍ മൂന്നടിയോളം ചെളി നിറഞ്ഞിരുന്നുവെന്നും ഒരാള്‍ക്ക് കഷ്ടിച്ച് കടക്കുന്നതിനുള്ള മാന്‍ഹോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഓക്സിജന്‍ ഒട്ടും ഇല്ലായിരുന്നുവെന്നും അഗ്നിരക്ഷാസേന പറയുന്നു.

മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭരണിയുടെ മുകളിലാണ് യൂണിറ്റിന്റെ ഒരു ഭാഗം പ്രവര്‍ത്തിക്കുന്നത്. ഏകദേശം 25,000 ലിറ്റര്‍ ശേഷിയുള്ള സംഭരണിയിലേക്ക് ബേക്കറി ഉത്പ്പന്ന നിര്‍മാണത്തിന്റെ മാലിന്യമാണ് ശേഖരിക്കുന്നത്.





Next Story

RELATED STORIES

Share it