Sub Lead

'രണ്ട് തരം ഇന്ത്യ' വിവാദം: ആളുകളെ ചിരിപ്പിക്കുന്നത് തുടരുമെന്ന് വീര്‍ ദാസ്

സസ്യാഹാരികളെന്ന് അഭിമാനിക്കുകയും കര്‍ഷകരുടെ മേല്‍ വാഹനമോടിച്ചുകയറ്റുകയും ചെയ്യുന്നവരുടെയും നാടാണ് ഇന്ത്യയെന്നും പകല്‍ സ്ത്രീകളെ ആരാധിക്കുകയും രാത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്ന രാജ്യത്തു നിന്നാണ് വരുന്നതെന്നുമായിരുന്നു വീര്‍ ദാസിന്റെ വിമര്‍ശം

രണ്ട് തരം ഇന്ത്യ വിവാദം: ആളുകളെ ചിരിപ്പിക്കുന്നത് തുടരുമെന്ന് വീര്‍ ദാസ്
X

ന്യൂഡല്‍ഹി: 'രണ്ട് തരം ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്' എന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സ്റ്റാന്‍ഡപ് കൊമേഡിയന്‍ വീര്‍ ദാസിന്റെ പ്രസ്താവന. ആളുകളെ ചിരിപ്പിക്കുകയാണ് തന്റെ ജോലിയെന്നും അത് ഇനിയും തുടരുമെന്നും വീര്‍ ദാസ് വ്യക്തമാക്കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ''ഞാനെന്റെ ജോലിയാണ് ചെയ്യുന്നത്. അത് തുടരം. ആളുകളെ ചിരിപ്പിക്കുക എന്നതാണ് എന്റെ ജോലി. അത് തമാശയായി തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാം.'' അഭിമുഖത്തില്‍ വീര്‍ ദാസ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഞാനെന്റെ രാജ്യത്തെ ചിരിപ്പിക്കുന്നുണ്ട്. എന്റെ ജീവിതം തന്നെ രാജ്യത്തെപ്പറ്റി എഴുതാന്‍ മാറ്റി വെച്ചിരിക്കുകയാണ്. രാജ്യത്തിനു വേണ്ടി ഒരു പ്രേമലേഖനം എഴുതിയതിനാണ് ഞാനിവിടെ എമ്മി പുരസ്‌കാര നോമിനേഷനില്‍ വരേ എത്തിയത്. കോമഡി ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് ഞാനിനിയും പ്രേമലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുമെന്നും വീര്‍ ദാസ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ കെന്നഡി സെന്ററില്‍ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ സാഹചര്യങ്ങളെ വിമര്‍ശിച്ച് വീര്‍ ദാസ് സംസാരിച്ചത്.

ഒരേസമയം സസ്യാഹാരികളെന്ന് അഭിമാനിക്കുകയും അവ കൃഷിചെയ്തുണ്ടാക്കുന്ന കര്‍ഷകരുടെ മേല്‍ വാഹനമോടിച്ചുകയറ്റുകയും ചെയ്യുന്നവരുടെയും നാടാണ് ഇന്ത്യയെന്നും പകല്‍ സ്ത്രീകളെ ആരാധിക്കുകയും രാത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്ന രാജ്യത്തു നിന്നാണ് വരുന്നതെന്നുമായിരുന്നു വീര്‍ ദാസിന്റെ വിമര്‍ശം. ഇന്ത്യയെ അധിക്ഷേപിക്കുന്നതാണ് പരാമര്‍ശമെന്ന് ആരോപിച്ച് സംഘപരിവാരസംഘടനകള്‍ വീര്‍ ദാസിനെതിരെ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും നടത്തി്. ബിജെപി നിയമോപദേഷ്ടാവ് അശുതോഷ് ദുബൈ ദാസിനെതിരെ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. വീര്‍ ദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ തോതില്‍ പ്രതികരണങ്ങള്‍ വന്നു. കഴിഞ്ഞയാഴ്ചയാണ് വീര്‍ ദാസ് വിവാദ വിഡിയോ യൂടൂബില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍, ഇന്ധന വിലവര്‍ധന, ദാരിദ്ര്യം, പിഎം കെയര്‍, പട്ടിണി, സ്ത്രീ സുരക്ഷയില്ലായ്മ, ജാതിമത പ്രശ്‌നങ്ങള്‍, കോവിഡ് പ്രതിരോധത്തിലെ വീഴ്ച, കര്‍ഷകസമരം തുടങ്ങിയവ വീര്‍ ദാസ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു. 'വീര്‍ ദാസ്: ഫോര്‍ ഇന്ത്യ' എന്ന നെറ്റ്ഫഌക്‌സ് ഷോ ഇത്തവണത്തെ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.


Next Story

RELATED STORIES

Share it