Sub Lead

ഐഎസില്‍ ചേര്‍ന്ന യുവതിയുടെ കുഞ്ഞിന്റെ മരണം; ബ്രിട്ടീഷ് ഹോം സെക്രട്ടറിക്കു വിമര്‍ശനം

യുവതിയുടെ ബ്രീട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതാണ് കുഞ്ഞിന്റെ മരണത്തിലേക്കു നയിച്ചതെന്നാണ് വിമര്‍ശനം.

ഐഎസില്‍ ചേര്‍ന്ന യുവതിയുടെ കുഞ്ഞിന്റെ മരണം; ബ്രിട്ടീഷ് ഹോം സെക്രട്ടറിക്കു വിമര്‍ശനം
X

ലണ്ടന്‍: സിറിയയില്‍ ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് യുവതിയുടെ കുഞ്ഞിന്റെ മരണത്തില്‍ യുകെ ഹോം സെക്രട്ടറി സാജിദ് ജാവീദിനെതിരേ രൂക്ഷവിമര്‍ശനം. യുവതിയുടെ ബ്രീട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതാണ് കുഞ്ഞിന്റെ മരണത്തിലേക്കു നയിച്ചതെന്നാണ് വിമര്‍ശനം.

ഷമീമ ബീഗം എന്ന യുവതിയുടെ മൂന്നാഴ്ച്ച പ്രായമുള്ള കുഞ്ഞ് സിറിയയിലെ കാംപിലാണ് മരിച്ചതെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് വക്താവ് മുസ്ഫ ബാലി പറഞ്ഞു. ന്യൂമോണിയയാണ് മരണ കാരണമെന്ന് മരിച്ച ജറായുടെ മെഡിക്കല്‍ രേഖകള്‍ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു.

സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ബീഗത്തിന്റെ പൗരത്വം പിന്‍വലിച്ച ഹോം സെക്രട്ടറിയുടെ നടപടിക്കെതിരേ രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും രംഗത്തെത്തി. ജാവീദാണ് കുഞ്ഞിന്റെ മരണത്തിന് കാരണക്കാരനെന്ന് ചിലര്‍ ആരോപിച്ചു.

ഒരു രാജ്യമെന്ന നിലയില്‍ കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിലന്‍ നാം പരാജയപ്പെട്ടുവെന്ന് മുന്‍ മെട്രോപൊളിറ്റിന്‍ പോലിസ് ചീഫ് സൂപ്രണ്ടും ബീഗത്തിന്റെ കുടുംബ സുഹൃത്തുമായ ദാല്‍ ബാബു പറഞ്ഞു. ഒഴിവാക്കാമായിരുന്ന ഒരു ബ്രിട്ടീഷ് പൗരന്റെ മരണമാണിത്. ഹോം സെക്രട്ടറി ഈ സാഹചര്യം കൈകാര്യം ചെയ്ത രീതി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷമീമ ബീഗം ചെയ്ത തെറ്റെന്തായാലും അവരുടെ കുഞ്ഞ് നിരപരാധിയാണെന്നും മരിച്ചത് ഒരു ബ്രീട്ടീഷ് പൗരനാണെന്നും ബ്രിട്ടീഷ് ജേണലിസ്റ്റ് ആഷ് സര്‍ക്കാര്‍ പറഞ്ഞു.



യുകെ ഷാഡോ ഹോം സെക്രട്ടറി ഡയാനെ അബോട്ടും ഹോം സെക്രട്ടറിയുടെ നീക്കത്തെ വിമര്‍ശിച്ചു. ഒരാളുടെ രാജ്യമില്ലാതാക്കുന്നത് അന്താരാഷ്ട്ര നിയമത്തിനെതിരാണ്. ഒരു ബ്രിട്ടീഷ് യുവതിയുടെ പൗരത്വം എടുത്തുകളഞ്ഞതിലൂടെ നിരപരാധിയായ ഒരു കുഞ്ഞ് മരിച്ചിരിക്കുകയാണ്. ഇത് മനുഷ്യത്വവിരുദ്ധമാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

നാല് വര്‍ഷം മുമ്പ് 15ാം വയസില്‍ കിഴക്കന്‍ ലണ്ടനിലെ വീട്ടില്‍ നിന്ന് അപ്രത്യക്ഷമായ ബീഗത്തെ കഴിഞ്ഞ മാസം ഒരു ബ്രീട്ടീഷ് പത്രത്തിന്റെ ലേഖകനാണ് സിറിയയിലെ ക്യാംപില്‍ കണ്ടെത്തിയത്. 2015ലാണ് ബീഗവും രണ്ട് വനിതാ സുഹൃത്തുക്കളും ഐഎസില്‍ ചേരുന്നതിനാണ് യുകെ വിട്ടത്. തന്റെ കുഞ്ഞ് ജറായെ ബ്രിട്ടനില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ബീഗം മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞിരുന്നു. പോഷകാഹാരക്കുറവും രോഗവും കാരണം തന്റെ മറ്റ് രണ്ട് മക്കള്‍ സിറിയയില്‍ മരിച്ചതായും അവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ബ്രിട്ടനിലേക്കുള്ള ബീഗത്തിന്റെ വരവ് തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ അവരുടെ പൗരത്വം എടുത്തുകളയുകയായിരുന്നു. ബീഗത്തിന് ബംഗ്ലാദേശി ഇരട്ടപൗരത്വം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍, ബീഗത്തിന് ഇരട്ടപൗരത്വമുണ്ടെന്ന കാര്യം കുടുംബം നിഷേധിച്ചു. ബംഗ്ലാദേശ് വിദേശകാര്യ വകുപ്പും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it