Sub Lead

ബ്രിട്ടന്‍ ഇടക്കാല തിരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുമ്പില്‍; ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ രാജിവെച്ചു

ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നേറുകയാണ്. തിരിച്ചടി നേരിട്ട ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതിപക്ഷ പദവി രാജിവച്ചു.

ബ്രിട്ടന്‍ ഇടക്കാല തിരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുമ്പില്‍; ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ രാജിവെച്ചു
X

ലണ്ടന്‍: നിര്‍ണായകമായ ബ്രിട്ടനിലെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിട്ട് നില്‍ക്കുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നേറുകയാണ്. തിരിച്ചടി നേരിട്ട ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതിപക്ഷ പദവി രാജിവച്ചു.

തിരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ സ്‌കൈ ന്യൂസ്, ഐടിവി, ബിബിസി എന്നിവര്‍ നടത്തിയ സര്‍വേ പ്രകാരം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പാര്‍ട്ടി ജനസഭയിലെ 650 സീറ്റുകളില്‍ 368 സീറ്റുകളുടെ വന്‍ ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിരുന്നു. ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. 'തലമുറയിലെ ഏറ്റവുംപ്രധാനപ്പെട്ട വിധിയെഴുത്ത്' എന്നാണ് വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. രാവിലെ ഏഴിനാരംഭിച്ച പോളിങ് രാത്രി പത്തുവരെ നീണ്ടു.

ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂവായിരത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയ്ല്‍സ്, ഉത്തര അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 4000ത്തിലേറെ പോളിങ് ബൂത്തുകളൊരുക്കിയിരുന്നു. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്‍, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ എന്നിവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി ഏറ്റുമുട്ടുന്നത്.

2016ല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാന്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം നടക്കുന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്. നിലവിലെ കരാര്‍പ്രകാരം 2020 ജനുവരി 31നുതന്നെ ബ്രെക്‌സിറ്റ് സംഭവിക്കുമോ അതോ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ഇനിയും നീളുമോയെന്ന ചോദ്യത്തിനാണ് തിരഞ്ഞെടുപ്പ് ഉത്തരം നല്‍കുക.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രിയാകുകയുംചെയ്താല്‍ ജനുവരി 31നുതന്നെ ബ്രിട്ടന്‍ യൂനിയനില്‍നിന്ന് പുറത്തുപോകും. ഇക്കാര്യത്തില്‍ വീണ്ടും ഹിതപരിശോധനയെന്ന സാധ്യത പൂര്‍ണമായി ഇല്ലാതാകും. എന്നാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വരുകയും തൂക്കുസര്‍ക്കാരുണ്ടാകുകയും ചെയ്താല്‍ ബ്രെക്‌സിറ്റ് ഇനിയും കാലങ്ങളോളം തീരുമാനമാകാതെ തുടരും. ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ബ്രിട്ടന് നേട്ടമുണ്ടാക്കുന്ന മൃദു ബ്രെക്‌സിറ്റ് കരാര്‍ മൂന്നുമാസത്തിനുള്ളില്‍ കൊണ്ടുവരുമെന്നും അതില്‍ വീണ്ടും ജനഹിതപരിശോധന നടത്തുമെന്നുമാണ് ജെറെമി കോര്‍ബിന്റെ വാഗ്ദാനം.

നേരത്തേയുള്ള കരാര്‍പ്രകാരം ഒക്ടോബര്‍ 31ന് ബ്രെക്‌സിറ്റ് കരാറില്‍ സമവായത്തിലെത്താന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it