Sub Lead

ജനാധിപത്യ സമൂഹത്തിന്റെ കാവല്‍ സേനയാണ് പോലിസ്; നാടുവാഴിത്ത മൂല്യങ്ങളുടെ ഖാപ്പ് പഞ്ചായത്തല്ല: ഉമേഷിന് പിന്തുണമായി സാംസ്‌കാരിക കേരളം

കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിന്റെ തീരുമാനത്തെ അപലപിച്ചും പ്രതിഷേധമറിയിച്ചും പുറത്തിറക്കിയ പ്രസ്താവനയില്‍ നിരവധി പ്രമുഖരാണ് ഒപ്പുവച്ചത്.

ജനാധിപത്യ സമൂഹത്തിന്റെ കാവല്‍ സേനയാണ് പോലിസ്; നാടുവാഴിത്ത മൂല്യങ്ങളുടെ ഖാപ്പ് പഞ്ചായത്തല്ല: ഉമേഷിന് പിന്തുണമായി സാംസ്‌കാരിക കേരളം
X

കോഴിക്കോട്: സുഹൃത്തായ യുവതിയുടെ ഫ്‌ലാറ്റില്‍ സന്ദര്‍ശനം നടത്തിയെന്നാരോപിച്ച് സസ്‌പെന്റ് ചെയ്യപ്പെട്ട പോലിസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിന് പിന്തുണയുമായി സാംസ്‌കാരിക കേരളം. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിന്റെ തീരുമാനത്തെ അപലപിച്ചും പ്രതിഷേധമറിയിച്ചും പുറത്തിറക്കിയ പ്രസ്താവനയില്‍ നിരവധി പ്രമുഖരാണ് ഒപ്പുവച്ചത്.

ആരുടെ പോലിസ് എന്ന് നിരവധി തവണ ചോദിക്കേണ്ട സന്ദര്‍ഭങ്ങളിലൂടെ കേരളാപോലിസ് കടന്നുപോയികൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഒരു അധ്യാപികയെ സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കനുസരിച്ചു പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പരാതിക്കാരുടെ ഇഷ്ടപ്രകാരം മാപ്പുപറയിപ്പിച്ചു അതുവീഡിയോയില്‍ പകര്‍ത്തി നാടുമുഴുവന്‍ പ്രചരിപ്പിക്കാന്‍ പോലിസ് കൂട്ടുനിന്നു.

ഈയടുത്ത് കൊവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കാര്‍ പിന്തുടര്‍ന്ന് 'എന്താ പരിപാടി?' എന്നുചോദിക്കുന്ന സദാചാരക്കണ്ണുള്ള പോലിസും വാര്‍ത്തകളില്‍ നിറഞ്ഞു.

ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് ഐ.പി.എസ് പുറത്തിറക്കിയ ഉത്തരവ് വിവാദമായിരിക്കുകയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനുമിടയിലെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം പോലും നിയമവിധേയമായ ഒരു രാജ്യത്താണ് സുഹൃത്തായ സ്ത്രീയുടെ ഫ്‌ലാറ്റ് സന്ദര്‍ശിച്ചു എന്നതിന്റെ പേരില്‍ ആ സ്ത്രീയെ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ട് അങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്ത് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഒരു ഔദ്യോഗിക രേഖയില്‍ ഇത്തരത്തില്‍ എഴുതിച്ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന സാക്ഷരത പോലുമില്ലാത്ത ഇവരെ നയിക്കുന്നത് ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്തുകളുടെ നാടുവാഴിത്തകാല മൂല്യവിചാരങ്ങളാണ്. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ത്രീ രണ്ട് പരാതികള്‍ ഐ.ജി. മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. അതിലൊന്നില്‍ ഇങ്ങനെ പറയുന്നു.

'08-09-2020 തീയ്യതി ഞാന്‍ തനിച്ച് താമസിക്കുന്ന ഫ്‌ലാറ്റില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി എന്ന് പരിചയപ്പെടുത്തി സുദര്‍ശന്‍ സാറും നാരായണന്‍ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സാറും വരികയും 'നിങ്ങളാണോ ആതിര? ഫോട്ടോയില്‍ കാണുന്ന പോലെയൊന്നും അല്ലല്ലോ' എന്ന് എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്ന തരത്തില്‍ എസിപി കമന്റടിക്കുകയും ചെയ്തു.'

പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ സ്വതന്ത്ര സഞ്ചാരങ്ങള്‍ക്ക് പിറകേ ഒളിഞ്ഞു നോട്ടവുമായി നടക്കുന്ന ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥയെപ്പോലും ഒപ്പം കൂട്ടാതെയും ആതിര താമസിക്കുന്ന ഫ്‌ലാറ്റില്‍ ചെല്ലുന്നു. മേല്പറഞ്ഞ വിധം ഒരു പോലീസുദ്യോഗസ്ഥനു ചേരാത്ത വിധം അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നു.

പാലത്തായിയിലും വാളയാറിലും പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചവര്‍ക്കെതിരെ കുറ്റകരമായ ഉദാസീനത കാണിക്കുന്ന പോലിസ് സദാചാര പോലീസിങ്ങില്‍ കാണിക്കുന്ന ഈ അമിതോത്സാഹം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും അതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും പ്രസ്താവന വ്യക്തമാക്കി.

ആതിരയുടെ പരാതിയില്‍ ഉടന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

സച്ചിദാനന്ദന്‍, സിവിക് ചന്ദ്രന്‍, എം എന്‍ കാരശ്ശേരി, കെ അജിത, കല്‍പ്പറ്റ നാരായണന്‍, സജിത മഠത്തില്‍, പ്രകാശ്ബാരെ, ഗിരിജ പതേക്കര, പി എം ലാലി, ഡോ. ആസാദ്, ഡോ. ആസാദ്, മൃദുലാദേവി ശശിധരന്‍, ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങി നിരവധി പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Next Story

RELATED STORIES

Share it