Sub Lead

'നെല്ലും ചെമ്മീനും പദ്ധതി'യുടെ മറവില്‍ വന്‍തോതില്‍ കണ്ടല്‍ക്കാട് നശിപ്പിക്കുന്നു

നെല്ലും ചെമ്മീനും പദ്ധതിയുടെ മറവില്‍ വന്‍തോതില്‍ കണ്ടല്‍ക്കാട് നശിപ്പിക്കുന്നു
X

കണ്ണൂര്‍: കൃഷിവകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന 'നെല്ലും ചെമ്മീനും പദ്ധതി'യുടെ മറവില്‍ കണ്ണൂരില്‍ വന്‍തോതില്‍ കണ്ടല്‍ക്കാട് വെട്ടിനശിപ്പിക്കുന്നു. രണ്ടു മഹാപ്രളയങ്ങള്‍ കേരളത്തിന്റെ പാരിസ്ഥിതിക മേഖലയെ തകിടം മറിച്ച ശേഷമാണ് അതീവ പാരിസ്ഥിതിക പ്രാധന്യമുള്ള കണ്ടല്‍ക്കാടുകള്‍ക്കു നേരെ നശീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. സംഭവത്തില്‍ കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചിരുന്ന കല്ലേന്‍ പൊക്കുടന്റെ പേരിലുള്ള ട്രസ്റ്റ് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ പ്രാദേശിക പാരമ്പര്യ കൃഷിരീതിയായ കൈപ്പാട് കൃഷി(പൊറ്റ കൃഷി) സംബന്ധിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള അജ്ഞത മുതലെടുത്തും തെറ്റിദ്ധരിപ്പിച്ചുമാണ് സര്‍ക്കാരില്‍ നിന്ന് ഇതിനാവശ്യമായ സാമ്പത്തികസഹായവും അനുമതിയും ചിലര്‍ സമ്പാദിച്ചതെന്നാണ് ആക്ഷേപം.

കണ്ടല്‍ക്കാട് വെട്ടിത്തെളിച്ച് 'പൊറ്റ'കൂട്ടാന്‍ കഴിയില്ലെന്ന് പ്രാഥമികമായ ധാരണയുള്ളവര്‍ക്കു പോലും അറിയാമെന്നിരിക്കെ ഇതെല്ലാം കാറ്റില്‍പ്പറത്തുന്നത്. കണ്ടല്‍ക്കാടുകളുടെ അതിശക്തമായ വേരുകളാണ് അതിന്റെ പ്രധാന സവിശേഷത. കൈപ്പാട് കൃഷിക്ക് ആദ്യം ചെയ്യേണ്ട പൊറ്റകൂട്ടല്‍ അതുകൊണ്ടുതന്നെ കണ്ടല്‍ക്കാട് വെട്ടിത്തെളിച്ച ഒരു കൈപ്പാട്ടില്‍ സാധ്യമല്ല. ചേറില്‍ ആണ്ടിറങ്ങിയ വേരുകള്‍ നിലനില്‍ക്കെ കൈക്കോട്ട്(തൂമ്പ) ഉപയോഗിച്ച് ചേറുകൊത്തിക്കൂട്ടി കൂനയുണ്ടാക്കാനാവില്ല. അതിന് പകരം സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ എക്‌സ്‌കവേറ്റര്‍ പോലുള്ള യന്ത്രങ്ങള്‍ ആഴത്തില്‍ ചെളിമണ്ണിളക്കിയെടുത്ത് ചുറ്റിലും ചിറകെട്ടുകയും ആഴമേറിയ ഭാഗത്തെ ഉപ്പുനഞ്ച് കലര്‍ന്ന അടിമണ്ണ് കൊത്തിക്കൂട്ടി കൃഷിയിറക്കാനുമാണ് ശ്രമിക്കുന്നത്. കൈപ്പാട് നിലത്തെ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം മറികടക്കാനാണ് പൊറ്റകൃഷി എന്ന കൃഷിസമ്പ്രദായം തന്നെ വികസിപ്പിച്ചെടുത്തത്.

എന്നാല്‍, ആഴത്തില്‍ ചെളി ഇളക്കിയെടുക്കുന്നതോടെ ഉപ്പുവെള്ളം ശക്തമായി കയറാനുള്ള സാധ്യത വര്‍ധിക്കുകയാണ്. മാത്രമല്ല മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുകയും വന്‍തോതില്‍ ജൈവവൈവിധ്യം ഒറ്റയടിക്ക് തുടച്ചുനീക്കപ്പെടുകയും ചെയ്യും. അതിനാല്‍ തന്നെ സര്‍ക്കാര്‍ പദ്ധതിയിലൂടെ തന്നെ കണ്ടല്‍ക്കാടുകള്‍ ഇല്ലാതാക്കപ്പെടുകയാണുണ്ടാവുക. എന്നാല്‍, കണ്ടല്‍ ഇല്ലാത്ത കൈപ്പാടുകളില്‍ മാത്രം കൃഷി അനുവദിച്ചാല്‍ ഒരുപരിധി വരെ പരിഹാരം കാണാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

താല്‍ക്കാലിക ലാഭത്തിനുവേണ്ടി നടക്കുന്ന ഇത്തരം കൈയേറ്റം കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ചെമ്മീന്‍ സമ്പത്ത് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാന്നെന്ന് തദ്ദേശവാസിയും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനുമായ ഡോ. ജാഫര്‍ പാലോട് ഇരുപതുവര്‍ഷം മുമ്പ് തന്റെ പഠനങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അശാസ്ത്രീയ ബണ്ടുനിര്‍മാണം കാരണം കണ്ടല്‍ക്കാടുകള്‍ക്കും അവയോടനുബന്ധിച്ചു ജീവിക്കുന്ന മല്‍സ്യസമ്പത്തിനും വന്ന നാശനഷ്ടങ്ങള്‍ക്കു കണക്കില്ല. വേനല്‍ക്കാലത്ത് ഓരുവെള്ളം കയറ്റാതെയും മഴക്കാലത്ത് മലവെള്ളം നിയന്ത്രിച്ചും നെല്‍കൃഷിക്കായി നമ്മുടെ നദികളിലും കായലുകളിലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച ബണ്ടുകള്‍ നമ്മുടെ സ്വാഭാവിക പരിസ്ഥിതിക്കുണ്ടാക്കിയ വ്യതിയാനങ്ങള്‍ വളരെ വലുതാണ്. തണ്ണീര്‍മുക്കം ബണ്ടും കാട്ടാമ്പളിയിലെ അനുഭവങ്ങളും ഇതിന് ഉദാഹരണമാണ്. ലാഭക്കൊതിയോടെ മാത്രം നടത്തുന്ന ഇത്തരം പദ്ധതിയില്‍ നിന്നു ഉദ്ദേശിച്ച ഫലം കിട്ടാതെവരികയും കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ജീവിക്കുന്ന ചെമ്മീനും മല്‍സ്യങ്ങളുമടക്കമുള്ള മറ്റു ജീവജാലങ്ങള്‍ക്കും തങ്ങളുടെ പ്രജനന കേന്ദ്രങ്ങളും തീറ്റപ്പാടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. ഇതുമൂലം ആകെ മല്‍സ്യസമ്പത്തിന്റെ ഉല്‍പ്പാദനശേഷി ഗണ്യമായി കുറഞ്ഞുവരികയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ പാടേ അവഗണിച്ചാണ് ചെമ്മീന്‍ കൃഷിക്കു വേണ്ടി കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നത്.


Next Story

RELATED STORIES

Share it