Sub Lead

സിദ്ദീഖ് കാപ്പനെ പോപുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കാന്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ തെളിവാക്കി യുപി പോലിസ്

സിദ്ദീഖ് കാപ്പനെ പോപുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കാന്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ തെളിവാക്കി യുപി പോലിസ്
X

ന്യൂഡല്‍ഹി: ഹാത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ സിദ്ദീഖ് കാപ്പനെതിരേ യുപി എസ്ടിഎഫ് തയ്യാറാക്കിയ 5,000 പേജുള്ള കുറ്റപത്രത്തില്‍ വിചിത്രമായ ആരോപണങ്ങള്‍. കാപ്പനെ പോപുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളാണ് യുപി പോലിസ് തെളിവാക്കി സമര്‍പ്പിച്ചിട്ടുള്ളത്.

'ഇന്ത്യന്‍ തെളിവ് നിയമത്തിലെ സെക്ഷന്‍ 65 ബി പ്രകാരം ചില നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ഇലക്ട്രോണിക് തെളിവായി കണക്കാക്കൂ'. ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനിലെ സിസിജി ഫെലോ കൃഷ്‌ണേഷ് ബപത് പറഞ്ഞു, 'വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സ്വീകാര്യമാണെങ്കിലും കോടതി ഇത്തരം തെളിവുകള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കുന്നില്ല. വാട്‌സ് ആപ്പ് സന്ദേശം അയച്ച സന്ദര്‍ഭം, പോലിസ് അവ കണ്ടെത്തിയ സാഹചര്യം എന്നിവ പരിശോധിച്ചാണ് കോടതി ഇത്തരം തെളിവുകള്‍ വിശ്വസനീയമായി പരിഗണിക്കുന്നത്.

'ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍, കാപ്പന്‍ എല്ലാ മേഖലകളിലുമുള്ള ആളുകളുമായി ബന്ധപ്പെട്ടിരിക്കാം. കൃത്യമായ തെളിവുകളില്ലാതെ കാപ്പനെതിരേ യുഎപിഎ ചുമത്താനാവില്ല'. കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യുവിനെ ഉദ്ധരിച്ച് ന്യൂസ് ലോണ്‍ഡ്രി റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ഏപ്രില്‍ യുപി എസ്ടിഎഫ് സമര്‍പ്പിച്ച 5000 പേജുള്ള കുറ്റപത്രത്തില്‍ പോപുലര്‍ ഫ്രണ്ടിനെ കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്. കാപ്പന് സംഘടനയുമായി ബന്ധമുണ്ടെന്ന് യുപി എസ്ടിഎഫ് ആരോപിക്കുന്നു. 2019 മുതല്‍ പോപുലര്‍ ഫ്രണ്ട് നിരവധി തവണ അക്രമത്തിന് പ്രേരിപ്പിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്തതായി യുപി പോലീസ് ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം യുപി പോലിസ് പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു, എന്നാല്‍ കേന്ദ്രം നിരോധനത്തിന് അനുമതി നല്‍കിയില്ല. യുപി പോലിസ് കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യയെ ഒരു ഇസ് ലാമിക രാജ്യമാക്കാന്‍ ശ്രമിക്കുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ടെന്നും എസ്ടിഎഫ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന യാതൊരു രേഖകളും യുപി പോലിസിന് സമര്‍പ്പിക്കാനായിട്ടില്ല. അതേസമയം, ഈ വര്‍ഷം ജനുവരിയില്‍ സുപ്രീംകോടതയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോപുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന് കാപ്പന്‍ വ്യക്തമാക്കിയിരുന്നു.

2018 ഓഗസ്റ്റ് മുതല്‍ 2020 ഒക്ടോബര്‍ വരെയുള്ള നിരവധി വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ യുപി എസ്ടിഎഫ് കുറ്റപത്രത്തില്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ചാറ്റുകളെല്ലാം കാപ്പന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണ്. കാപ്പന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ 'ഹത്രാസില്‍ ജാതി അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും പോപുലര്‍ ഫ്രണ്ടുമായി ബന്ധത്തിന് തെളിവാണെന്നും യുപി പോലിസ് ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതിദിന ഡയറി എന്‍ട്രി, 2021 ഫെബ്രുവരി 4 ന്, ഈ ചാറ്റുകളില്‍ ചിലതിന്റെ സംഗ്രഹിത പതിപ്പ് അവതരിപ്പിക്കുന്നു.

2020 ആഗസ്ത് 17ന് കെ പി കമാലുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റാണ് ഇതിലൊന്ന്. 'അഴിമുഖം' ഓണ്‍ലൈനില്‍ കാപ്പന്‍ എസ്ഡിപിഐയെ കുറിച്ചെഴുതിയ വാര്‍ത്തയാണ് കമാലിന് ഷെയര്‍ ചെയ്തിട്ടുള്ളത്. ഇതാണ് പോപുലര്‍ ഫ്രണ്ട് ബന്ധത്തിന് തെളിവായി യുപി എടിഎസ് സമര്‍പ്പിച്ചത്. കാപ്പന്റെ സ്റ്റോറിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ കോപ്പിയും കുറ്റപത്രത്തിലുണ്ട്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് എസ്ഡിപിഐക്കെതിരേ നടത്തിയ പരാമര്‍ശവും കാപ്പന്‍ സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 'എസ്ഡിപിഐ മുസ് ലിം സമുദായത്തിലെ തീവ്രവാദ സംഘടനയാണ്. അത് കൊണ്ടാണ് മുസ് ലിം ലീഗ് ആര്‍എസ്എസ്സിനെ എതിര്‍ക്കുന്നതിനേക്കാള്‍ എസ്ഡിപിഐയെ എതിര്‍ക്കുന്നത്'. കാപ്പന്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയ പി കെ ഫിറോസിന്റെ പരാമര്‍ശത്തിലെ ഈ ഭാഗവും യുപി പോലിസ് കുറ്റപത്രത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

സിദ്ദിഖ് കാപ്പന്‍ കേസിലെ കുറ്റപത്രം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മൂവ്‌മെന്റ് എഗൈന്‍സ്റ്റ് യുഎപിഎ ആന്റ് അദര്‍ റെപ്രസ്സീവ് ലോസ് (MURAL) ചെയര്‍മാന്‍ ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍ പറഞ്ഞിരുന്നു. കേസില്‍ യുപി എസ്ടിഎഫ് തയ്യാറാക്കിയ 5,000 പേജുള്ള കുറ്റപത്രം വിചിത്രമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഹാത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് റിപോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ് സിദ്ദീഖ് കാപ്പനെ കസ്റ്റഡിയിലെടുത്തത്. കര്‍ശനമായ യുഎപിഎ പ്രകാരം കാപ്പനെതിരെ കേസെടുത്തു, കൂടാതെ രാജ്യദ്രോഹക്കുറ്റവും ചുമത്തി (വകുപ്പ് ഐപിസിയുടെ 124 എ). അശാന്തിയും കലാപവും ഉണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളതെന്നും ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പറഞ്ഞു.

രാജ്യദ്രോഹ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനുള്ള സുപ്രീം കോടതിയുടെ ശ്രമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ പ്രാഥമിക വാദം കേള്‍ക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, നിയമത്തിന്റെ ദുരുപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍ സൂചിപ്പിച്ചു.

പോപുലര്‍ ഫ്രണ്ടിന്റെ തിങ്ക് ടാങ്കായി സിദ്ദീഖ് കാപ്പന്‍ പ്രവര്‍ത്തിക്കുന്നു എന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ഈ' ആരോപണങ്ങള്‍ 'അചിന്തനീയവും അസഹനീയവും വളരെ സാങ്കല്‍പ്പികവുമാണെന്നും ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പരിഹസിച്ചു. കുറ്റകൃത്യത്തെ സംബന്ധിച്ച് യുപി എസ്ടിഎഫ് പുതിയ നിര്‍വചനം ചമച്ചെടുക്കുകയാണ്. സര്‍ക്കാറിനെ വിമര്‍ശിക്കകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് രാജ്യദ്രോഹം ചുമത്താവുന്ന കുറ്റകൃത്യമായിട്ടാണ് മാറിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ പരിമിതപ്പെടുത്തുകയും വിയോജിപ്പുകളെ അവ്യക്തമായ വാക്കുകളില്‍ നിയമം വ്യാഖ്യാനിച്ച് കുറ്റകരമാക്കുകയും ചെയ്യുന്നുവെന്നും ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it