Sub Lead

ഉത്തരാഖണ്ഡ് സംഘര്‍ഷം: മദ്‌റസ തകര്‍ത്തത് ഹൈക്കോടതി ഉത്തരവില്ലാതെ; മുഖ്യമന്ത്രിയും ജില്ലാ മജിസ്‌ട്രേറ്റും പറഞ്ഞത് പച്ചക്കള്ളം

ഉത്തരാഖണ്ഡ് സംഘര്‍ഷം: മദ്‌റസ തകര്‍ത്തത് ഹൈക്കോടതി ഉത്തരവില്ലാതെ; മുഖ്യമന്ത്രിയും ജില്ലാ മജിസ്‌ട്രേറ്റും പറഞ്ഞത് പച്ചക്കള്ളം
X

ഹില്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹില്‍ദ്വാനിയില്‍ മദ്‌റസയും പള്ളിയും തകര്‍ത്തത് ഹൈക്കോടതിയുടെ ഉത്തരവില്ലാതെയെന്ന് വെളിപ്പെടുത്തല്‍. ആറു പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കാല്‍ക്കാനും കാരണമായ സംഘര്‍ഷത്തിലേക്ക് നയിച്ച മദ്‌റസ ബുള്‍ഡോസര്‍രാജ് മുനിസിപ്പല്‍ അധികൃതര്‍ നടപ്പാക്കിയത് ഹൈക്കോടതി ഉത്തരവില്ലാതെയാണെന്ന് സ്‌ക്രോള്‍.ഇന്‍ റിപോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍സിങ് ധാമിയും ജില്ലാ മജിസ്‌ട്രേറ്റും പറഞ്ഞ വാദം പച്ചക്കള്ളമാണെന്നാണ് പുറത്തുവരുന്നത്. ഫെബ്രുവരി എട്ടിനാണ് 95 ശതമാനം മുസ് ലിംകള്‍ താമസിക്കുന്ന ഹല്‍ദ്വാനി പട്ടണത്തിലെ ബന്‍ഭൂല്‍പുരയില്‍ മദ്‌റസയും നമസ്‌കാരത്തിന് ഉപയോഗിക്കുന്ന കെട്ടിടവും തകര്‍ത്തത്. ബുള്‍ഡോസറുമായെത്തി പൊളിച്ചുനീക്കുന്നത് പ്രദേശവാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ചെറുത്തത് വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. തുടര്‍ന്ന് കല്ലേറും തീവയ്പുമുണ്ടായി. പോലിസ് വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും ആക്രമണത്തില്‍ 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം കാണമായ മദ്‌റസ തകര്‍ക്കല്‍ കോടതി ഉത്തരവില്ലാതെയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബന്‍ഭൂല്‍പുരയുടെ കമ്പനി ബാഗ് പ്രദേശത്ത് മറിയം മസ്ജിദ് എന്നും അബ്ദുര്‍ റസാഖ് സക്കരിയ മദ്‌റസ എന്നും വിളിക്കപ്പെടുന്ന കെട്ടിടങ്ങള്‍ 2002ലാണ് നിര്‍മ്മിച്ചത്. അബ്ദുള്‍ മാലിക്കും ഭാര്യ സഫിയ മാലിക്കുമാണ് ഇത് പരിപാലിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്നു പറഞ്ഞാണ് ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തത്. 1937ല്‍ മസ്ജിദും മദ്‌റസയും നിര്‍മിച്ച ഭൂമി പാട്ടത്തിന് നല്‍കിയെന്നും 1994ല്‍ തന്റെ കുടുംബത്തിന് വിറ്റെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 6ന് സഫിയ മാലിക് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി എട്ടിനാണ് കോടതി കേസ് പരിഗണിച്ചത്. കോടതി നിര്‍ദേശപ്രകാരമാണ് കൈയേറ്റ വിരുദ്ധ നീക്കത്തിന് അനുമതി നല്‍കിയതെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും നൈനിറ്റാള്‍ ജില്ലാ മജിസ്‌ട്രേറ്റും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് കാണിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം. കക്ഷികള്‍ ഹാജരാവാത്തതിനാല്‍ ഹരജി ഹൈക്കോടതി ഫെബ്രുവരി 14 ലേക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, അടുത്ത ഹിയറിങിന് കാത്തുനില്‍ക്കാതെയാണ് കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചുനീക്കലുമായി മുന്നോട്ടുപോയത്. പൊളിക്കലിന് കോടതി ഉത്തരവിന്റെ പിന്‍ബലമില്ലെന്നും എന്നാല്‍ മാലിക്കിന് കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും ഹല്‍ദ്‌വാനി മുനിസിപ്പല്‍ കമ്മീഷണര്‍ പങ്കജ് ഉപാധ്യായ പറഞ്ഞു. അവര്‍ക്ക് സ്‌റ്റേ ലഭിച്ചിട്ടില്ലെന്നും ഞങ്ങളുടെ നടപടി നിയമപരമായ നടപടിക്രമങ്ങള്‍ക്ക് വിധേയമാണെന്നും അദ്ദേഹം ന്യായീകരിച്ചു.

എന്നാല്‍, മാലിക്കിന്റെ അഭിഭാഷകന്‍ അഹ്രാര്‍ ബെയ്ഗ് ഈ വാദത്തെ വെല്ലുവിളിക്കുകയും കോര്‍പറേഷന്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ കേസ് അവതരിപ്പിക്കാന്‍ സമയം നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 'നിയമവിരുദ്ധം' എന്ന് പറഞ്ഞ് ഇസ് ലാമിക ഘടനകളെ തകര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് ഹല്‍ദ്വാനിയിലെ ബുള്‍ഡോസര്‍രാജ് എന്ന ആരോപണത്തിന് പിന്‍ബലമേകുന്നതാണ് പുതിയ വിവരങ്ങള്‍.

Next Story

RELATED STORIES

Share it