Sub Lead

വള്ളിക്കുന്ന് 'ആള്‍ക്കൂട്ട' ആക്രമം: സംഘപരിവാറിനൊപ്പം സിപിഎം പ്രവര്‍ത്തകരും; വിവാദം കനക്കുന്നു

മുസ്‌ലിംലീഗ് നേതാവിനും സുഹൃത്തിനുമെതിരേയുണ്ടായ 'ആള്‍ക്കൂട്ട' ആക്രമണവുമായി ബന്ധപ്പെട്ട് പോലിസ് പിടികൂടിയവരില്‍ സംഘപരിവാറിനൊപ്പം സിപിഎം പ്രവര്‍ത്തകരും ഉള്‍പ്പെട്ട ഞെട്ടലിലാണ് ജനങ്ങള്‍.

വള്ളിക്കുന്ന് ആള്‍ക്കൂട്ട ആക്രമം: സംഘപരിവാറിനൊപ്പം സിപിഎം പ്രവര്‍ത്തകരും; വിവാദം കനക്കുന്നു
X

പരപ്പനങ്ങാടി: കഴിഞ്ഞ ഞായറാഴ്ച വള്ളിക്കുന്ന് റെയില്‍വെ സ്‌റ്റേഷന് സമീപം മുസ്‌ലിംലീഗ് നേതാവിനും സുഹൃത്തിനുമെതിരേയുണ്ടായ 'ആള്‍ക്കൂട്ട' ആക്രമണവുമായി ബന്ധപ്പെട്ട് പോലിസ് പിടികൂടിയവരില്‍ സംഘപരിവാറിനൊപ്പം സിപിഎം പ്രവര്‍ത്തകരും ഉള്‍പ്പെട്ട ഞെട്ടലിലാണ് ജനങ്ങള്‍. സംഭവത്തില്‍ വിവാദം കനയ്ക്കുകയാണ്. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും പരപ്പനങ്ങാടി അങ്ങാടി കടപ്പുറം സ്വദേശിയുമായ യാറുക്കാന്‍ പുരയ്ക്കല്‍ ശറഫുദ്ധീന്‍ (40), സുഹൃത്ത് നവാസ് (20) എന്നിവരെയാണ് പേര് ചോദിച്ച് 'ആള്‍ക്കൂട്ടം' ക്രൂരമായി മര്‍ദ്ദിച്ചത്. കാക്കി ട്രൗസറും കാവിമുണ്ടും ധരിച്ച സായുധ സംഘമാണ് തങ്ങളെ അക്രമിച്ചതെന്നും പിന്നീട് ഇരുട്ടുള്ള ഭാഗത്തേക്ക് വലിച്ചിഴച്ച് അവിടെ തെങ്ങില്‍ ബന്ധിച്ച് മര്‍ദ്ദനം തുടര്‍ന്നതായും ഇവര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇരകള്‍ക്ക് പരാതിയില്ലന്നായിരുന്നു തുടക്കത്തില്‍ പോലിസ് പ്രചരിപ്പിച്ചത്. എന്നാല്‍, അക്രമ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതോടെ ശക്തമായ പ്രതിഷേധം ഉയരുകയും വിവാദമാകുകയും ചെയ്തതോടെയാണ് പോലിസ് അക്രമിക്കപെട്ട ശറഫുദ്ധീന്റെ വീട്ടില്‍ വന്ന് മൊഴിയെടുക്കാന്‍ തയ്യാറായത്. ആള്‍കൂട്ട ആക്രണമാണ് നടന്നതെന്ന് മൊഴി നല്‍കിയിട്ടും അടിപിടി കേസാക്കി മാറ്റാനുള്ള നീക്കമാണ് പോലിസ് തുടക്കത്തില്‍ നടത്തിയതെന്നും ശറഫുദ്ധീന്‍ ആരോപിച്ചിരുന്നു.

ആക്രണത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും തങ്ങളെ ആക്രമിച്ചതും പണം കവര്‍ന്നതും കാക്കി ട്രൗസര്‍ധാരികളാണന്ന് മൊഴി നല്‍കിയിട്ടും അക്രമികളെ പിടികൂടാന്‍ പോലിസ് ശ്രമിച്ചില്ലെന്ന ആരോപണം ശക്തമാണ്. സംഭവം ഇന്ന് നിയമസഭയില്‍ ഉയര്‍ന്നുവരുമെന്ന വിവരം ലഭിച്ചതോടെ പോലിസ് ധൃതി പിടിച്ച് ചിലരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്ന് സംശയിക്കുന്നു. ഇന്നലെ പിടിയിലായ സംഘത്തിലെ മൂന്ന് പേരില്‍ സി വി ബിജുലാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും, പി കെ സബീഷും എ ടി വേണുഗോപാലും സജീവ സിപിഎം പ്രവര്‍ത്തകരുമാണ്. മാത്രമല്ല, തിരിച്ചറിഞ്ഞവരില്‍ അഞ്ചു പേര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. പേര് ചോദിച്ച് മര്‍ദ്ദിച്ചതില്‍ കാക്കി ടൗസറും കാവി മുണ്ടും ധരിച്ചവരാണെന്ന് ഇരകളും എംഎല്‍എയും പറയുമ്പോള്‍ ഇവരുടെ കൂടെ സിപിഎം പ്രവര്‍ത്തകരും ഉള്‍പ്പെട്ടത് വന്‍വിവാദമായിരിക്കുകയാണ്. 'സദാചാര പോലിസിങി'നെതിരേ ചുംബന സമരം അടക്കം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ രണ്ടു യുവാക്കളെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമത്തിന് തുനിഞ്ഞത് പാര്‍ട്ടിയിലും പൊട്ടിത്തെറിക്ക് ഇടയാക്കിയിരിക്കുകയാണ്.

കള്ളനെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചെന്ന് പറയുമ്പോഴും എന്തിന് പേര് ചോദിച്ചു മര്‍ദിച്ചെന്നതിന് ഉത്തരമില്ല. അക്രമം നടന്ന സ്ഥലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിശിലനം നടത്തുന്നതിനിടെയാണ് യുവാക്കള്‍ എത്തിയതെന്നും ഇതു കണ്ടതാണ് ആക്രമത്തിന് കാരണമെന്നും പറയുന്നുണ്ടങ്കിലും തുടക്കത്തില്‍ തന്നെ പോലിസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

പിടിയിലായ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ ഒരു തരത്തിലും അക്രമത്തില്‍ പങ്കാളികളായിട്ടില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. അക്രമികള്‍ പ്രചരിപ്പിച്ച വീഡിയോകളിലും ഇവര്‍ ഉള്‍പെട്ടിട്ടില്ലെന്ന് പറയപ്പെടുന്നു. മാത്രമല്ല സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകനേയും കസ്റ്റഡിയിലെടുത്തതും പിന്നീട് വിട്ടയച്ചന്നും സിപിഎം കേന്ദ്രങ്ങള്‍ തന്നെ ആരോപിക്കുന്നുണ്ട്.

സംഘ്പരിവാര്‍ ആസൂത്രിതമായി നടത്തിയ ആക്രമണത്തെ, മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മര്‍ദനമെന്ന തരത്തില്‍ വരുത്തിത്തീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നതായി ആരോപണം ശക്തമാണ്. ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമായ ഇവിടെ ഇത്തരത്തില്‍ അക്രമം നടന്നത് മറച്ചുവയ്ക്കാന്‍ ചില പോലിസ് ഉദ്യോഗസ്ഥരും ആര്‍എസ്എസും ചേര്‍ന്ന് നീക്കം നടത്തുന്നതായി സംശയം ഉയരുന്നുണ്ട്. കാക്കി ട്രൗസറും, കാവി മുണ്ടും ധരിച്ചവരാണ് തങ്ങളെ ആക്രമിച്ചതെന്ന് മൊഴി നല്‍കിയിട്ടും മറ്റുള്ളവരെ പിടികൂടുന്നതും പ്രതി ചേര്‍ക്കുന്നതും ദുരൂഹമാണ്.സംഭവത്തില്‍ ശക്തമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it