Sub Lead

വഖ്ഫ് ഭേദഗതി ബില്‍ ജെപിസിക്ക് വിട്ടത് പ്രതിപക്ഷ വിജയം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി(video)

വഖ്ഫ് ഭേദഗതി ബില്‍ ജെപിസിക്ക് വിട്ടത് പ്രതിപക്ഷ വിജയം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി(video)
X

ന്യൂഡല്‍ഹി: പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വഖ്ഫ് ഭേദഗതി ബില്ല് ജെപിസിക്ക് വിടാനുള്ള തീരുമാനം പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് മുസ് ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി. വഖ്ഫ് സംവിധാനത്തെ തന്നെ ഇല്ലാതാക്കാനും വഖ്ഫ് സ്വത്തുക്കളുടെ കൈയേറ്റം വര്‍ധിപ്പിക്കാനുമായി സര്‍ക്കാര്‍ ഗൂഡലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവരുന്നത്. ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണെന്നും വഖ്ഫ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ ടി പാര്‍ലമെന്റില്‍ വ്യക്തമാക്കി.


ഈ ബില്ല് ഭരണഘടന വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ഇത് ആര്‍ട്ടിക്കിള്‍ 14, 15, 25, 26, 30 എന്നിവയുടെ ലംഘനവുമാണ്. സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗം കൂടിയാണ് ഈ ബില്ല്. വഖ്ഫ് സ്വത്തുക്കളെ തീരെ ഇല്ലാതാക്കുന്ന ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. വഖ്ഫ് സംവിധാനത്തെ ചവിട്ടിമെതിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന നിയമ നിര്‍മാണമാണിത്. വഖ്ഫ് ബോര്‍ഡ് നാമമാത്രമായി മാറുന്നു. ബോര്‍ഡ് സര്‍ക്കാറിന്റെ അടിമയായി മാറുന്നതായി ഈ നിയമത്തിലൂടെ പ്രകടമായി തന്നെ മനസ്സിലാക്കാനാവും. സാധുക്കളായ ആളുകളും മഹാരഥന്‍മാരുമെല്ലാം തന്നെ വഖ്ഫ് നല്‍കിയ ഭൂമി പൂര്‍ണമായും തങ്ങളുടെ പരിധിയില്‍ നിര്‍ത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ കുല്‍സിത ശ്രമമാണ് ഈ ബില്ലായി പുറത്തുവരുന്നത്. ഈ ബില്ല് നിയമപരമായി അധികാരമുള്ള വഖ്ഫ് ബോര്‍ഡിനെയും വഖ്ഫ് കൗണ്‍സിലിനെയും എല്ലാം സര്‍ക്കാറിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആളുകളെ നിറച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍ എല്ലാം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. മുസ് ലിം താല്‍പര്യങ്ങള്‍ക്ക് ഘടകവിരുദ്ധമായി നില്‍ക്കുന്നവരുടെ കൈയില്‍ ഈ സ്വത്തുക്കളുടെ അവകാശാധികാരങ്ങള്‍ എത്തിക്കുക എന്ന കരുട്ടുബുദ്ധിയാണ് ബിജെപിക്കുള്ളത്. അതിന് പുറമെ വഖ്ഫ് സ്വത്തുക്കള്‍ കൂടുതല്‍ നിയമ സങ്കീര്‍ണതയിലേക്ക് നീങ്ങി അതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. പ്രധാനമായും ഒരിക്കല്‍ വഖ്ഫ് ചെയ്ത ഭൂമി ആ ഭൂമിയില്‍ പിന്നീട് ആരെങ്കിലും അവകാശവാദം ഉന്നയിച്ചുവരികയാണെങ്കില്‍ അതില്‍ ഇടപെടാനും അതിന്റെ നിയന്ത്രണം സ്ഥാപിച്ചെടുക്കാനും കഴിയുന്ന വിധത്തിലാണ് നിയമം സംവിധാനം ചെയ്തിട്ടുള്ളത്.

കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്ത് ഇന്ത്യയുടെ പല ഭാഗത്തും കൈയേറ്റം ചെയ്യപ്പെട്ടു കിടക്കുകയാണ്. ഇതില്‍ സര്‍ക്കാര്‍ തന്നെയാണ് ഏറ്റവും വലിയ കൈയേറ്റക്കാര്‍. അത്തരം ആളുകള്‍ക്ക് അവര്‍ കൈയേറ്റം ചെയ്തുവച്ചിരിക്കുന്ന ഭൂമി അവരുടെ സ്വന്തമാക്കി മാറ്റാന്‍ നിഷ്പ്രയാസം സാധിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഒരു നിയമമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് വഖ്ഫ് നിയമത്തില്‍ ഒരു ഭേദഗതി വന്നിരിന്നു. അത് ജെപിസി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. വളരെ ശ്രദ്ധേയമായ വകുപ്പുകള്‍ അതില്‍ ഉണ്ടായിരുന്നു. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ മോചിപ്പിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാനും ചെറിയ തുകയ്ക്ക് വഖ്ഫ് സ്വത്തുക്കള്‍ ലീസിനെടുക്കുവാനുള്ള സാഹചര്യം ഒഴിവാക്കി മാര്‍ക്കറ്റ് വില അടിസ്ഥാനത്തില്‍ ലീസിന് കൊടുക്കാന്‍ അന്നത്തെ ഭേദഗതികൊണ്ട് സാധിച്ചു. എന്നാല്‍ ഈ നിയമം വരുന്നതോടെ അത് ദുര്‍ബലമാവും. കൈയേറ്റങ്ങള്‍ വര്‍ധിക്കും.

വഖ്ഫുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ കലക്ടര്‍മാര്‍ക്ക് മാറ്റിക്കൊടുക്കുകയാണ്. വഖ്ഫ് കൗണ്‍സിലില്‍ ഉള്ള എല്ലാ അംഗങ്ങളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഘടന. ഉദാഹരണമായി പറഞ്ഞാല്‍ വഖ്ഫ് കൗണ്‍സിലില്‍ മൂന്നു പേര്‍ പാര്‍ലമെന്റ് മെംബര്‍മാരാണ്. ഈ മൂന്ന് പേര്‍ മുസ് ലിം സമുദായത്തിന്റെ വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്റ് പ്രതിനിധീകരിച്ച് വരുന്ന ആളുകള്‍ക്ക് ഇത്തരം ആളുകളുടെ വിശ്വാസം സംബന്ധിച്ചോ മതപരമായ കാര്യങ്ങളെ സംബന്ധിച്ചോ നിയമപ്രകാരം അവശ്യമില്ല. മാത്രമല്ല, ഇതിന്റെ കൗണ്‍സിലില്‍ പെട്ട ആളുകളുടെ യോഗ്യതകളില്‍ പ്രത്യേകമായും ഇവര്‍ ഊന്നിപ്പറഞ്ഞിട്ടുള്ള സംഗതി രണ്ട് പേര്‍ അമുസ് ലിംകള്‍ ആയിട്ടുള്ളവര്‍ വേണം എന്നാണ്. അത് പോലെ തന്നെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഒരു മത വിശ്വാസി ആകണമെന്നോ അല്ലെങ്കില്‍ മുസ് ലിം ആവണമെന്നോ ഈ ബില്ല് പറയുന്നില്ല.

ഈ നിയമം നടപ്പാക്കി വന്നാല്‍ ഇക്കാലം വരെ നിയമ വിരുദ്ധമായി കൈവശം വച്ച് പോന്നിരുന്ന ആളുകള്‍ക്ക് യാതൊരു ബാധ്യതയുമില്ലാതെ ഇനി സുഗമമായിട്ട് അതുപയോഗിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കി കൊടുക്കുന്നു. ഇതിന്റെ എല്ലാ കാര്യങ്ങളും സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ്. ക്രൂരമായ ഒരു നടപടിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ഇത് അനീതിയുമാണെന്നും ബിജെപി രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഇവിടത്തെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ബോധ്യമുള്ളതിനാല്‍ ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it