Sub Lead

വഖഫ് ബോഡ് നിയമനം: പള്ളികളില്‍ പറയേണ്ട എന്ന തീരുമാനം ഏകകണ്ഠമെന്ന് സമസ്ത

ചില രാഷ്ട്രീയ വിവാദങ്ങള്‍ കാരണവും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനുമായാണ് ഇന്നലെ പള്ളികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം വേണ്ടെന്നുവച്ചതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു

വഖഫ് ബോഡ് നിയമനം: പള്ളികളില്‍ പറയേണ്ട എന്ന തീരുമാനം ഏകകണ്ഠമെന്ന് സമസ്ത
X

കോഴിക്കോട്: വഖഫ് ബോഡ് നിയമനം സംബന്ധിച്ച് വെള്ളിയാഴ്ച ഖുതുബയില്‍ പരാമര്‍ശിക്കരുതെന്ന പ്രസ്താവന സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഒറ്റക്ക് നടത്തിയതാണെന്ന വാദത്തെ സമസ്ത നിരാകരിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിട്ടതില്‍ സമസ്തയുടെ നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വഖ്ഫ് നിയമന തീരുമാനം പുനപരിശോധിക്കണമെന്ന് സമസ്ത സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടതാണ്. ചില രാഷ്ട്രീയ വിവാദങ്ങള്‍ കാരണവും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനുമായാണ് ഇന്നലെ പള്ളികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം വേണ്ടെന്നുവച്ചതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.


വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കുവിട്ട നടപടി പുനപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയ്‌ക്കൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം രാഷ്ട്രീയ വിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ് നടത്തിയത്. സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അനുകൂല നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം സമസ്ത തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ലീഗ് തീരുമാനങ്ങള്‍ക്കെതിരേ മുത്തുക്കോയ തങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരം പ്രസ്താവനകളുണ്ടാകുന്നത് ലീഗ് നേതൃത്വത്തെ ആശയകുഴപ്പത്തിലാക്കുകയാണ്.

Next Story

RELATED STORIES

Share it