Sub Lead

പശ്ചിമ ബംഗാളില്‍ മറ്റൊരു മന്ത്രിയെ കൂടി ഇഡി അറസ്റ്റ് ചെയ്തു

പശ്ചിമ ബംഗാളില്‍ മറ്റൊരു മന്ത്രിയെ കൂടി ഇഡി അറസ്റ്റ് ചെയ്തു
X





കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മറ്റൊരു മന്ത്രിയെ കൂടി ഇഡി അറസ്റ്റ് ചെയ്തു. പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെടുത്തിയാണ് പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള സാള്‍ട്ട് ലേക്കിലുള്ള മല്ലിക്കിന്റെ വസതിയില്‍ ഇഡി പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സ് (സിഎപിഎഫ്) ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇഡി ഉദ്യോഗസ്ഥരുടെ നടപടി. താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് മന്ത്രി പറഞ്ഞു. മല്ലിക് നിലവില്‍ സംസ്ഥാന വനംവകുപ്പ് മന്ത്രിയാണ്. നേരത്തേ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്നു. അതേസമയം, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും സഹായി അര്‍പ്പിത മുഖര്‍ജിയെയും ഈ വര്‍ഷം ആദ്യം ഇഡി അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (ഡബ്ല്യുബിഎസ്എസ്‌സി) റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെടുത്തിയാണ് അന്വേഷണം. കല്‍ക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജിയെയും ഇഡി പലതവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്.


ടിഎംസിയുടെ ബര്‍ഭം ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടലിനൈ പശുക്കടത്ത് കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു.





Next Story

RELATED STORIES

Share it