Sub Lead

മഞ്ഞുമൂടിയ നദിയില്‍ മുങ്ങുന്ന കാറിന് മുകളില്‍നിന്ന് സെല്‍ഫിയെടുത്ത് യുവതി (വീഡിയോ)

മഞ്ഞുമൂടിയ നദിയില്‍ മുങ്ങുന്ന കാറിന് മുകളില്‍നിന്ന് സെല്‍ഫിയെടുത്ത് യുവതി (വീഡിയോ)
X

ഒട്ടാവ: മഞ്ഞുമൂടിയ നദിയില്‍ മുങ്ങിത്താഴുന്ന കാറിന് മുകളില്‍നിന്ന് സെല്‍ഫിയെടുക്കുന്ന യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കാനഡയിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ കാനഡയില്‍. എവിടെ നോക്കിയാലും മഞ്ഞ് മാത്രമാണ് കാണാനാവുക. നദികളെല്ലാം തണുത്തുറയുകയും കൂടി ചെയ്തതോടെ റോഡും നദിയും ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനിടെയാണ് യുവതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. മഞ്ഞില്‍ പുതഞ്ഞ നദിക്ക് സമീപത്തുകൂടി യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തേക്കാളുപരി തന്റെ കാര്‍ മഞ്ഞുമൂടിയ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുമ്പോഴും കാറിനു മുകളില്‍നിന്നും യുവതി സെല്‍ഫിയെടുത്തതാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയത്. മാനോട്ടിക്കിന്റെ പ്രാന്തപ്രദേശത്തുള്ള റൈഡോ നദിയുടെ സമീപത്താണ് അപകടം നടന്നതെന്ന് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു. മഞ്ഞുപാളികള്‍ക്കിടയിലൂടെ പോയ കാര്‍ നദിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനവുമായി തടിച്ചുകൂടി. ഇതിനിടെയാണ് ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നും വകവയ്ക്കാതെ കാറിന് മുകളില്‍ കയറി യുവതി ശാന്തയായി സെല്‍ഫിയെടുക്കുന്നത്.

കാര്‍ പാതിയിലധികം നദിയില്‍ മുങ്ങിയിരിക്കുമ്പോഴായിരുന്നു യുവതിയുടെ സാഹസിക സെല്‍ഫിയെടുക്കല്‍. യുവതി സെല്‍ഫിയെടുക്കുന്നതിന്റെ ചിത്രം പ്രദേശവാസികളിലൊരാള്‍ കാമറയില്‍ പകര്‍ത്തി. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് കയാക്ക് ഉപയോഗിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തകരുടെ ധൈര്യത്തെ ഒട്ടാവ പോലിസ് പ്രശംസിച്ചു. ''ഭാഗ്യത്തിന് പരിക്കുകളൊന്നുമില്ല. കയാക്കും പ്രദേശവാസികളുടെ മനസ്സാന്നിധ്യവുമാണ് യുവതിയെ രക്ഷിച്ചത്''- പോലിസ് ട്വീറ്റ് ചെയ്തു. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനുശേഷം വൈദ്യസഹായം സ്വീകരിക്കാന്‍ യുവതി വിസമ്മതിച്ചു. ഒരു മോട്ടോര്‍ വാഹനം അപകടകരമായ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചതിന് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് കനേഡിയന്‍ പത്രമായ നാഷനല്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it