Sub Lead

ജൂണ്‍ അഞ്ച്-ലോക പരിസ്ഥിതി ദിനം: വേമ്പനാട്ടുകായലിന്റെ രാജപ്പന്‍ ഇനി ലോകത്തിന്റെ 'പരിസ്ഥിതി സംരക്ഷണ താരകം'

ജൂണ്‍ അഞ്ച്-ലോക പരിസ്ഥിതി ദിനം: വേമ്പനാട്ടുകായലിന്റെ രാജപ്പന്‍ ഇനി ലോകത്തിന്റെ പരിസ്ഥിതി സംരക്ഷണ താരകം
X

ജൂണ്‍ അഞ്ച്-ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പുനസ്ഥാപനം എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം. പരിസ്ഥിതിയെ നാം പുനസ്ഥാപിക്കുന്നതെങ്ങനെയെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചയാളാണ് എന്‍ എസ് രാജപ്പന്‍. അതുകൊണ്ടുതന്നെ വേമ്പനാട്ടുകായലിന്റെ 'ശുചിത്വ കാവല്‍ക്കാരന്‍' എന്നറിയപ്പെടുന്ന രാജപ്പനെ തേടിയെത്തിയത് അന്താരാഷ്ട്ര അവാര്‍ഡാണ്. 10000 ഡോളറും(ഏകദേശം 7,30,081 ഇന്ത്യന്‍ രൂപ) പ്രശസ്തി പത്രവും ഫലകവും അടങ്ങിയ തയ്‌വാനിലെ സുപ്രിം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷനലിന്റെ 'ഷൈനിങ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡാ'ണ് രാജപ്പന്‍ ചേട്ടനെ തേടിയെത്തിയത്. ഇരുകൈകള്‍ക്കും പൂര്‍ണതോതില്‍ ശേഷി പോലുമില്ലാത്ത എന്‍ എസ് രാജപ്പന്‍ എന്ന കോട്ടയം സ്വദേശി ഇനി പരിസ്ഥിതി സംരക്ഷണത്തില്‍ ലോകതാരകമാണ്.

രാജപ്പന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണ്. വേമ്പനാട്ടു കായലിലും സമീപമുള്ള മറ്റു തോടുകളിലെയുമെല്ലാം പ്ലാസ്റ്റിക് ബോട്ടിലുകള്‍ തന്റെ ചെറിയൊരു വള്ളത്തില്‍ തുഴഞ്ഞുപോയി പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണം തന്നെയാണ് തന്റെ ഉപജീവനമാര്‍ഗവും എന്നതും ശ്രദ്ധേയമാണ്. രാജപ്പന്റെ പ്രവൃത്തിയിലൂടെ വേമ്പനാട്ടുകായല്‍ മാത്രമല്ല, സമീപപ്രദേശങ്ങളിലെയെല്ലാം മനുഷ്യരുടെ കുടിവെള്ളം കൂടിയാണ് മാലിന്യത്തില്‍ നിന്നു രക്ഷപ്പെടുന്നത്. നന്ദു എന്ന ഒരു ഫോട്ടോഗ്രഫര്‍ രാജപ്പന്റെ ചിത്രം പകര്‍ത്തിയതോടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ കൈയടി നേടിയ രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ പ്രശംസിക്കുകയും ചെയ്തു. വേമ്പനാട്ടു കായലിന്റെ ശുചിത്വ കാവല്‍ക്കാരനെ തേടി മാധ്യമപ്രവര്‍ത്തകരെത്തിയപ്പോള്‍ തല ചായ്ക്കാന്‍ ഒരു വീടും ജോലി ചെയ്യാന്‍ നല്ലൊരു വള്ളവും കിട്ടിയാല്‍ സന്തോഷം എന്നായിരുന്നു രാജപ്പന്റെ മറുപടി. സുമനസ്സുകള്‍ അത് യാഥാര്‍ഥ്യമാക്കുകയും ബോബി ചെമ്മണ്ണൂര്‍ പുതിയൊരു വള്ളം നല്‍കാമെന്നേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ തായ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ആദരവ് കൂടി ലഭിക്കുന്നതോടെ രാജപ്പന്റെ മനസ്സിന്റെ ശുദ്ധി കൂടിയാണ് ആദരിക്കപ്പെടുന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: Pro Media(ഫേസ് ബുക്ക്)

world environment day 2021: Vembanattukayal's Rajappan is now winner of world record





Next Story

RELATED STORIES

Share it