Sub Lead

യൂസുഫുല്‍ ഖറദാവി: ഈജിപ്ഷ്യന്‍ വിപ്ലവത്തിന് പ്രചോദനം നല്‍കിയ പണ്ഡിതനായ ആക്ടിവിസ്റ്റ്

ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട ഏറ്റവും പ്രമുഖ സൈദ്ധാന്തികരില്‍ ഒരാളായിരുന്നു അദ്ദേഹം. ഖറദാവിയും അദ്ദേഹത്തിന്റെ അധ്യാപനങ്ങളും നിരവധി സോച്ഛാധിപതികളെ കടപുഴക്കിയ മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രചോദനമായി നിലകൊണ്ടു.ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതുമായ ആഗോള മുസ്ലീം പണ്ഡിത ആക്ടിവിസ്റ്റായി അദ്ദേഹം പരക്കെ ഓര്‍മ്മിക്കപ്പെടും.

യൂസുഫുല്‍ ഖറദാവി: ഈജിപ്ഷ്യന്‍ വിപ്ലവത്തിന് പ്രചോദനം നല്‍കിയ പണ്ഡിതനായ ആക്ടിവിസ്റ്റ്
X

ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് ദശാബ്ദങ്ങളോളം രാജ്യത്തെ അടക്കി ഭരിച്ച ഈജിപ്ഷ്യന്‍ സോച്ഛാധിപതി ഹുസ്‌നി മുബാറക്ക് പ്രസിഡന്റ് പദവി രാജിവച്ചൊഴിയേണ്ടിവന്നതിനു പിന്നാലെ 2011 ഫെബ്രുവരി 18ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി കെയ്‌റോയിലെ തഹ്‌രീര്‍ ചത്വരത്തില്‍ ലക്ഷക്കണക്കിന് പേര്‍ ഒത്തുകൂടിയപ്പോള്‍ വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ വയോധികനായ ഒരു പുരോഹിതന്‍ മുന്നോട്ട് വന്നു. ഹുസ്‌നി മുബാറക്കിനെതിരായ ജനകീയ പ്രക്ഷോഭത്തിന് പ്രചോദനമായി നിലകൊണ്ട 96 ആം വയസ്സില്‍ ഇന്ന് ഖത്തറില്‍ നിര്യാതനായ ഇസ്‌ലാമിക ധൈഷണിക ചിന്തകന്‍ യൂസുഫ് അല്‍ ഖറദാവി ആയിരുന്നു അത്.

'നിങ്ങളില്‍ നിന്ന് ഈ വിപ്ലവം മോഷ്ടിക്കാന്‍ ആരെയും അനുവദിക്കരുത്. അനുയോജ്യമായ വേഷപ്പകര്‍ച്ച നടത്തുന്ന കാപട്യക്കാരാണവര്‍' എന്നായിരുന്നു ഖറദാവി പ്രക്ഷോഭകാരികളെ ഓര്‍മിപ്പിച്ചത്.

വിപ്ലവം അവസാനിച്ചിട്ടില്ല. അത് ഈജിപ്തിനെ കെട്ടിപ്പടുക്കാന്‍ തുടങ്ങിയിരിക്കുന്നു, നിങ്ങളുടെ വിപ്ലവം തുടരുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുക'-അദ്ദേഹം വ്യക്തമാക്കി.

അതിന്റെ ഏഴ് ദിവസം മുമ്പാണ് ഈജിപ്ഷ്യന്‍ നേതാവ് ഹുസ്‌നി മുബാറകിന് തന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിനെതിരായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്.

രാജ്യത്ത് മുമ്പ് നിരോധിക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി (എഫ്‌ജെപി) രാജ്യത്തെ ആദ്യത്തെ സ്വതന്ത്രവും നീതിയുക്തവുമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുകയും മുഹമ്മദ് മുര്‍സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട ഏറ്റവും പ്രമുഖ സൈദ്ധാന്തികരില്‍ ഒരാളായിരുന്നു അദ്ദേഹം. ഖറദാവിയും അദ്ദേഹത്തിന്റെ അധ്യാപനങ്ങളും നിരവധി സോച്ഛാധിപതികളെ കടപുഴക്കിയ മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രചോദനമായി നിലകൊണ്ടു.ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതുമായ ആഗോള മുസ്ലീം പണ്ഡിത ആക്ടിവിസ്റ്റായി അദ്ദേഹം പരക്കെ ഓര്‍മ്മിക്കപ്പെടും.

ഒരു ബുദ്ധിജീവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കരിയറില്‍ ഉടനീളം, ഇസ്ലാമിക നിയമത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം പാണ്ഡിത്യവും രാഷ്ട്രീയ പ്രവര്‍ത്തനവും സമന്വയിപ്പിച്ച ഒന്നായിരുന്നു. ഈ ആശയങ്ങള്‍ ലളിതമായ ഭാഷയില്‍ ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ്, ദശലക്ഷക്കണക്കിന് അനുയായികളെയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.

കൊളോണിയല്‍ വിരുദ്ധ ആക്ടിവിസം

1926ല്‍ ജനിച്ച ഖറദാവി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്‍ കീഴിലുള്ള ഈജിപ്തിലാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ അദ്ദേഹം മതവിദ്യാഭ്യാസത്തെ കൊളോണിയല്‍ വിരുദ്ധ ആക്ടിവിസവുമായി സംയോജിപ്പിച്ചു. ഇതിനെതുടര്‍ന്ന് നിരവധി തവണ അദ്ദേഹം കാരാഗൃഹത്തില്‍ അടക്കപ്പെട്ടു.

ഈജിപ്തിലെ ഇമാം ശഹീദ് ഹസനുല്‍ ബന്നയുടെ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡില്‍ ആകൃഷ്ടനായ അദ്ദേഹത്തെ ഈജിപ്ഷ്യന്‍ സ്വാതന്ത്ര്യത്തെത്തുടര്‍ന്ന് അധികാരത്തിലേറിയ ഗമാല്‍ അബ്ദുല്‍ന്നാസറും നിരവധി തവണ തുറങ്കിലടച്ചു.

1949, 54, 56 കാലങ്ങളില്‍ ജയില്‍വാസമനുഷ്ഠിച്ചു. അന്തര്‍ദേശീയ മുസ്ലിം പണ്ഡിതസഭയുടെ രൂപവത്കരണയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം ബ്രിട്ടനിലെത്തിയെങ്കിലും ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസാ നിരോധമേര്‍പ്പെടുത്തുകയായിരുന്നു. സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. അറബ് മുസ്ലിം നാടുകളിലെ രാഷ്ട്രീയ, ഭരണ പരിഷ്‌കരണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തിയ ഖറദാവി ഇസ്ലാമിക ജനാധിപത്യം എന്ന ബദല്‍ വ്യവസ്ഥ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. സമഗ്ര ഇസ്ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ചു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിരുന്നു. സര്‍വമത നിന്ദക്കെതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമാണ്.

അറബ് ലോകത്തും മധ്യ പൗരസ്ത്യ ദേശങ്ങളിലും രൂപപ്പെട്ട സ്വേച്ഛാധിപരായ ഭരണാധികാരികള്‍ക്കെതിരെയുണ്ടായ ജനകീയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ വളരെ ശക്തമായി പിന്തുണച്ചു. ഈജിപ്തിലെ സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ 30 വര്‍ഷമായി ഡോ.യൂസുഫുല്‍ ഖറദാവിയെ നാട് കടത്തിയിരുന്നു. എന്നാല്‍ തഹ്രീര്‍ സ്‌ക്വയറില്‍ 2011 ഫെബ്രുവരി 18 ന് വെള്ളിയാഴ്ച ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ജുമുഅ പ്രഭാഷണത്തിലൂടെ അദ്ദേഹം തന്നെ പുതു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് വിപ്ലവപോരാളികള്‍ക്ക് ആവേശം പകര്‍ന്നു.

1960കളുടെ തുടക്കത്തില്‍ അദ്ദേഹം ഈജിപ്തില്‍ നിന്ന് ഖത്തറിലേക്ക് പോയി, പുതുതായി സ്ഥാപിതമായ ഖത്തര്‍ സര്‍വകലാശാലയില്‍ ശരീഅത്ത് ഫാക്കല്‍റ്റിയുടെ ഡീനായി നിയമിതനായി, 1968ല്‍ ഖത്തര്‍ പൗരത്വം നല്‍കി.

ഖത്തറില്‍ താമസിക്കുമ്പോള്‍, 1973ലെ ഫിഖ്ഹ് അല്‍ സകാത്ത് (സകാത്തിന്റെ നിയമശാസ്ത്രം) എന്ന തന്റെ പുസ്തകത്തിന് പണ്ഡിതനെന്ന നിലയില്‍ അദ്ദേഹം പ്രശസ്തനായി.

ജനനവും പഠനവും

1926ല്‍ ഈജിപ്തിലെ ത്വന്‍തക്ക് സമീപം സ്വഫ്ത് തുറാബിലാണ് ജനനം. അതീവ ബുദ്ധിമാനായിരുന്ന ഖറദാവി പത്ത് വയസ്സിനു മുമ്പു തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. ത്വന്‍തയിലെ മതപാഠശാലയില്‍ പ്രാഥമിക, സെക്കന്ററി വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം ഉപരിപഠനത്തിനായി അല്‍ അസ്ഹറില്‍ ചേര്‍ന്നു.

1953ല്‍ ഒന്നാം സ്ഥാനത്തോടെ ആലിയ ബിരുദം നേടിയ ഖറദാവി 54ല്‍ ഒന്നാം റാങ്കോടെ മാസ്‌ററര്‍ ഡിഗ്രിയും കരസ്ഥമാക്കി. 1958ല്‍ ഭാഷയിലും സാഹിത്യത്തിലും ഡിഗ്രിയും 1960ല്‍ ഉലൂമുല്‍ ഖുര്‍ആനിലും സുന്നത്തിലും മാസ്റ്റര്‍ ഡിഗ്രിയും ലഭിച്ചു. പഠനഗവേഷണ മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ മുഖമുദ്രയാക്കിയ യൂസുഫുല്‍ ഖറദാവി 'സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സക്കാത്തിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ 1973ല്‍ ഡോക്ടറേററ് നേടി.

അധ്യാപനവും ഖുത്വ്ബയും നടത്തിയാണ് ഔദ്യോഗിക ജീവിതത്തിലേക്കുള്ള രംഗപ്രവേശം. ഈജിപ്തിലെ ചില പ്രധാന സ്ഥാനങ്ങള്‍ വഹിച്ചതിനു ശേഷം 1961ല്‍ റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇന്‍സ്‌പെക്ടറായി ദോഹയിലെത്തിയ ഖറദാവി 1973ല്‍ ഖത്തറിന്റെ മതകാര്യ മേധാവിയായി. മതപരമായ കാര്യങ്ങളില്‍ വരും തലമുറക്ക് ഉന്നത വീക്ഷണം ഉണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയില്‍, ഖത്തര്‍ യൂണിവേഴ്‌സിററിക്ക് കീഴില്‍ ഒരു ശരീഅത്ത് സ്ഥാപനം തുടങ്ങാന്‍ മുന്‍കൈയെടുത്തു.

1977ല്‍ സാക്ഷാത്കരിച്ച ആ കോളജിന്റെ പ്രിന്‍സിപ്പലായി 1990 വരെ ഖറദാവി തുടര്‍ന്നു. അള്‍ജീരിയയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിററിയുടെയും അനുബന്ധ സ്ഥാപങ്ങളുടെയും നിരീക്ഷകനായി സേവനമനുഷ്ഠിച്ച ഖറദാവി നാല് പതിറ്റാണ്ടിലേറെയായി ദോഹയിലെ വലിയ പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ഉമറുബ്‌നുല്‍ ഖത്ത്വാബ് പള്ളിയില്‍ ഖുത്വുബ നിര്‍വഹിക്കുകയും ചെയ്തു.

നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗ്, കുവൈത്തിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക ചാരിററബ്ള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലും കൗണ്‍സിലുകളിലും അംഗമാണ്. ഇസ്‌ലാമിക പ്രചാരണത്തിനായി വെബ്‌സൈറ്റു വഴി നടത്തുന്ന ഇസ്‌ലാം ഓണ്‍ലൈന്‍ പരിപാടിക്ക് മികച്ച സ്വാധീനം ലോകത്ത് ചെലുത്താനായിട്ടുണ്ട്. ഖത്തറില്‍ തന്നെ താമസിക്കുന്ന ഖറദാവി നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്.

ഔദ്യോഗിക ജീവിതം

ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കിയ ശേഷം ഖത്തര്‍ സെക്കന്ററി റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയായി. 1973ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍കുകയും അതിന്റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1977ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ശരീഅ ആന്റ് ഇസ്ലാമിക് സ്റ്റ്ഡീസ് കോളജ് ആരംഭിക്കുകയും 198990 വരെ അതിന്റെ ഡീന്‍ ആയി തുടരുകയും ചെയ്തു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്റെ തലവനായി അദ്ദേഹം ഇന്നും തുടരുന്നു. 199091 ല്‍ അല്‍ജീരിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നേതൃസ്ഥനങ്ങള്‍ വഹിച്ചു. 1961ല്‍ ദോഹയിലെത്തിയതു മുതല്‍ 2011 വരെ ദോഹ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ ഖുതുബ നിര്‍വഹിച്ചു. ഖത്തര്‍ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് നിരവധി ശ്രോതാക്കളുണ്ടായിരുന്നു. 1973ല്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 2011ല്‍ ഈജിപ്തില്‍ തിരിച്ചെത്തി.

വൈജ്ഞാനിക സംഭാവനകള്‍

സമകാലികഇസ്ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്‌ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അല്‍ അസ്ഹര്‍ ഇസ്‌ലാമിക് സര്‍വകലാശാലയുടെ മികച്ച സംഭാവനകളിലൊരാളാണ് ഇദ്ദേഹം. അല്‍അമീര്‍ അബ്ദുല്‍ ഖാദിര്‍ യൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി അടക്കം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതികളില്‍ അംഗമായിരുന്നു. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിഖ്ഹുസ്സകാത്ത്(സകാത്തിന്റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം ഇസ്ലാമിക സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ്.

പുരസ്‌കാരങ്ങള്‍

2004ല്‍ ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് ലഭിച്ചു. 120ലധികം പുസ്തകങ്ങള്‍ ഖറദാവി രചിച്ചിട്ടുണ്ട്. ഇസ്‌ലാമിക ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എട്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ന് ജീവിക്കുന്ന ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it