Flash News

ഇന്ത്യന്‍ പൂരം ഇന്നു മുതല്‍; ഐഎസ്എല്ലിന് കിക്കോഫ്

ഇന്ത്യന്‍ പൂരം ഇന്നു മുതല്‍; ഐഎസ്എല്ലിന് കിക്കോഫ്
X

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിന്റെ വര്‍ണങ്ങള്‍ മാറ്റിയെഴുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം പതിപ്പിന് കൊല്‍ക്കത്തയിലെ യുവഭാരതി ക്രിരംഗനില്‍ ഇന്ന് കിക്കോഫ്. കലാപരിപാടികളും വര്‍ണശബളമായ ഉദ്ഘാടന ചടങ്ങുകളും ഇല്ലാതെയാണ് ഇത്തവണ സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെ കൊല്‍ക്കത്തയെ നേരിടും. അടിമുടി മാറ്റത്തോടെ ഇറങ്ങുന്ന ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ കാണികളുടെ ആവേശം വാനോളം ഉയരും.മഴ ഭീഷണി ഉണ്ടെങ്കിലും മല്‍സരം നടക്കുമെന്നുറപ്പാണ്. രണ്ട് വട്ടം ചാംപ്യന്‍മാരായ കൊല്‍ക്കത്ത രണ്ട് വട്ടം റണ്ണര്‍ അപ് ആയ കേരളത്തെ ഇന്ന് വൈകീട്ട് 7.30ന് സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ നേരിടുമ്പോള്‍ ഒപ്പത്തിനൊപ്പമായ ടീമുകള്‍ക്ക് വിജയത്തില്‍ കുറഞ്ഞ പ്രതീക്ഷയൊന്നുമില്ല. താരതമ്യം ചെയ്യുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന കൊല്‍ക്കത്ത ഇത്തവണ ആക്രമണശൈലിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ കുരുക്കി ആദ്യ മൂന്നു പോയിന്റുകള്‍ നേടാനാണ് ലക്ഷ്യമിടുന്നത്.
ബ്ലാസ്‌റ്റേഴ്‌സിനെ ഒരു സീസണില്‍ ഫൈനല്‍ വരെ എത്തിച്ച കോപ്പലാശാനാണ് ഇക്കുറി കൊല്‍ക്കത്തയോടൊപ്പം മഞ്ഞപ്പടയോട് കൊമ്പ് കോര്‍ക്കാനെത്തുന്നത്. മികച്ച വിദേശ കളിക്കാരുളള കൊല്‍ക്കത്ത ശക്തരായി തിരിച്ചുവന്ന് കപ്പടിക്കാനാണ് മൈതാനത്തിലേക്കെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെ അടുത്തറിയാമെങ്കിലും പഴയ പതിപ്പില്‍ നിന്ന് അടിമുടി മാറിയാണ് കൊല്‍ക്കത്ത ഈ സീസണില്‍ കളി മെനയുന്നത്. കോച്ച് ഡേവിഡ് ജെയിംസിന് കീഴില്‍ ആദ്യ കിരീടം ലക്ഷ്യമിട്ടെത്തുന്ന ബ്ലാസ്റ്റേഴ്‌സ് ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മധ്യനിര വരെ ഓടി കിതയ്ക്കുന്ന പഴയ ടീമല്ല ബ്ലാസ്‌റ്റേഴ്‌സ്. അനുഭവസമ്പത്ത് കുറവാണെങ്കിലും മികച്ച ടീമിനെ കളത്തിലിറക്കിയാണ് ജെയിംസ് സ്റ്റീവ് കോപ്പലിനോട് പഴയ കണക്കുകള്‍ തീര്‍ക്കുക.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന യുവഗോള്‍കീപ്പര്‍ ധീരജ് സിങിനായിരിക്കും ആദ്യ മല്‍സരത്തില്‍ കേരള ഗോള്‍ വല കാക്കേണ്ട ഉത്തരവാദിത്വം. മൂന്ന് മല്‍സര സസ്‌പെഷന്‍ നിലനില്‍ക്കുന്നതിനാല്‍ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ആദ്യ മല്‍സരത്തില്‍ കളിക്കില്ല. അത് കൊണ്ട് തന്നെ ജിങ്കന്‍, ലാല്‍ റുവാത്താര, റാക്കിപ് എന്നിവരും വിദേശിയായ നെമാഞ്ച ലാക്കിച്ച് പെസിച്ചും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര കാക്കും. പ്രീസീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച സിറില്‍ കാലിയും ടീമിലെത്താന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ലാകിച്ച് പെസിച്ചിന് പുറത്തിരിക്കേണ്ടി വരും.
വിദേശ താരങ്ങളായിരിക്കും ടീമിന്റെ മധ്യനിര നിയന്ത്രിക്കുക. കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസിറ്റോ എന്നിവര്‍ക്കൊപ്പം ഈ സീസണില്‍ ടീമിലെത്തിയ നിക്കൊളാസ് ക്രമോവിച്ച്, ഹോളി ചരണ്‍ നര്‍സാരി തുടങ്ങിയവരും മധ്യനിരയില്‍ പന്ത് തട്ടും. മലയാളി സൂപ്പര്‍ താരം സി കെ വിനീതും സ്ലൊവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്‌നിക്കും സെര്‍ബിയന്‍ താരം സ്‌റ്റോജനോവികും മുന്‍നിരയില്‍ ബൂട്ടണിയും. പ്രതിരോധവും മുന്നേറ്റനിരയും ശക്തമായ ബ്ലാസ്‌റ്റേഴ്‌സിനെതിരെ പ്രതിരോധശൈലിയില്‍ പന്ത് തട്ടാനാണ് കോപ്പലാശാന്റെ നീക്കം. എന്നാല്‍ ആദ്യം മുതല്‍ ആക്രമിച്ച് കളിച്ച് ഗോള്‍ നേടി മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി വിജയം കൈവരിക്കുക എന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡിജെയുടെ തന്ത്രം.
ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ പത്ത് കളികളില്‍ അഞ്ചെണ്ണത്തില്‍ കൊല്‍ക്കത്തയും ഒരെണ്ണത്തില്‍ ബ്ലാസ്‌റ്റേഴ്‌സും വിജയിച്ചിട്ടുണ്ട്. ബാക്കി നാലും സമനിലയിലാണ് അവസാനിച്ചത്. കൊല്‍ക്കത്തയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് 10 തവണ വല കുലുക്കിയപ്പോള്‍ കൊല്‍ക്കത്ത 13 ഗോളുകള്‍ അടിച്ചു. ഇരു ടീമുകളുടെയും ആരാധകരും ഇത്തവണ ആവേശത്തിലാണ്.
Next Story

RELATED STORIES

Share it