On Road

മണ്ണിനും മനുഷ്യനും തണലായൊരു ഫക്കീര്‍

നേരില്‍ കണ്ടില്ലെങ്കിലും എനിക്ക് ഒരു മനുഷ്യനെ കാണാന്‍ കുറച്ചു സമയ0 മാറ്റി വയ്ക്കാനായല്ലോ. അതോര്‍ത്ത് ആ ക്ഷീണത്തിലും എനിക്ക് ചിരിക്കാന്‍ കഴിഞ്ഞു.

മണ്ണിനും മനുഷ്യനും  തണലായൊരു ഫക്കീര്‍
X

ആര്‍കെ പനവൂര്‍

ബെത്തൂലില്‍(ഭോപാലിനടുത്ത്) നിന്ന് ഇന്നലെ പുലര്‍ച്ചെ ബൗറയിലെത്തി. പോവേണ്ടത് കൊച്ചാമു വില്ലേജിലേക്കാണ്. അവിടെയാണ് ആ മനുഷ്യനുള്ളത്. ഒന്നു കാണുക, അത്ര തന്നെ. ബൗറയില്‍ നിന്ന് അവിടേക്കു ബസ്സോ മറ്റു വാഹനങ്ങളോയില്ല. കൃഷിയിടങ്ങളിലേക്കുള്ള ട്രാക്ടറുകള്‍ അല്ലെങ്കില്‍ ഗ്രാമത്തിലേക്കു പോകുന്ന ചുരുക്കം ചില ബൈക്കുകള്‍. 13 കിലോമീറ്റര്‍ നടക്കുകയേ വഴിയുള്ളൂ. ഇത്ര ദൂരം നടന്നിട്ട് ആളവിടെയില്ലെങ്കിലോ? തിരിച്ചും 13 കിലോ മീറ്റര്‍ നടക്കണം.

ഒടുവില്‍ തന്നെ തീരുമാനിച്ചു. ഇടക്ക് ഒരാള്‍ ലിഫ്റ്റ് തന്നു, സൈക്കിളിലാണ്. കുറച്ചു ദൂരം നീങ്ങിയപ്പോള്‍ മനസ്സിന് എന്തോ ഒരു ഭാരം. മെലിഞ്ഞ് അമ്പതിനോടടുത്ത് പ്രായമുള്ളയാളാണ് എന്നെയും കൊണ്ട് സൈക്കിളില്‍ നീങ്ങുന്നത്. അയാള്‍ക്കത് പ്രശ്‌നമല്ലായിരിക്കാം. അദ്ദേഹത്തെ സ്‌നേഹത്തോടെ പറഞ്ഞയച്ചു.


വീണ്ടും നടത്തം. ശക്തമല്ലെങ്കിലും വെയിലുണ്ട്. രാവിലെ ഒന്നും കഴിച്ചിട്ടുമില്ല. ആ ക്ഷീണത്തിലു0 കാഴ്ചകള്‍ കുളിരേകുന്നതാണ്. അവിടെയുള്ളവര്‍ക്ക് മണ്ണിനോട് ആരാധനയും ബഹുമാനവുമാണ്. മഴയേറ്റ മണ്ണിനെ കൃഷിയിറക്കുന്നതിന് ഉഴുതു പാകപ്പെടുത്തുന്നു. ദൂരെ നിന്ന് ട്രാക്ടറിന്റെ ശബ്ദം കേട്ട് പ്രതീക്ഷയോടെ നോക്കി. ഞാനാവശ്യപ്പെടാതെ തന്നെ എന്റടുക്കല്‍ നിര്‍ത്തി കയറാന്‍ പറഞ്ഞു. വല്ലാത്ത സന്തോഷം തോന്നി. ട്രാക്ടര്‍ ചേട്ടനുമായി പരിചയപ്പെട്ടു. മോഹന്‍ യാദവ്. കുറേ എന്തൊക്കയോ പറഞ്ഞു. ഒരക്ഷരം വിടാതെ ഞാന്‍ സമ്മതം മൂളി. അത്ര 'ലളിത'മായിരുന്നു ഭാഷ! അഞ്ചു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ യാദവ് മറ്റൊരു വഴിയെ പോയി.. വീണ്ടും നടത്തം, ഒടുവില്‍ അവിടെയെത്തി, കൊച്ചാമു...

ഇനി ആ മനുഷ്യനെക്കുറിച്ച്



പ്രഫസര്‍ അലോക് സാഗര്‍. ഡല്‍ഹി ഐഐടി പ്രഫസറായിരുന്നു. കഴിഞ്ഞ മുപ്പതില്‍ അധികം വര്‍ഷമായി കൊച്ചാമു ഗ്രാമത്തിലെ ആദിവാസികള്‍ക്കൊപ്പം ജീവിക്കുന്നു, അവരിലൊരാളായി. ടെക്‌സസില്‍ നിന്നു ഡോക്ടറേറ്റ് നേടിയ അലോകിനു പിന്നെയുമുണ്ട് ക്വാളിഫിക്കേഷനുകളുടെ കെട്ടുകള്‍. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ അധ്യാപകനായിരുന്നു. രഘുറാമിനെ ഡല്‍ഹി ഐഐടിയിലാണ് അദ്ദേഹം പഠിപ്പിച്ചത്.

1982നു ശേഷം ഐഐടിയിലെ ജോലി രാജിവച്ച് തന്റെ ലക്ഷ്വറി ജീവിതം ഉപേക്ഷിച്ച് ആദിവാസികളുടെ സേവനത്തിന് ഇറങ്ങുകയായിരുന്നു. ഒറ്റ മുണ്ടുടുത്ത് സൈക്കിളില്‍ ഗ്രാമങ്ങള്‍ ചുറ്റുന്ന അലോക് സാഗര്‍ ഇതുവരെയായി അമ്പതിനായിരത്തിലധികം മരങ്ങളാണ് നട്ടു പിടിപ്പിച്ചത്. ആദിവാസികളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രഫസര്‍ അതിനു വേണ്ടി ഒരു മൂവ്‌മെന്റിനും നേതൃത്വം നല്‍കുന്നു.

അടുത്ത കാലം വരെ താനാരാണെന്ന് ഗ്രാമവാസികളോട് അലോക് വെളിപ്പെടുത്തിയിരുന്നില്ല. പ്രഫസറുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ ബെത്തൂല്‍ ജില്ലാ ഭരണകൂടം മാവോവാദിയാണെന്നാരോപിച്ച് ജില്ല വിട്ടു പോവാന്‍ കല്‍പ്പിച്ചു. അങ്ങിനെയൊരു നിര്‍ബന്ധ സാഹചര്യത്തിലാണ് തന്റെ ഐഡന്റിറ്റി അധികാരികള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. രേഖകള്‍ പരിശോധിച്ച അധികൃതര്‍ അദ്ഭുതസ്തബ്ധരായി.

ഇപ്പോഴും റോഡും ഇലക്ട്രിസിറ്റിയും പൂര്‍ണമായെത്താത്ത ഈ ഗ്രാമത്തില്‍ ഫക്കീറിനെ പോലെ ജീവിക്കുന്ന പ്രഫസറെക്കുറിച്ച് സുഹൃത്ത് യാസിര്‍ അമീന്‍ മുമ്പ് പറഞ്ഞതും വായിച്ചതും മനസ്സിലെവിടയോ ഉണ്ടായിരുന്നു. ഈ യാത്രയില്‍ ഒന്നു നേരില്‍ കാണാമെന്നും ഉറപ്പിച്ചു. പക്ഷെ കുടിലില്‍ എത്തിയ ഞാന്‍ നിരാശനായി. ചാരി വച്ച സൈക്കിളും പുറത്തു നിന്നു അടച്ചിരിക്കുന്ന ഡോറും.

ഗ്രാമത്തിലുള്ളവരൊക്കെ കൃഷിക്കായി പോയിട്ടുണ്ട്. ഉള്ളവര്‍ക്ക് ഞാന്‍ പറയുന്നത് തീരെ മനസ്സിലാവുന്നില്ല. തേന്‍മാവിന്‍കൊമ്പത്തെ മോഹന്‍ലാലിന്റെ അവസ്ഥ. ഇടയ്ക്ക് ഒരു പയ്യന്‍ ഓടി അടുത്തെത്തി. അവന്റെ അഭിപ്രായത്തില്‍ മൂപ്പര് മൂന്നു കിലോമീറ്ററപ്പുറമുണ്ടാവും. എന്നാല്‍, ശരി പോകാമെന്നായി. അവനെയു0 കൂട്ടി നടന്നു. അങ്ങനെ ക്ഷീണിച്ച് അവന്‍ പറഞ്ഞ സ്ഥലത്തെത്തി. കാളയുമായി ഒരപ്പുപ്പന്‍ നിലം ഉഴുതുകൊണ്ടിരിക്കുന്നു. ഞങ്ങളെ കണ്ടയുടനെ ചിരിച്ച് നമസ്‌കാരം പറഞ്ഞ് അടുത്തുവന്നു.



പക്ഷെ, പിന്നെയും നിരാശയായിരുന്നു ഫലം. പ്രഫസര്‍ കര്‍ഷകരുടെ എന്തോ ആവശ്യവുമായി ഡല്‍ഹിയിലേക്ക് പോയി. എന്നു വരുമെന്നറിയില്ല. ഫോണ്‍ നമ്പറില്ല. അപ്പൂപ്പന്‍ ഒരു ലെറ്റര്‍ എഴുതികൊടുക്കാന്‍ ആവശ്യപ്പെട്ടു. ഒഒരു എ ഫോര്‍ പേപ്പറില്‍ നീട്ടിവലിച്ചെഴുതി, ഞാനിനിയും വരുമെന്നു പറഞ്ഞ് നിര്‍ത്തി. നേരില്‍ കണ്ടില്ലെങ്കിലും എനിക്ക് ഒരു മനുഷ്യനെ കാണാന്‍ കുറച്ചു സമയ0 മാറ്റി വയ്ക്കാനായല്ലോ. അതോര്‍ത്ത് ആ ക്ഷീണത്തിലും എനിക്ക് ചിരിക്കാന്‍ കഴിഞ്ഞു.

പയ്യനെ പറഞ്ഞയച്ചു, തിരിച്ചു നടക്കാന്‍ തുടങ്ങി. വിശപ്പ് കണ്ണിലെത്തിയിട്ടുണ്ട്. അഞ്ചുമണിയോടടുക്കുന്നു. കിട്ടിയത് അഞ്ചു രൂപയുടെ പാര്‍ലെജി ബിസ്‌ക്കറ്റ്, എന്താണതിന്റെ രുചി!!

Next Story

RELATED STORIES

Share it