Flash News

വാഹന മോഷണക്കേസ് പ്രതികള്‍ പോലിസ് പിടിയില്‍

വാഹന മോഷണക്കേസ് പ്രതികള്‍ പോലിസ് പിടിയില്‍
X




തലശ്ശേരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹന മോഷണക്കേസില്‍ പ്രതിയായ രണ്ടുപേര്‍ വാഹന പരിശോധനയ്ക്കിടെ പിടിയില്‍. കോഴിക്കോട് കക്കാട്ട് പറമ്പ് വീട്ടിലെ അബ്ദുസ്സലാം എന്ന വീരപ്പന്‍ സലീം(33), തമിഴ്‌നാട് തിരുനെല്‍വേലി ചെട്ടിക്കുളത്തെ രാജന്‍(41) എന്നിവരെയാണ് ന്യൂമാഹി എസ്‌ഐയും സംഘവും
പിടികൂടിയത്. ഇന്നോവ കാറില്‍ വരികയായിരുന്ന പ്രതികള്‍ പോലിസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് നിരവധി വാഹനങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍, ആക്‌സോ ബ്ലെയ്ഡ്, ചുറ്റിക തുടങ്ങിയവ കണ്ടെടുത്തതായി പോലിസ് അറിയിച്ചു. വീരപ്പന്‍ സലീമിന്റെ പേരില്‍ കേരളത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ വാഹന മോഷണ കേസ് നിലവിലുണ്ട്. 2006ല്‍ തലശ്ശേരി പോലിസും ഇയാള്‍ക്കെതിരേ വാഹന മോഷണത്തിന് കേസെടുത്തിരുന്നു. പാലക്കാട്ടെ വാഹന മോഷണ കേസില്‍ ഈയിടെയാണ് സലീം ജയിലില്‍ നിന്നിറങ്ങിയത്. രാജന്‍ മയക്കുമരുന്ന് വില്‍പന നടത്തിയ കേസിലെ പ്രതിയാണ്. ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്ത് ലോറിയുള്‍പ്പെടെയുള്ള വലിയ വാഹനം മോഷ്ടിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ്പ്രതികള്‍ പിടിയിലായതെന്ന് പോലിസ് പറഞ്ഞു. പ്രതികളെ തലശ്ശേരി സിഐ എം പി ആസാദ്, എസ്‌ഐ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തലശ്ശേരി പോലിസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷം തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 10 എ എന്‍ 2819 ഇന്നോവ കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it