Articles

ഇന്ത്യന്‍ ഭരണ ഘടന ദിനം; ഇപ്പോഴും സഹന സമരങ്ങള്‍ വിജയിക്കുന്ന ഇന്ത്യ

ഇന്ത്യയിലെ നാം എന്ന വാചകത്തോടെയാണ് ഭരണഘടനയുടെ തുടക്കം

ഇന്ത്യന്‍ ഭരണ ഘടന ദിനം; ഇപ്പോഴും സഹന സമരങ്ങള്‍ വിജയിക്കുന്ന ഇന്ത്യ
X

ആഷിക്ക് ഒറ്റപ്പാലം

ഇന്ത്യന്‍ ഭരണ ഘടന ദിനം


1935ല്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റും മറ്റു രാജ്യങ്ങളുടെ ഭരണഘടന ഉള്‍പ്പെടെ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തിയിട്ടുള്ളത്. സാമൂഹികവും സാംസ്‌കാരികവും മതപരവുമായ കാഴ്ചപ്പാടില്‍ രാജ്യത്തെ നയിക്കാനും വായിക്കാനുമുള്ള സമഗ്രമായ ഒരു വ്യവസ്ഥ ഇത് നല്‍കുന്നു. കാലത്തിനനുസരിച്ച് വികസിക്കാന്‍ കഴിയുന്ന രൂപത്തിലാണ് ഭരണഘടന രൂപപ്പെടുത്തിയത്

1946 ഡിസംബര്‍ ഒമ്പതു മുതല്‍ 1949 നവംബര്‍ 26 വരെ പ്രവര്‍ത്തിച്ച ഗവണ്‍മെന്റ് മിഷന്റെ കീഴില്‍ രൂപീകരിച്ച ഭരണഘടന നിര്‍മ്മാണ സഭക്കായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കാനുള്ള ചുമതല. ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കൃത്യം രണ്ടു വര്‍ഷവും 11 മാസവും 18 ദിവസവുമാണ് സഭയ്ക്ക് വേണ്ടി വന്നത്. ഒടുവില്‍ 1949 നവംബര്‍ 26ന് ഘടക സഭ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ച ഭരണഘടന അംഗീകരിക്കുകയും ചെയ്തു. 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു.

എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടന ദിനമായി ആചരിക്കുന്നു. എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുത് ഇന്ത്യയുടേതാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കു പിന്നില്‍ വലിയ കഠിനാധ്വാനമുണ്ട്.

70 വര്‍ഷങ്ങള്‍ക്കു മുന്‍പ് നവംബര്‍ 26, 1949 ഇന്ത്യന്‍ ഭരണഘടന നിര്‍മാണ സഭ നമ്മുടെ ഭരണഘടന അംഗീകരിച്ചു. 2015 മുതല്‍ ഈ ദിവസം ഭരണഘടന ദിനമായി രാജ്യം ആചരിക്കുന്നു. 'സംവിധാന്‍ ദിവസ്' എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഭരണഘടന പ്രാബല്യത്തില്‍ വന്ന് രണ്ടു മാസങ്ങള്‍ക്കുശേഷം, 1950 ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഭരണഘടന ദിനം

'ജനങ്ങള്‍ക്കിടയില്‍ ഭരണഘടനാ മൂല്യങ്ങള്‍' പ്രോത്സാഹിപ്പിക്കുന്നതിനായി നവംബര്‍ 26 ഭരണഘടന ദിനമായി ആചരിക്കാന്‍ 2015 മേയില്‍ കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചു. ഭരണഘടനയുടെ കരട് സമിതി ചെയര്‍മാന്‍ ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം ആഘോഷിച്ച വര്‍ഷമാണിത്.

അംബേദ്കറുടെ പാരമ്പര്യത്തില്‍ അവകാശവാദമുന്നയിക്കാനുള്ള നീക്കമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിനു പിന്നില്‍. സംഘ വിരുദ്ധ വ്യക്തികളായ ഭഗത് സിങ്, റാം മനോഹര്‍ ലോഹിയ അടക്കമുളളവരെ ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി ശ്രമിച്ചിരുന്നു.

2015 നവംബര്‍ 19ന്, നവംബര്‍ 26 ഭരണഘടന ദിനമായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനു മുന്‍പ് ഈ ദിവസം ദേശീയ നിയമ ദിനമായാണ് ആചരിച്ചുപോന്നിരുന്നത്. അംബേദ്കറായിരുന്നു ഇന്ത്യയുടെ ആദ്യത്തെ നിയമ ഭരണഘടന നിര്‍മാണ സഭ കരട് സമിതിയുടെ ചെയര്‍മാനായി ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

1946 ഡിസംബര്‍ 13ന് ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം 1947 ജനുവരി 22 ന് ഭരണഘടന ആമുഖമായി ഏകകണ്ഠമായി അംഗീകരിച്ചു. അംബേദ്കര്‍ അധ്യക്ഷനായി ഇന്ത്യന്‍ ഭരണഘടനയുടെ കരട് നിര്‍മാണ സമിതി (ഡ്രാഫ്റ്റിങ് കമ്മിറ്റി) 1947 ഓഗസ്റ്റ് 29ന് നിലവില്‍ വന്നു. ഇന്ത്യയ്ക്കായി കരട് ഭരണഘടന തയ്യാറാക്കുക എന്നതായിരുന്നു അവരുടെ ചുമതല.

ഭരണഘടന അംഗീകരിച്ച 1949 നവംബര്‍ 26ന്, ഭരണഘടനാ നിയമ നിര്‍മാണ സഭയുടെ അവസാന സമ്മേളനമായിരുന്നു. 284 അംഗങ്ങള്‍ ഒപ്പിട്ടതിന് ശേഷം അടുത്ത വര്‍ഷം ജനുവരി 26 മുതല്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ സ്വരാജ് പ്രമേയം 1930ല്‍ ജനുവരി 26ന് പ്രഖ്യാപിച്ചതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.

ഭരണഘടനയുടെ ആമുഖത്തില്‍ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ആശയങ്ങളമെല്ലാം രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന ഭരണഘടനയുടെ ഭാഗമാണിത്. മറ്റു രേഖകളില്‍ നിന്ന് വ്യത്യസ്തമായി അധികാരത്തെയും ഇന്ത്യന്‍ ഭരണഘടനയുടെ ഫിലോസഫിയും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അതിനോടൊപ്പം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ 1976ലെ 42ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസം ഒരു അടിസ്ഥാന തത്വമായി ഭരണഘടനയില്‍ സ്ഥാനം പിടിച്ചത്. അതുവരെ 'സോഷ്യലിസ്റ്റ്' എന്നപദം ഭരണഘടനയില്‍ ഒരിടത്തും ഉള്‍പ്പെടുത്തിയിരുന്നില്ല. എങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഭരണഘടനയിലെ 4ാം അധ്യായമായ നിര്‍ദ്ദേശക തത്വങ്ങളില്‍ പ്രകടമായിത്തന്നെ കാണാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1954ല്‍ പാര്‍ലമെന്റ് 'സോഷ്യലിസ്റ്റ് സാമൂഹിക ക്രമ'മെന്ന ആശയം ഒരു പ്രത്യേക പ്രമേയം വഴി അംഗീകരിച്ചത്. 42ാം ഭേദഗതിയോടു കൂടി സോഷ്യലിസം എന്ന അടിസ്ഥാനതത്വം പ്രത്യക്ഷമായിത്തന്നെ ഭരണഘടനയില്‍ സ്ഥാനം പിടിച്ചു.

മതത്തിന്റേയോ, ജാതിയുടെയോ, വര്‍ഗത്തിന്റെയോ പേരില്‍ രാഷ്ട്രം യാതൊരു വിധമായ വിവേചനവും കാണിക്കുകയില്ലെന്നും ഏതൊരു മതവിശ്വാസിക്കും തുല്യപരിഗണന ലഭിക്കുമെന്നുമാണ് മതേതര രാഷ്ട്രം എന്ന ആശയത്തില്‍ കൂടി ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. 1949ല്‍ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെട്ടപ്പോള്‍ അതിലൊരിടത്തും മതേതരത്വം എന്ന പദം ഉള്‍ക്കൊള്ളിച്ചിരുന്നില്ല. 42ാം ഭേദഗതി അനുസരിച്ച് ഭരണഘടനയുടെ പീഠികയില്‍ മതേതരത്വം എന്ന പദം കൂടി കൂട്ടിച്ചേര്‍ക്കുക വഴി ഈ നിലപാട് അസന്ദിഗ്ധമായി വ്യക്തമാക്കപ്പെടുകയും ചെയ്തു.

അഭിപ്രായ സ്വതന്ത്ര്യം, സഞ്ചാര സ്വതന്ത്ര്യം, സംഘടനാ സ്വതന്ത്യം, നിയമത്തിന് മുന്നില്‍ സമത്വം, നിയമത്തിന് തുല്യമായ സംരക്ഷണം, മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സാംസ്‌ക്കാരികവും വിദ്യാഭ്യാസപരവുമായ സ്വാതന്ത്ര്യം എന്നു തുടങ്ങി എല്ലാ അടിസ്ഥാന സ്വാതന്ത്ര്യങ്ങളും അടങ്ങിയതാണ് ഈ മൗലികാവകാശങ്ങള്‍. ഭരണഘടന ഈ അവകാശങ്ങളെ ഏഴ് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇതിലൊന്ന് ഭരണഘടനാപരമായ പരിഹാരങ്ങള്‍ തേടുന്നതിനുള്ള അവകാശമാണ്. ഇതനുസരിച്ച് മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് പരാതിയുള്ള ഏതൊരാള്‍ക്കും സുപ്രിം കോടതിയെ വരെ സമീപിക്കാവുന്നതും ലംഘിക്കപ്പെട്ട ഏതൊരു മൗലികാവകാശവും തിരിച്ചു കിട്ടാന്‍ നടപടിയെടുക്കാവുന്നതുമാണ്. മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇതെന്നാണ് ഡോ.അംബേദ്കര്‍ പ്രസ്താവിച്ചിട്ടുള്ളത്.

രാഷ്ട്രനയ നിര്‍ദ്ദേശക തത്വങ്ങള്‍ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായമാണ്. നിര്‍ദ്ദേശക തത്വങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിലെ അവശതയനുഭവിക്കുന്ന സാധാരണക്കാരന്റെ ഒരു പുതിയ മാഗ്‌നാകാര്‍ട്ടയും സാമ്പത്തിക സ്വാതന്ത്ര്യങ്ങളുടെ അവകാശ സംഹിതയുമായി തന്നെയായി കണക്കാക്കാം.

സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാനശിലയാണ്. സ്വതന്ത്രമായ നീതിന്യായ പരിപാലനം ഒരു ഗവണ്മെന്റിന്റെ മുഖ്യ ചുമതലയുമാണ്. നീതിന്യായ വ്യവസ്ഥയെ സ്വതന്ത്രമാക്കുന്നതിന് ഭരണഘടന ആദ്യമായി ചെയ്തിട്ടുള്ളത് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുന്നതിന് ഒരു അതിര്‍വരമ്പ് ഭരണഘടനയില്‍ തന്നെ സൃഷ്ടിച്ചതാണ്.

ആധുനിക ഭരണഘടനാ തത്വങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫെഡറല്‍ സമ്പ്രദായം. ഇന്ത്യന്‍ ഭരണഘടന ഫെഡറലിസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സംസ്ഥാനങ്ങള്‍ക്ക് മതിയായ അധികാരങ്ങളും ചുമതലകളും ഭരണാഘടനാപരമായിത്തന്നെ നല്‍കപ്പെട്ടിരിക്കുന്നു. ക്യാബിനറ്റ് ഭരണ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവവിശേഷത എക്‌സിക്യൂട്ടീവിന് നിയമസഭയോടുള്ള പരിപൂര്‍ണവും അനുസ്യൂതവുമായ ഉത്തരവാദിത്തമാണ്. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷ് ക്യാബിനറ്റ് സമ്പ്രദായം മുഴുവനായും ഒരു അടിസ്ഥാന പ്രമാണമായി അംഗീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ക്യാബിനറ്റ് സമ്പ്രദായം കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രമന്ത്രിസഭയില്‍ പ്രധാനമന്ത്രി എന്ന പോലെ ഒരോ സംസ്ഥാനങ്ങളിലും മന്ത്രിസഭയുടെ തലവനായി മുഖ്യമന്ത്രിയുമുണ്ട്.

368ാം വകുപ്പ് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം കേന്ദ്രത്തിന് നല്‍കുന്നു. രാഷ്ട്ര താല്‍പര്യത്തിനതീതമായി സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ഭരണഘടന പല തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. 42ാം ഭരണഘടനാ ഭേദഗതിയില്‍പെട്ട് പാര്‍ലമെന്റിന്റെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നത് ആറു വര്‍ഷമായി നീട്ടിയത് അതിലൊന്നായിരുന്നു. ഭരണഘടനയ്ക്ക് ഇതിനകം 114 ഭേദഗതികളാണ് പാസാക്കപ്പെട്ടിട്ടുള്ളത്.

നമ്മുടെ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ ഈ അവസരത്തില്‍ ഗൗരവമായി കാണേണ്ടതാണ്. കടുത്ത ജാതി വ്യവസ്ഥയും അതിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങളും രാജ്യത്തെത്തന്നെ അലട്ടുന്നവയാണ്. ജാതിമത ശക്തികള്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു മാത്രമല്ല വന്‍ രാഷ്ട്രീയ സ്വാധീനവും ജനങ്ങളില്‍ ചെലുത്തിവരികയാണ്. വര്‍ഗജാതി സംഘട്ടനങ്ങളും ഇവിടെ ദിനംപ്രതി വര്‍ധിക്കുകയാണ്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടെങ്കിലും ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രാദേശിക പ്രശ്‌നങ്ങളും രാജ്യത്ത് വര്‍ധിച്ചു വരികയാണ്.

ഇതിന്റെ അനിവാര്യഫലമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും ജനങ്ങളുടെ അസംതൃപ്തിയും വ്യാപകമാവുകയാണ്. സോഷ്യലിസം ഭരണഘടനയില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബഹുഭൂരിപക്ഷവും സ്വകാര്യവത്കരിക്കപ്പെട്ടിരിക്കുകയാണ്.

ഭരണഘടന പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുള്ള ജുഡീഷ്യറിയില്‍ കടന്നുകയറ്റം നടത്താനുള്ള ശ്രമമാണ് കേന്ദ്ര ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഉന്നത ജുഡിഷ്യല്‍ നിയമനങ്ങള്‍ക്കായി നിലവിലുണ്ടായിരുന്ന കൊളീജിയത്തിന് പകരം നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. സുപ്രിംകോടതി ഈ നിയമം അസാധുവാക്കുകയും പഴയ കൊളീജിയം സമ്പ്രദായം തുടരാന്‍ തീരുമാനിച്ചതും രാജ്യത്തെ ജുഡിഷ്യറിയും ഏക്‌സിക്യൂട്ടീവും തമ്മിലുള്ള സംഘര്‍ഷത്തിനും വഴിവച്ചിട്ടുണ്ട്.

വ്യക്തികളുടെ പൗരാവകാശങ്ങള്‍ തടയുന്നതിനായി നിലവിലുള്ള കരുതല്‍ തടങ്കല്‍ നിയമത്തെക്കൂടാതെ പൗരാവകാശങ്ങള്‍ നിഷേധിക്കാനായി പുതിയ പുതിയ നിയമങ്ങള്‍ ഓരോന്നായി കേന്ദ്രവും, ആ പാത പിന്‍തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളും പാസാക്കി എടുക്കുകയാണ്. ഇത് ഭരണഘടനാ സ്പിരിറ്റിന് തികച്ചും കടകവിരുദ്ധമായിട്ടുള്ളതാണ്ജാതിയുടെയും, മതത്തിന്റെയും പേരില്‍ വംശഹത്യ ശ്രമിക്കുന്ന സംഘപരിവാര്‍ സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്.

കരിനിയമങ്ങള്‍,വിചാരണ തടവുകാര്‍ ഭക്ഷണത്തില്‍ പോലും വര്‍ഗീയ വിഷം പുരട്ടുന്ന ഫാസിസത്തോട് നമുക്ക് നമ്മുടെ ഭരണഘടനയെ സംരക്ഷിച്ചേമതിയാകൂ. അതിനുവിശാലമായ ജനകീയ ഐക്യമാണ് ഈ ഭരണഘടനാ ദിനത്തില്‍ കാലഘട്ടം ആവശ്യപ്പെടുന്നത്. കര്‍ഷക സമരം പോലും നമ്മുടെ മുന്നില്‍ തെളിവാണ്. ഇപ്പോഴും സഹന സമരങ്ങള്‍ വിജയിക്കുന്ന ഇന്ത്യയാണ് നമ്മുടേത.

Next Story

RELATED STORIES

Share it