Articles

കേരളവും ഹിന്ദുത്വ രാജ്യത്തിന് പരവതാനി വിരിക്കുകയാണ്

അന്തിമമായി അക്രമകാരികള്‍ തളക്കപ്പെടും. നീതി പുലരുന്ന, സത്യവും സ്വാതന്ത്ര്യവും കളിയാടുന്ന പുതിയൊരിന്ത്യ ഉദയം കൊള്ളും. അതിനായ് ആദ്യം നടന്നവരെ ചരിത്രത്തിലും അല്ലാഹുവിന്റെ അടുത്തും രേഖപ്പെടുത്തപ്പെടും. അവരുടെ സഞ്ചാര-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ തടയപ്പെടും. സാധാരണ യാത്രകളും ഇടപാടുകളും കുറ്റകരമായി മാറും. അവര്‍ക്കുവേണ്ടി ഭീകരനിയമങ്ങളും തടവറകളും തയ്യാറാക്കപ്പെടും. അവര്‍ രക്തസാക്ഷ്യത്താല്‍ ചെഞ്ചായമണിയും. അവര്‍ക്ക് വേണ്ടി മാലാഖമാര്‍ വിരുന്നൊരുക്കും. അവര്‍ ചരിത്രത്തിന് മുമ്പേ നടന്നവര്‍. അവര്‍ക്ക് സര്‍വ മംഗളങ്ങളും...!.

കേരളവും ഹിന്ദുത്വ രാജ്യത്തിന് പരവതാനി വിരിക്കുകയാണ്
X

സി പി മുഹമ്മദ് ബഷീര്‍


ആര്‍എസ്എസ് ലക്ഷ്യം വച്ച ഹിന്ദുത്വ രാഷ്ട്രത്തിന്റെ എല്ലാ ഭാവങ്ങളും ഭരണകൂടം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനത്തിലാണ് നാമുള്ളത്. ഹിന്ദുത്വ രാഷ്ട്രം എന്ന ഔദ്യോഗിക പ്രഖ്യാപനമൊഴികെയുള്ളതെല്ലാം അവര്‍ പൂര്‍ത്തിയാക്കുകയാണ്. ഒരു നൂറ്റാണ്ട് മുമ്പേ മുസ് ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തി നടത്തിവന്ന വിദ്വേഷ പ്രചാരണങ്ങളുടേയും കലാപങ്ങളുടേയും വിളവെടുപ്പാണ് ഇപ്പോള്‍ അവര്‍ നടത്തുന്നത്. ഇന്ത്യന്‍ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളില്‍ ആര്‍എസ്എസ് സൂക്ഷ്മമായി നടപ്പിലാക്കിയ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ അനന്തര ഫലമാണിത്. ഒരേസമയം ബ്രിട്ടീഷ് സര്‍ക്കാറിനോട് മാപ്പ് പറഞ്ഞും ദേശീയപ്രസ്ഥാനത്തില്‍ പരകായ പ്രവേശം നടത്തിയും തങ്ങളുടെ ഹിന്ദുത്വ അജണ്ട തന്ത്രപൂര്‍വം വിപുലപ്പെടുത്തുകയാണവര്‍ ചെയ്തത്. അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇടത്-സോഷ്യലിസ്റ്റ് കക്ഷികളോട് ചേര്‍ന്ന് സാമൂഹികാംഗീകാരം നേടിയെടുക്കാനും അവര്‍ ശ്രമിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ കീഴ്‌പ്പെടുത്തി അധികാരാരോഹണം ഉറപ്പാക്കി. ഒടുവില്‍ പ്രയോഗത്തില്‍ ഹിന്ദുത്വ രാഷ്ട്രം നിലവില്‍ വന്നിരിക്കുന്നു. ഭരണഘടന മാറാതെ തന്നെ ഇന്ത്യ 'രാമരാജ്യ'മായി മാറും. അതിന്റെ തറക്കില്ലിടലാണ് മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി പൂജാ കര്‍മങ്ങളോടെ ഫൈസാബാദിലെ ബാബരി ഭൂമിയില്‍ നടത്തിയത്. അതേ രീതിയില്‍ തന്നെ രാമരാജ്യത്തെ പാര്‍ലമെന്റിനും തറക്കല്ലുമിട്ടിരിക്കുന്നു. ഇപ്പോള്‍ ബിജെപി മാത്രമല്ല; മറ്റെല്ലാ പ്രഖ്യാപിത മതേതര പാര്‍ട്ടികളും ഹിന്ദുത്വ ഭൂമികയിലാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിക്ക് ബാലികേറാമലയായി കരുതപ്പെട്ടിരുന്ന കേരളവും ഹിന്ദുത്വ രാജ്യത്തിന് പരവതാനി വിരിക്കുകയാണ്.

സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പേ തന്നെ ആര്‍എസ്എസ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ശാഖകള്‍ ഉള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിട്ട് കൊല്ലങ്ങളായി. കേരളത്തിലെ ജാതിസാമുദായിക-ഇടത്-പുരോഗമന സംഘടനകള്‍ക്കിടയില്‍ അദൃശ്യമായി പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. മാറിയ ദേശീയ സാഹചര്യത്തില്‍ ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ കേരളത്തിലെ മുന്നണികള്‍ തമ്മില്‍ ഇപ്പോള്‍ നടത്തുന്ന വിഴുപ്പലക്കല്‍ അശ്ലീല കാഴ്ചയാണ്. കോ-ലീ-ബി സഖ്യം നേരത്തെ തന്നെയുള്ള യാഥാര്‍ഥ്യമാണ്. അതിപ്പോഴും സജീവമാണെന്നാണ് ഈ തിരഞ്ഞെടുപ്പ് അനുഭവവും വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ കൂട്ടിലായിരുന്നു ആര്‍എസ്എസ് വര്‍ഗീയതയുടെ മുട്ടയിട്ടിരുന്നത്. കോണഗ്രസിന് പുറമെ ഇടത് ക്യാംപുകളിലൂടെയും അവര്‍ അത് വിരിയിച്ചെടുത്തു. ജനസംഘ കാലം മുതലേ ഈ ബന്ധം നടന്നു വരുന്നുണ്ട്. ശരീഅത്ത് വിവാദത്തിലൂടെ മുസ് ലിം വിരുദ്ധതയ്ക്കും ഏകീകൃത സിവില്‍ കോഡിനും ആശയ പരസരം ഒരുക്കിക്കൊടുത്തത് സിപിഎമ്മാണ്. കണ്ണൂരിലെ ആര്‍എസ്എസ് ആയുധപരിശീലനത്തിന് പരസ്പര ധാരണയില്‍ പരിരക്ഷ ഉറപ്പുവരുത്താന്‍ മധ്യസ്ഥം വഹിച്ചത് ശ്രീ എം തന്നെ തുറന്നു പറഞ്ഞല്ലോ. അതിന് ശ്രീ എമ്മിന് കൊടുത്ത പ്രതിഫലമാണ് തലസ്ഥാനത്തെ നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി.

ശക്തമായ മഴയത്ത് ആളുകള്‍ ഇറയത്ത് നില്‍ക്കുന്നത് അവിടെ സ്ഥിരവാസത്തിനല്ലെന്നും മഴ തോര്‍ന്നാല്‍ അവിടെ നിന്നിറങ്ങി ലക്ഷ്യത്തിലേക്ക് അവര്‍ പോവുമെന്നും പണ്ടൊരു ആര്‍എസ് എസ് ദേശീയ നേതാവ് പറഞ്ഞത് ആര്‍എസ്എസുകാരുടെ ഇടത്താവളങ്ങളെ സൂചിപ്പിക്കാനായിരുന്നു. കേരളം പാകപ്പെട്ടു എന്ന് ഇപ്പോള്‍ തോന്നിയപ്പോഴാണ് ഇടത്-വലത് മുന്നണികളുടെ ഇറയത്ത് നിന്ന് അവര്‍ ഇറങ്ങിവരുന്നത്. സംഘപരിവാറും കാവി ക്രിസ്ത്യാനികളും മുസ് ലിംകള്‍ക്കെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ കള്ളമാണെന്നറിഞ്ഞിട്ടും കേരളത്തിലെ ഇരു മുന്നണികളും കണ്ണുപൊത്തി കളിക്കുകയാണ്. ഇന്ത്യന്‍ മുസ് ലിംകള്‍ അഭിമാനകമായ രാഷ്ട്രീയശാക്തീകരണം നടത്തിയാല്‍ മാത്രമേ പ്രഖ്യാപിത മതേതരക്കരുടെ പിത്തലാട്ടം അവസാനിക്കുകയുള്ളൂ. ഇപ്പോള്‍ നടക്കുന്ന ആ രാഷ്ട്രീയ ശ്രമം പോലും അരനൂറ്റാണ്ട് പിന്നിലാണ്.

ഉരുത്തിരിഞ്ഞ് വരുന്ന ഹിന്ദുത്വ ഇന്ത്യയില്‍ മുസ് ലിം രാഷ്ട്രീയ ശാക്തീകരണത്തിന്റെ സാധ്യത പരീക്ഷിച്ചറിയേണ്ടിവരുമെങ്കിലും സാധ്യമായ ശ്രമം നടത്തിയേ പറ്റൂ. മുത്വലാഖ് ബില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യല്‍ എന്നിവ നടപ്പാക്കിയ പോലെ ഏകീകൃത സിവില്‍ കോഡും നാപ്പിലാക്കുമെന്നാണ് അമിത്ഷാ പറയുന്നത്. ഇന്ത്യന്‍ മുസ് ലിംകള്‍ ആസന്നമായ ഒരു വംശഹത്യയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര സംഘടനയായ 'genocide watch' ന്റെ സ്ഥാപക പ്രസിഡന്റ് Dr Gregory stanton അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്‍പിആര്‍-എന്‍ആര്‍സി നടപ്പിലാവുന്നതോടെ ഉന്മൂലന പ്രക്രിയക്കുള്ള ഗ്രീന്‍ സിഗ്‌നല്‍ ഉയരും. തിരഞ്ഞെടുത്ത എന്‍ജിഒകള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നതിനുള്ള ഉത്തരവ് ഇതോടു ചേര്‍ത്ത് വായിക്കണം. കലാപത്തിനിറങ്ങുന്ന ആര്‍എസ്എസുകാര്‍ക്ക് രാജ്യത്തെ സൈന്യത്തിന്റെ നിയമപരിരക്ഷ ഉറപ്പാക്കാനുള്ള നീക്കമാണത്.

ഇന്ത്യന്‍ മുസ് ലിംകള്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് പ്രവേശിക്കുന്നത്. വംശഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സമുദായം എന്ന നിലയില്‍ മുസ് ലിംകളോ അവരുടെ നേതാക്കളോ ഗൗരവപൂര്‍ണമായ നിലപാടുകള്‍ എടുത്തതായോ പദ്ധതികള്‍ ആവിഷ്‌കരിച്ചതായോ നാം കാണുന്നില്ല. തങ്ങളുടെ സ്വച്ഛന്ദമായ ജീവിതത്തെ തകിടംമറിക്കുന്ന വിധം ഫാഷിസം അണിയറയില്‍ നടത്തുന്ന ഒരുക്കങ്ങളെ ഭൂരിപക്ഷം ആളുകളും അലസമായാണ് സമീപിക്കുന്നത്. ഫാഷിസ്റ്റുകള്‍ നടത്തുന്ന പ്രോപഗണ്ടകളിലൂടെ സ്ഥാപിച്ചെടുത്ത ഹിന്ദുത്വ ഭൂമികയിലാണ് അറിഞ്ഞോ അറിയാതെയോ രാജ്യത്തെ പ്രതിപക്ഷ കക്ഷികളിലും മുസ് ലിം സമുദായത്തിലുമുള്ള ചിലര്‍ പ്രവര്‍ത്തിക്കുന്നത്. സംഘപരിവാരത്തെ അലോസരപ്പെടുത്താതെ സമുദായത്തെ രക്ഷപ്പെടുത്താം എന്ന് കരുതുന്ന അത്ര നിഷ്‌കളങ്കരല്ലാത്ത ആളുകളുമുണ്ട്. ആര്‍എസ്എസിന്റെ കൂടെ ചേര്‍ന്നുനിന്ന് കാര്യം നേടാമെന്ന് കരുതുന്നത് ഏതാനും അബ്ദുല്ലക്കുട്ടിമാര്‍ മാത്രമല്ല; അന്വേഷണ ഏജന്‍സികളെ പേടിച്ച് പാവക്കൂത്ത് ആടുന്ന പലരുമുണ്ട് അക്കൂട്ടത്തില്‍. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഏകദൈവ വിശ്വാസമാണെന്ന് ആര്‍എസ്എസ്സിന്റെ അഞ്ചാം സര്‍ സംഘചാലക് ആയിരുന്ന കെ എസ് സുദര്‍ശന്‍ പറഞ്ഞത് മറയില്ലാതെയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാന്‍ അത് ധാരാളം മതി. ഭയപ്പെട്ട് ജയ്ശ്രീറാം വിളിക്കുക മാത്രമല്ല; വിശ്വാസം തന്നെ ഉപേക്ഷിക്കാന്‍ നിബന്ധിക്കുന്ന സാമൂഹിക സാഹചര്യമാണ് നിലവിലുള്ളത്.

അത്തരം ശക്തമായ സമ്മര്‍ദവും ഭീഷണിയും ഇല്ലാതെ തന്നെ ഇപ്പോള്‍ ചില നേതാക്കള്‍ക്ക് ശിര്‍ക്കിന്റെ വചനം ഉച്ചരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിത്വം മാത്രം ലഭിച്ചാല്‍ മതി. മനുഷ്യര്‍ക്ക് നീതിയും സ്വാതന്ത്ര്യവും അഭിമാനവും ഉറപ്പുവരുത്തുന്ന ഒരു ആശയവും കര്‍മപദ്ധതിയും കൈവശമുള്ളവരാണ് മുസ് ലിംകള്‍. അതിജീവനത്തിന് അല്ലാഹുവിന്റെ അടിയാറുകള്‍ക്ക് അത് ധാരാളം. ഇമാം മാലിക്(റ) പറഞ്ഞത് വളരെ പ്രസക്തമാണ് 'മുസ് ലിം ഉമ്മത്തിലെ ആദ്യഭാഗം ഏതൊന്ന് കൊണ്ട് ശരിയായോ അതുകൊണ്ട് മാത്രമേ അതിന്റെ അവസാന ഭാഗവും ശരിയാവുകയുള്ളൂ'. ആദ്യതലമുറ വിശ്വാസത്താല്‍ പ്രചോദിതരായിരുന്നു. ആ വിശ്വാസം അവര്‍ക്ക് മൂല്യവും സ്വാതന്ത്ര്യവും നല്‍കി. നശ്വരനും നിസ്സാരനും പരിമിതനുമായ മനുഷ്യന്റെ സ്വത്വത്തെ, അനാദിയും അനശ്വരനും പ്രപഞ്ചത്തിന്റെ കാരണവുമായ കേവല സത്തയുമായി വിശ്വാസം ബന്ധിപ്പിക്കുന്നു. അതുവഴി അടിമത്തത്തിന്റെയും ദൈവത്വത്തിന്റെയും സ്ഥാനങ്ങള്‍ സുവ്യക്തമായി വേര്‍തിരിയുന്നു. വിശ്വാസം മനസ്സിലുറക്കുന്നതോടെ ആത്മപ്രചോദനത്താല്‍ അവിടെ ഒരു ചലനം സൃഷ്ടിക്കുന്നു. അതിന് ഹൃദയത്തില്‍ നിശ്ചലം അടങ്ങിയിരിക്കാനാവില്ല. ജ്വലിക്കുന്ന സല്‍കര്‍മ്മമായി അത് പുറത്തുവരുന്നു. പ്രവര്‍ത്തനത്തിനൊപ്പമായിരിക്കും അവരുടെ പ്രാര്‍ത്ഥന. മനുഷ്യചരിത്രം അവന്റെ ജയപരാജയങ്ങളുടെ ആകെത്തുകയാണ്. അന്തിമമായി വിജയ പരാജയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നവന്‍ സൃഷ്ടാവ് മാത്രമാണ്. മനുഷ്യ ജീവിതത്തിലെ മുഴുവന്‍ സംഭവങ്ങളും 'കാല'ത്തിന്റെ കണ്ണികളില്‍ ഒതുങ്ങി നില്‍ക്കുന്നവയത്രെ.

കാലത്തെ സാക്ഷി നിര്‍ത്തി അല്ലാഹു പറയുന്നു.!. 'കാലം സാക്ഷി! മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ്. സത്യവിശ്വാസികളാവുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യവും സഹനവും പരസ്പരം ഉപദേശിക്കുകയും ചെയ്തവര്‍ ഒഴികെ(വി.ഖുര്‍ആന്‍.103). വിശ്വാസകര്‍മ്മങ്ങള്‍ക്കൊപ്പം 'ഹഖും സ്വബ്‌റും പരസ്പരം ഉപദേശിക്കുക' എന്ന് പറഞ്ഞതില്‍ നിന്നും, വ്യതിരിക്തമായ അസ്തിത്വവും സവിശേഷമായ സ്വഭാവവും ഏകീകൃത ലക്ഷ്യവുമുള്ള മുസ് ലിം സമൂഹത്തിന്റെ ചിത്രം തെളിഞ്ഞു വരുന്നുണ്ട്. ഹഖ് എന്നാല്‍ സത്യം, യാഥാര്‍ത്ഥ്യം അവകാശം, കടമ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. പരമമായ സത്യത്തെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തോട് ചേര്‍ത്ത് ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സംഘടിതമായ ശ്രമം ഉണ്ടാവണമെന്നാണ് അതിന്റെ താല്‍പര്യം. ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ പുതിയ മുന്നേറ്റങ്ങള്‍ ശക്തിപ്പെട്ടുവരണം. അവര്‍ അനുഷ്ഠാനങ്ങളില്‍ അഭിരമിക്കുന്നവര്‍ ആയിരിക്കില്ല. ആ മുന്നേറ്റത്തില്‍ സമര്‍പ്പിതരായ വിശ്വാസികളും അവര്‍ക്ക് വിശ്വസിക്കാവുന്ന പ്രാപ്തരായ നേതൃത്വവും ഉണ്ടാവണം. സത്യത്തിന്റെ സ്ഥിരീകരണവും അതിനു വേണ്ടിയുള്ള പോരാട്ടവും സ്വബ്‌റിനെ അനിവാര്യമാക്കും. അത് പരസ്പരം ശക്തിപ്പെടുത്തും. ഓരോ കാലഘട്ടത്തിലും ഇത്തരം മുന്നേറ്റങ്ങള്‍ ഉണ്ടായി വരും.

ഉത്തരവാദിത്തം കൈയൊഴിഞ്ഞ ജീര്‍ണിച്ച ആല്‍ക്കൂട്ടങ്ങള്‍ക്ക് നിലനില്‍പ്പിനും അതിജീവനത്തിനുമുള്ള അര്‍ഹത നഷ്ടപ്പെടും. മറ്റൊരു കൂട്ടര്‍ക്ക് അല്ലാഹു അവസരം നല്‍കും. അവര്‍ക്ക് അവലംബം അല്ലാഹു മാത്രമായിരിക്കും. അവരെ അല്ലാഹു അവന്റെ സ്‌നേഹത്താല്‍ വലയം ചെയ്യുകയും അവരോടുള്ള സംരക്ഷണക്കരാര്‍ അവന്‍ പാലിക്കുകയും ചെയ്യും. പോരാളികള്‍ അവനില്‍ സംതൃപ്തരുമായിരിക്കും. അവരെ പ്രസക്തമാക്കുന്ന, നിലനില്‍പ്പിനുള്ള അര്‍ഹത ഉറപ്പ് വരുത്തുന്ന അവരുടെ സവിശേഷതകള്‍ അല്ലാഹു പറയുന്നുണ്ട്. 'സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് ശൗര്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു...' (ഖുര്‍ആന്‍ 5:54). അവരുടെ മാര്‍ഗം പ്രതിസന്ധികള്‍ നിറഞ്ഞതാണ്. അവര്‍ അക്രമകാരികളുടെ തേര്‍വാഴ്ചയെ ചോദ്യം ചെയ്യും. അപ്പോള്‍ വേദനകളും നഷ്ടങ്ങളും ഏകപക്ഷീയമായിരിക്കില്ല. അങ്ങിനെ അന്തിമമായി അക്രമകാരികള്‍ തളക്കപ്പെടും. നീതി പുലരുന്ന, സത്യവും സ്വാതന്ത്ര്യവും കളിയാടുന്ന പുതിയൊരിന്ത്യ ഉദയം കൊള്ളും. അതിനായ് ആദ്യം നടന്നവരെ ചരിത്രത്തിലും അല്ലാഹുവിന്റെ അടുത്തും രേഖപ്പെടുത്തപ്പെടും. അവരുടെ സഞ്ചാര-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ തടയപ്പെടും. സാധാരണ യാത്രകളും ഇടപാടുകളും കുറ്റകരമായി മാറും. അവര്‍ക്കുവേണ്ടി ഭീകരനിയമങ്ങളും തടവറകളും തയ്യാറാക്കപ്പെടും. അവര്‍ രക്തസാക്ഷ്യത്താല്‍ ചെഞ്ചായമണിയും. അവര്‍ക്ക് വേണ്ടി മാലാഖമാര്‍ വിരുന്നൊരുക്കും. അവര്‍ ചരിത്രത്തിന് മുമ്പേ നടന്നവര്‍. അവര്‍ക്ക് സര്‍വ മംഗളങ്ങളും...!. 'മുന്നേറിയവര്‍ മുമ്പന്‍മാര്‍ തന്നെ. അവര്‍ സുഖനുഭൂതികളുടെ സ്വര്‍ഗങ്ങളില്‍ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവര്‍. പൂര്‍വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും പില്‍ക്കാരക്കാരില്‍ നിന്ന് കുറച്ച് പേരുമാണവര്‍'(ഖുര്‍ആന്‍ 56:1014).

(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Kerala is also spreading the carpet for the Hindutva nation

Next Story

RELATED STORIES

Share it