Articles

വിഗ്രഹഭഞ്ജകന്റെ ബലി

വിഗ്രഹഭഞ്ജകന്റെ ബലി
X

സി പി മുഹമ്മദ് ബഷീര്‍

സംസ്‌കാരങ്ങളുടെ പിതാവായ അബ്രഹാം എന്ന ഇബ്രാഹിം നബി മാനവതക്ക് ആരാണ്? ഇബ്‌റാഹിമീ പാരമ്പര്യം അവകാശപ്പെടുന്നവരില്‍ നിന്നും കാലം ആവശ്യപ്പെടുന്നതെന്താണ്? ഇബ്രാഹിം എന്തിനാണ് പിതാവിനെയും കുടുംബങ്ങളെയും വെറുപ്പിച്ചത്?

സമൂഹത്തെ ശത്രുവാക്കിയത്? വൈവിധ്യമാര്‍ന്ന മഴവില്‍സമൂഹത്തില്‍ വിഗ്രഹഭഞ്ജനം നടത്തി സൗഹൃദം തകര്‍ത്തത്? നമ്രൂദിനെ പ്രകോപിപ്പിച്ച് എന്തിന് ശത്രുവാക്കി?

അധികാരശക്തികളെ അലോസരപ്പെടുത്താതെ ജീവിച്ചാല്‍ എന്തെല്ലാം സംരക്ഷിക്കാമായിരുന്നു! പൗരോഹിത്യത്തിന്റെ മേല്‍വിലാസത്തില്‍ ആസറിന്റെ പൊന്നുമോന് എന്തെല്ലാം നേടാമായിരുന്നു!

നാട്ടുകാര്‍ക്ക് സര്‍വ്വസമ്മതനായ തന്നെ പോറ്റിവളര്‍ത്തിയ പിതാവിനെ ധിക്കരിച്ചതെന്തിന്?

തറവാടിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ അരുതായ്മകളെല്ലാം സുന്ദരമായി വെളുപ്പിച്ചെടുക്കാമായിരുന്നില്ലേ?

വിശ്വാസം മനസ്സില്‍ ഒളിപ്പിച്ച്‌വച്ച് വിഗ്രഹപ്രതിഷ്ഠകളോട് സഹകരിച്ചാല്‍ മാനവസൗഹൃദത്തിന്റെ തേരാളിയാവാമായിരുന്നു.

എല്ലാം കളഞ്ഞുകുളിച്ച് അവസാനം കയ്യിലിരിപ്പ് കൊണ്ട് കത്തിയാളുന്ന തീയിലേക്ക് എടുത്തെറിയപ്പെടാതെ ശ്രദ്ധിക്കാമായിരുന്നു.

അങ്ങിനെയൊന്നും ചെയ്യാന്‍ ഇബ്രാഹിം നബിക്ക് കഴിയുമായിരുന്നില്ല. കാരണം അദ്ദേഹം നിഷ്‌കളങ്കനായി അല്ലാഹുവിന് കീഴ്‌പ്പെട്ടവനായിരുന്നു.

അല്ലാഹുവിന്റെ ആത്മമിത്രമായിരുന്നു. അല്ലാഹുവിന് സമര്‍പ്പിച്ച ഒരു ഉമ്മത്തായിരുന്നു.

വിശ്വാസികളോട് അദ്ദേഹത്തിന്റെ മാര്‍ഗത്തെ നിഷ്‌കളങ്കമായി പിന്തുടരാന്‍ അല്ലാഹു കല്പിച്ചിരിക്കുന്നു. ചരിത്രത്തിന്റെ ദശാസന്ധിയില്‍ അല്ലാഹു അദ്ദേഹത്തെ മനുഷ്യര്‍ക്ക് നേതാവായി തിരഞ്ഞെടുത്തു.

ഇമാമിന്റെ ജീവിതംതന്നെ ബലിയായിരുന്നു. ആറ്റുനോറ്റ് ലഭിച്ച ഇസ്മായീലിനെ അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി ബലിയര്‍പ്പിക്കാന്‍ സന്നദ്ധനാവുന്നത് ബലിയുടെ പൂര്‍ണതയാണ്.

നമ്മുടെ ജീവിതത്തെയും ഇസ്മാഈല്‍മാരേയും ബലിയര്‍പ്പിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നതെന്താണ്?

'ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂട്ടുകാരിലും നിങ്ങള്‍ക്ക് വിശിഷ്ടമായ മാതൃകയുണ്ട്. എന്തെന്നാല്‍ അവര്‍ സ്വജനത്തോട് തുറന്ന് പ്രഖ്യാപിച്ചു: നിങ്ങളില്‍ നിന്നും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിച്ച് കൊണ്ടിരിക്കുന്നവയില്‍ നിന്നും ഞങ്ങള്‍ തികച്ചും മുക്തരാവുന്നു. ഞങ്ങള്‍ നിങ്ങളെ നിഷേധിച്ചിരിക്കുന്നു. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി നമുക്കിടയില്‍ ശത്രുതയും വിദ്വേഷവുമുളവാകുകയും ചെയ്തിരിക്കുന്നു. ഇബ്രാഹിം തന്റെ പിതാവിനോട് ഇപ്രകാരം പറഞ്ഞതൊഴികെ.

'തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് എന്തെങ്കിലും നേടിത്തരുക എന്നത് എന്റെ കഴിവില്‍ പെട്ടതല്ല..'

(അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിന്നിലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് ഞങ്ങളുടെ തിരിച്ചുവരവ്.

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും'-(ഖുര്‍ആന്‍ 60: 4,5)

തൗഹീദും ശിര്‍ക്കും ഈമാനും കുഫ്‌റും രണ്ട് സമാന്തരരേഖകളായി തുടര്‍ന്നുകൊണ്ടിരിക്കും. മനുഷ്യചരിത്രമെന്നത് ഹഖും ബാത്വിലും തമ്മിലുള്ള സംഘട്ടനങ്ങളുടെ ചരിത്രമാണ്.

സത്യവും അസത്യവും കൂടിക്കലരുന്ന സത്യാനന്തരകാലത്ത് സത്യത്തോടൊപ്പം നിലകൊള്ളേണ്ട വിശ്വാസികള്‍ക്ക് മാതൃക പ്രവാചകന്മാരുടെ പിതാവായ ഇബ്രാഹിം നബി തന്നെയാണ്.

ശിര്‍ക്കിന്റെ സംഘടിതശക്തി നമ്മുടെ രാജ്യത്തെ ഏതാണ്ട് പൂര്‍ണ്ണമായി കീഴ്‌പ്പെടുത്തിയിരിക്കുന്നു. നമ്രൂദിന്റെ അഗ്‌നികുണ്ഠങ്ങള്‍ രാജ്യത്തുടനീളം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യം തുറന്ന ജയിലായി മാറിക്കൊണ്ടിരിക്കുന്നു.

ഇനി വിശ്വാസികളുടെ ഊഴമാണ്. ഇബ്രാഹിമിന്റെ അനന്തരാവകാശികളുടെ ഊഴം.

സത്യനിഷേധികളാല്‍ പരീക്ഷിക്കരുതേ എന്ന പ്രാര്‍ത്ഥനക്കൊപ്പം നമ്മുടെ ഇസ്മാഈലുമാരെയും ജീവിതത്തെ തന്നെയും ബലിയര്‍പ്പിക്കാന്‍ സമയമായി. ആത്മാവ് നഷ്ടപ്പെട്ട് വെറും കശാപ്പ് മാത്രമായി മാറിയ ബലിയെ അതിന്റെ തനിമയില്‍ തിരിച്ചു പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ദൈവത്തിന്റെ ഏകത്വവും മാനവതയുടെ ഏകതയും വിളംബരം ചെയ്യുന്ന ഹജ്ജിന്റെ സന്ദേശവും, ഏത് പ്രകോപനത്തിനും പ്രലോഭനത്തിനും ഭയപ്പെടുത്തലിനും വിധേയമാകാത്ത ഇബ്രാഹിമിന്റെ സമര്‍പ്പണജീവിതവും നമുക്ക് മാതൃകയാക്കാം.

ഏവര്‍ക്കും ഹൃദ്യമായ ബലിപെരുന്നാള്‍ ആശംസകള്‍.

Next Story

RELATED STORIES

Share it