- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തേജസ്: കശ്മീരിനെക്കുറിച്ച് കള്ളം പറയാതിരുന്ന പത്രം
മുഹമ്മദ് സാബിത്
തേജസ് പത്രം പ്രസിദ്ധീകരണം നിര്ത്തുന്നുവെന്നത് ഖേദകരമാണ്. വ്യത്യസ്ത ശബ്ദങ്ങള്ക്ക് ഇടം നല്കുമ്പോഴാണ് ജനാധിപത്യം ശക്തമാവുന്നത്. അധീശത്വ-ഭൂരിപക്ഷ നിലപാടുകള്ക്കു മാത്രം അതിജീവിക്കാനുള്ള അവസരം നല്കുന്ന സമൂഹങ്ങളും സര്ക്കാരുകളും ആത്യന്തികമായി ജനാധിപത്യത്തെ തന്നെയാണ് ദുര്ബലമാക്കുന്നത്. കാരണം ബഹുസ്വരതയും ന്യൂനപക്ഷ അവകാശങ്ങളും വിയോജിക്കാനുള്ള അവസരവും ഇല്ലാത്ത സമൂഹത്തില് ജനാധിപത്യം നിര്ജീവമായിരിക്കും. തേജസ് പത്രം അതിന്റെ ശബ്ദം അവസാനിപ്പിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഇതിനകം തന്നെ പത്രം വിശദീകരിച്ചിട്ടുണ്ട്. അതിന്റെ വായനക്കാരും അതിലുപരി ജീവനക്കാരും നേരിട്ടേക്കാവുന്ന ശൂന്യതയില് ഞാന് അവരുടെ ദുഃഖം പങ്കുവയ്ക്കുന്നു. പക്ഷേ, ഈ ലേഖനത്തിന്റെ വിഷയം അതല്ല.
തേജസിനെ കേരളത്തിലെ മറ്റു പത്രങ്ങളില് നിന്നു വേറിട്ടുനിര്ത്തുന്ന ഘടകങ്ങള് പലതുമുണ്ടാകാം. മികവും പോരായ്മയുമുണ്ടാവാം. എന്നെ സംബന്ധിച്ചിടത്തോളം തേജസ് കേരളത്തിലെ ഇതര പത്രങ്ങളെ ബഹുദൂരം പിറകിലാക്കുന്നത് കശ്മീരിനെയും അവിടത്തെ രാഷ്ട്രീയത്തെയും പ്രശ്നങ്ങളെയും കുറിച്ചു വാര്ത്തകള് നല്കുന്ന രീതിയിലൂടെയാണ്.
കശ്മീര് പ്രശ്നം ഇന്ത്യന് മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ വിശ്വാസ്യത സംബന്ധിച്ച ഉരകല്ലാണ്. മാധ്യമധാര്മികതയ്ക്കും സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതയ്ക്കും വിലകല്പിക്കുന്ന, അല്ലെങ്കില് അങ്ങനെയാണെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള് പോലും ദയനീയമായി പരാജയപ്പെടുന്ന മേഖലയാണ് കശ്മീര് റിപോര്ട്ടിങ്. സര്ക്കാര് നിലപാടുകളും നയങ്ങളും വിമര്ശനരഹിതമായി അവതരിപ്പിക്കുന്നത് മാധ്യമപ്രവര്ത്തനമല്ല. എന്നാല്, വിഷയം കശ്മീര് ആവുമ്പോള്, കേന്ദ്രസര്ക്കാരിന്റെ മറ്റു നയങ്ങളെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങള് പോലും അന്ധമായി സര്ക്കാര് നയങ്ങള് പിന്തുടരുന്നു. ജനാധിപത്യ സമൂഹങ്ങളിലെ മാധ്യമങ്ങള്ക്കു ചേരാത്ത ഒരു നടപടിയാണിത്.
തെറ്റായ പദപ്രയോഗങ്ങളും അവതരണരീതിയും കൊണ്ട് കശ്മീരിലെ യാഥാര്ഥ്യങ്ങളെ മറച്ചുപിടിക്കുകയും സാധാരണ കശ്മീരികളുടെ വികാരത്തെയും വേദനകളെയും നിരാശയെയും അവഗണിക്കുകയുമാണ് പൊതുവില് ഇന്ത്യയിലെ മാധ്യമങ്ങള് ചെയ്തുകൊണ്ടിരിക്കുന്നത്. കശ്മീരി മാധ്യമപ്രവര്ത്തകരും എഴുത്തുകാരും ഗവേഷകരും ഇതു പലപ്പോഴായി തുറന്നുകാണിച്ചിട്ടുണ്ട്. ഈ 'കശ്മീരി വിരുദ്ധത'യില് നിന്ന് ഇവിടത്തെ ഇടത്-മുസ്ലിം പത്രങ്ങള് പോലും മുക്തമല്ല. അവിടെയാണ് തേജസ് വലിയൊരളവോളം വേറിട്ടുനിന്നത്.
കശ്മീരിനെ കുറിച്ച തേജസ് വാര്ത്തകള് സമഗ്രമായിരുന്നെന്നു ഞാന് പറയില്ല. ദേശസ്നേഹത്തെക്കുറിച്ചുള്ള വികല ധാരണകള് നമുക്കിടയില് കശ്മീരിനെ കുറിച്ച് സംസാരിക്കുന്നതിന് ജനാധിപത്യവിരുദ്ധമായ ചില അതിര്വരമ്പുകള് തീര്ത്തിട്ടുണ്ട്. ചില വസ്തുതകള് റിപോര്ട്ട് പോലും ചെയ്യാതിരിക്കലാണ് ഇതിന്റെ ഫലം. എന്നാല്, താഴ്വരയില് നിന്നുള്ള വാര്ത്തകള് റിപോര്ട്ട് ചെയ്യുന്ന വേളകളില് പരമാവധി നിഷ്പക്ഷത പുലര്ത്താന് തേജസിനു സാധിച്ചു.
ദേശസ്നേഹത്തെ കുറിച്ചുള്ള വികല ധാരണകളെന്നു പറയുന്നത്, മാനുഷികവും ഭരണഘടനാപരവുമായ മൂല്യങ്ങളെയും തത്ത്വങ്ങളെയും ജനങ്ങളെ തന്നെയും നിസ്സാരമാക്കിക്കൊണ്ട് സര്ക്കാര് നയങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങുന്ന പ്രവണതയെയാണ്. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വ്യാജ ദേശസ്നേഹത്തിനു പരസ്യവരുമാനം അടക്കമുള്ള സാമ്പത്തിക കാരണങ്ങള് കൂടിയുണ്ട്.
കശ്മീര് പ്രശ്നത്തെ ഒരു മുസ്ലിം പ്രശ്നമായും സുരക്ഷാ പ്രശ്നമായും മാത്രം കാണുന്നതാണ് ഇന്ത്യന് മാധ്യമങ്ങളുടെ പൊതുരീതി. അതേസമയം, മേഖലയുടെ പ്രതിസന്ധിയുടെ ചരിത്രപശ്ചാത്തലമോ വിഷയത്തില് താഴ്വരയിലെ ജനങ്ങളുടെ പൊതുവികാരം എന്തെന്നോ അവര് പറയാറില്ല. ഇന്ത്യന് സുരക്ഷാസേന കശ്മീരില് നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള് വാര്ത്തയാക്കാതിരിക്കുന്നതിലാണ് മിക്ക മാധ്യമങ്ങളുടെയും സൂക്ഷ്മത. എന്നാല്, കശ്മീരികളായ ലേഖകന്മാരും കശ്മീരിനെ കുറിച്ച് ചിലപ്പോഴൊക്കെ തുറന്ന ലേഖനങ്ങള് എഴുതുന്ന പി ചിദംബരം പോലുള്ള കോളമിസ്റ്റുകളുമുള്ള ചില ദേശീയ പത്രങ്ങള് ഇതിനൊരു അപവാദമാണ്.
ഈയിടെയായി ദ വയര്, സ്ക്രോള് പോലുള്ള സ്വതന്ത്ര ഓണ്ലൈന് മാധ്യമങ്ങളും നേരത്തേ മുഖ്യധാരാ മാധ്യമങ്ങള് പറയാന് മടിച്ചിരുന്ന വസ്തുതകള് പറയാന് ധൈര്യം കാട്ടുന്നുണ്ട്. ഭീകരത, സുരക്ഷാസേനയുടെ ഇടപെടലുകള്, മനുഷ്യാവകാശം തുടങ്ങി കശ്മീരുമായി ബന്ധപ്പെട്ട ചര്ച്ചകളില് കടന്നുവരുന്ന വിഷയങ്ങളെ ഈ മാധ്യമങ്ങള് കൂടുതല് സൂക്ഷ്മമായി സമീപിക്കുന്നു. ഉദാഹരണത്തിന് ഹിസ്ബുല് മുജാഹിദീന് പ്രവര്ത്തകനായ കശ്മീരി യുവാവിനെ സൈന്യം ഏറ്റുമുട്ടല് വധിച്ചാല് മലയാളത്തിലടക്കമുള്ള മിക്ക ഇന്ത്യന് മാധ്യമങ്ങളിലും അത് കേവലം മറ്റൊരു''കശ്മീരില് ഏറ്റുമുട്ടലില് ഭീകരന് കൊല്ലപ്പെട്ടു' തരത്തിലുള്ള, സൈനിക-പോലിസ് വൃത്തങ്ങളെ മാത്രം ഉദ്ധരിച്ചുകൊണ്ടുള്ള വാര്ത്തയായിരിക്കും.
എന്നാല്, സംഭവത്തെ കുറിച്ചും കൊല്ലപ്പെട്ട യുവാവിന്റെയും പ്രദേശത്തിന്റെയും ചരിത്രത്തെ കുറിച്ചും നേരിട്ട് അറിവും ധാരണയുമുള്ള ഒരു കശ്മീരി മാധ്യമപ്രവര്ത്തകന് ഒരു റിപോര്ട്ടോ ലേഖനമോ തയ്യാറാക്കിയാല് അതു പ്രസിദ്ധീകരിക്കാന് മുകളില് പറഞ്ഞ തരം നവമാധ്യമങ്ങള് തയ്യാറാകുന്നു. കശ്മീരികള്ക്കു സ്വയം സംസാരിക്കാന് ഇടം നല്കുന്ന, അവര് പറയുന്നത് വളച്ചൊടിക്കാത്ത ഇന്ത്യന് മാധ്യമരംഗത്തെ ഈ പുതിയ രീതി, ഇനിയുമേറെ വികസിക്കാനുണ്ടെങ്കിലും പ്രതീക്ഷാവഹമാണ്. ഈ രീതിയെ, അതിന്റെ ധാര്മികതയെ മലയാളത്തില് ഉള്ക്കൊണ്ട മാധ്യമമാണ് തേജസ്.
കശ്മീരിയായ ലേഖകനില്ലെങ്കിലും, മുഖ്യധാര 'ഭീകരര്' എന്നു വിളിച്ചവരെ 'സായുധര്' എന്നു വിളിക്കാന് ധൈര്യം കാട്ടിയും സ്വന്തം ലേഖകരെ കശ്മീരില് അയച്ച് ഔദ്യോഗിക വ്യവഹാരങ്ങളെ ചോദ്യം ചെയ്യുന്ന പരമ്പരകള് തയ്യാറാക്കിയും തേജസ് ഈ രംഗത്തു തങ്ങളുടെ ദൗത്യം നിറവേറ്റിയെന്നു പറയാം.
കശ്മീരിലെ സായുധ സമരക്കാരെ 'ഭീകരര്' എന്നു വിളിക്കുന്നതില് നിരവധി പ്രശ്നങ്ങളുണ്ട്. 'ദ ഹിന്ദു' പോലുള്ള മുഖ്യധാരാ ദേശീയ മാധ്യമങ്ങളില് ജോലി ചെയ്യുന്ന കശ്മീരി ലേഖകന്മാര് 'മിലിറ്റന്റ്' എന്ന താരതമ്യേന നിഷ്പക്ഷമായ പദമാണ് ഉപയോഗിക്കുന്നത്. എന്നാല്, കശ്മീരിലെ വലിയൊരു വിഭാഗം സാധാരണക്കാരും ഇവരെ 'പോരാളികള്' എന്നു വിളിക്കുന്നു, കൊല്ലപ്പെട്ടാല് 'രക്തസാക്ഷി'കളെന്നും. സായുധരെ പോരാളികളും രക്തസാക്ഷികളുമായി വിശേഷിപ്പിക്കുന്ന സാധാരണക്കാരുടെ ഉദ്ധരണികള് കശ്മീര് ലേഖകന്മാരുടെ റിപോര്ട്ടുകളില് വ്യാപകമായി കാണാം.
കശ്മീരിലെ സായുധസമരക്കാരെ ഭീകരര് എന്നു വിളിക്കാനുള്ള ന്യായമായി പറയുന്നത് അവര് ഇന്ത്യന് സേനയെ ലക്ഷ്യമിടുന്നു എന്നതാണ്. സാര്വലൗകികമായി ഈ വാദത്തിനു നിലനില്പില്ല. കാരണം, രാഷ്ട്രീയ-മതലക്ഷ്യങ്ങള് മുന്നിര്ത്തി സാധാരണക്കാരെയടക്കം ലക്ഷ്യംവയ്ക്കുന്ന വിവേചനരഹിതമായ അക്രമങ്ങളാണ് പൊതുവില് ഭീകരതയായി കണക്കാക്കുന്നത്. എന്നാല്, രാഷ്ട്രീയ കാരണങ്ങളാല് ഔദ്യോഗിക സേനയെ മാത്രം ലക്ഷ്യമിടുന്നവരെ 'ഭീകരര്' എന്നു വിളിക്കുന്നത് ഒരുതരം രാഷ്ട്രീയ നിലപാടാണ്. അങ്ങനെയാണ് സായുധ മാര്ഗം സ്വീകരിച്ച ഫലസ്തീനി സ്വാതന്ത്ര്യസമരക്കാര് പോലും ചിലര്ക്ക് 'ഭീകരരാ'കുന്നത്. അങ്ങനെയാണ് നേരത്തേ, ഇന്ത്യയിലെ ബ്രിട്ടിഷ്രാജിനെതിരേ ആയുധമെടുത്ത ഭഗത്സിങും മാപ്പിള പോരാളികളുമെല്ലാം ചിലര്ക്ക് 'ഭീകരരാ'യത്.
കശ്മീരി സായുധര് സാധാരണക്കാരെ ലക്ഷ്യംവയ്ക്കാറില്ല. അവര് കശ്മീരിനു പുറത്തു സേനയെ പോലും ആക്രമിച്ചിട്ടുമില്ല. ഇന്ത്യയില് നിന്നുള്ള പതിനായിരക്കണക്കിനു ഹിന്ദുക്കള് കശ്മീരില് ജോലി ചെയ്യുന്നുണ്ട്. അവര് ഒരിക്കല് പോലും കശ്മീരി സ്വാതന്ത്ര്യം ലക്ഷ്യമാക്കുന്ന സായുധരുടെ ലക്ഷ്യമായിട്ടില്ല. ഇന്ത്യയില് പല ഭാഗത്തും കശ്മീരികള് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. അവരാരും ഒരു ഭീകരപ്രവര്ത്തനവും നടത്തിയിട്ടില്ല. അങ്ങനെ ആരോപിച്ചു തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിനെതിരേ പോലും ആവശ്യത്തിനു തെളിവുണ്ടായിരുന്നില്ല.
ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചാലും ഇല്ലെങ്കിലും വലിയൊരു വിഭാഗം കശ്മീരികളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. ആ ആവശ്യത്തിനു ചരിത്രസത്യങ്ങളുടെ പിന്ബലവുമുണ്ട്. കശ്മീര് വിഷയവുമായി ബന്ധപ്പെട്ട ചരിത്രം പഠിച്ച എ ജി നൂറാനി അടക്കമുള്ള ഗവേഷകരുടെ കൃതികള് ഇതു സാക്ഷ്യപ്പെടുത്തുന്നു. കശ്മീരില് ഇന്ത്യ തുടരുന്ന സൈനിക നയത്തെ പരസ്യമായും അല്ലാതെയും എതിര്ക്കുന്ന നിരവധി രാജ്യങ്ങളുണ്ടെന്ന സത്യവും നാം കാണാതിരുന്നുകൂടാ. കശ്മീരിന്റെ രാഷ്ട്രീയ ഭാവി നിര്ണയിക്കാന് ഹിതപരിശോധന വേണമെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിട്ടുണ്ട്.
കശ്മീര് വിഷയത്തെക്കുറിച്ച് ഏറ്റവും വിശ്വസനീയമായ വാര്ത്തകള് വരുന്ന കശ്മീരി പത്രങ്ങളില്, സായുധര് കൊല്ലപ്പെട്ടാല് നടക്കുന്ന വലിയ ജനപങ്കാളിത്തമുള്ളതും കശ്മീരിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതുമായ പ്രതിഷേധ റാലികളെ കുറിച്ചുള്ള വാര്ത്തകളും ചിത്രങ്ങളും കാണാം. ഇന്ത്യന് മാധ്യമങ്ങള് വെറും വിഘടനവാദികളായി കരുതുന്ന ഹുര്റിയത്ത് നേതാക്കള്ക്കു കശ്മീരി സമൂഹത്തിലുള്ള സ്വാധീനവും ഈ വാര്ത്തകളില് കാണാം. ഹുര്റിയത്ത് നേതാക്കളെ 'സ്വാതന്ത്ര്യ അനുകൂലികള്' എന്നും 'പ്രതിരോധ നേതാക്കള്' എന്നും വിശേഷിപ്പിക്കുന്ന രീതി കശ്മീരി പത്രങ്ങളില് കുറവല്ല.
ചുരുക്കത്തില്, കശ്മീരിനെ കുറിച്ചുള്ള ഉപരിപ്ലവവും വികലവുമായ ഇന്ത്യന് പൊതുബോധത്തിനു വസ്തുതകളുടെ പിന്ബലമുള്ള കശ്മീരി ഗ്രൗണ്ട് റിപോര്ട്ടുകള്ക്കു മുന്നില് പിടിച്ചുനില്ക്കാനാവില്ല. അതുകൊണ്ടാവാം, 'റൈസിങ് കശ്മീര്' പത്രാധിപരായ ശുജാഅത് ബുഖാരി കൊല്ലപ്പെട്ടപ്പോള് വിലപിച്ച ഇന്ത്യന് മാധ്യമങ്ങള് പോലും അദ്ദേഹവും അദ്ദേഹത്തിന്റെ പത്രവും റിപോര്ട്ട് ചെയ്ത കശ്മീരിനെയും അതിന്റെ സങ്കീര്ണതകളെയും സൗകര്യപൂര്വം അവഗണിച്ചത്. കശ്മീര് വിഷയത്തില് നീതിയില് അധിഷ്ഠിതമായ, സമാധാനപരമായ പരിഹാരത്തിനു വേണ്ടി നിലകൊണ്ട ബുഖാരി, പലപ്പോഴും മേഖലയിലെ സര്ക്കാര് നയങ്ങളെ വിമര്ശിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങളില് ഒന്നെങ്കിലും മലയാളത്തില് പ്രസിദ്ധീകരിക്കപ്പെട്ടോ എന്നറിയില്ല.
മലയാള മാധ്യമങ്ങള് കശ്മീരി വിഷയം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സമഗ്ര പഠനം നടക്കുകയാണെങ്കില് തേജസ് പിന്തുടര്ന്ന ധീരമായ നിലപാട് ശ്രദ്ധിക്കപ്പെടാതെപോകില്ല എന്നുറപ്പാണ്.
(സ്വതന്ത്ര മാധ്യമപ്രവര്ത്തകനും പോണ്ടിച്ചേരി സര്വകലാശാലാ അധ്യാപകനുമാണ് ലേഖകന്)
RELATED STORIES
വിദ്വേഷ പ്രസ്താവന; പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
11 Jan 2025 4:41 AM GMTഉത്തരാഖണ്ഡില് ഈ മാസം ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന്...
11 Jan 2025 4:20 AM GMTമലയാളി യുവാവിനെ ഹണിട്രാപ്പിനിരയാക്കി പത്തുലക്ഷം തട്ടിയ രണ്ടു അസം...
11 Jan 2025 3:48 AM GMTവനം-വന്യജീവി നിയമത്തിലെ പ്രശ്നങ്ങള് തൃണമൂല് കോണ്ഗ്രസ്...
11 Jan 2025 3:37 AM GMT''കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്ഭിണികളാക്കൂ, പണക്കാരനാവൂ''; നിരവധി...
11 Jan 2025 3:24 AM GMTകര്ണാടകയില് 196 ശ്രീരാമസേനാ പ്രവര്ത്തകര്ക്ക് തോക്കുപരിശീലനം...
11 Jan 2025 2:57 AM GMT