Editorial

മുകുന്ദന്‍ സി മേനോന്‍: ഒളിമങ്ങാത്ത ഓര്‍മകള്‍

മുകുന്ദന്‍ സി മേനോന്‍: ഒളിമങ്ങാത്ത ഓര്‍മകള്‍
X

കെ എച്ച് നാസര്‍

1995 ഡിസംബര്‍ ആദ്യവാരത്തിലെ ഒരു മധ്യാഹ്നം. എറണാകുളം ജില്ലാ ട്രഷറിയിലാണ് അന്ന് ജോലി.എന്‍ഐഎയുടെ കള്ളക്കേസില്‍ പെട്ട് ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഇ എം അബ്ദു റഹ്മാന്‍ സാഹിബിന്റെ ഒരു കോള്‍ ഓഫിസ് ഫോണിലേക്ക്. 'ഉച്ചകഴിഞ്ഞ് ഒരാളെ കാണാന്‍ പോണം. മുകുന്ദന്‍ സി മേനോനെ? ലീവെടുത്ത് റെഡിയായി നിന്നോ, ഞാന്‍ അതുവഴി വരാം'. മൂന്നു വാക്യങ്ങളില്‍ ആ ഫോണ്‍ സന്ദേശം ഒതുങ്ങി.

ഞങ്ങള്‍ ഇടപ്പള്ളിയില്‍ മേനോന്‍ താമസിക്കുന്ന വാടക വീട്ടിലെത്തി. ചെറിയൊരു ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. കലാകൗമുദിയിലെയും ഇന്‍ഡ്യ റിവ്യൂവിലെയും ലേഖനങ്ങള്‍ വായിച്ചു മാത്രം പരിചയമുള്ള മുകുന്ദന്‍ സി മേനോന്‍. അന്നാദ്യമായാണ് മേനോനെ നേരില്‍ കാണുന്നത്. ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ ആലുവയില്‍ എന്‍ഡിഎഫ് സംഘടിപ്പിക്കുന്ന ടാഡ തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാന്‍ മേനോനെ ക്ഷണിക്കലായിരുന്നു ഉദ്ദേശ്യം. ഞങ്ങള്‍ ചെന്നകാര്യം വ്യക്തമാക്കി. മേനോന്‍ സസന്തോഷം സമ്മതിച്ചു. കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ 'ദുരവസ്ഥ'യെക്കുറിച്ച് കുറച്ചുനേരം അദ്ദേഹം വാചാലനായി. ഞങ്ങള്‍ അച്ചടക്കമുള്ള കേള്‍വിക്കാരും.

അന്നാരംഭിച്ച സൗഹൃദം ആഴത്തിലുള്ള വ്യക്തിബന്ധമായി വളര്‍ന്നു. അദ്ദേഹം ശയ്യാവലംബിയാകുന്നതുവരെ അത് ഊഷ്മളമായി തുടര്‍ന്നു.1995ലെ ഒരു ഡിസംബറില്‍ തുടങ്ങി 2005ലെ മറ്റൊരു ഡിസംബര്‍ വരെയുള്ള പത്തു വര്‍ഷം നീണ്ട ആ സൗഹൃദം വ്യക്തിജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളാണ്.

കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ട്രെയ്‌നിലിരിക്കുമ്പോഴാണ് എന്‍ എം സിദ്ധീഖിന്റെ കോള്‍ വരുന്നത്. മേനോന്‍ കുഴഞ്ഞുവീണു, മിംസിലാണുള്ളത്. കോഴിക്കോട്ടെത്തി നേരെ മിംസിലേക്ക്. അദ്ദേഹത്തിന്റെ മക്കളും സഹോദരങ്ങളും അവിടെ എത്തിയിരുന്നു. മിംസില്‍ നിന്ന് ചികില്‍സ തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ അദ്ദേഹത്തിന്റെ അന്ത്യ ദിവസങ്ങളിലൊന്നില്‍ ഒരു സന്ധ്യ കഴിഞ്ഞ നേരം മര്‍ഹൂം എ സഈദ് സാഹിബുമൊരുമിച്ച് അവസാനമായി മേനോനെ ജീവനോടെ കണ്ടു. 2005 ഡിസംബര്‍ 12ന് പ്രിയപ്പെട്ട മേനോന്‍ വിട പറഞ്ഞു.

ഓര്‍മകള്‍ ഒരുപാടുണ്ട്. വിസ്താര ഭയം മൂലം മുഴുവന്‍ കുറിക്കുന്നില്ല. ഒന്നിച്ചൊട്ടേറെ യാത്രകള്‍. നിരവധി യോഗങ്ങളില്‍ അദ്ദേഹത്തിന്റെ സഹപ്രാസംഗികന്‍. ചില വസ്തുതാന്വേഷണ സംഘങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു. ഇസ്‌ലാമിക പ്രഭാഷകനും പിഡിപി ചെയര്‍മാനുമായ അബ്ദുന്നാസര്‍ മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്ത കാലം. ഭയം മുറ്റി നിന്നിരുന്ന അന്തരീക്ഷം. ഒരാളും മിണ്ടുന്നില്ല. മഅ്ദനിയുടെ പ്രസംഗങ്ങളുടെ ഓഡിയോ കസെറ്റുകള്‍ കൈവശമുണ്ടായിരുന്ന പലരും അവ പൊട്ടിച്ചു ചുട്ടു കളഞ്ഞിരുന്നു. അത്രമാത്രം ഭയം മനസ്സുകളെ വരിഞ്ഞു മുറുക്കിയിരുന്നു. അന്നാളില്‍ ഒരുദിവസം എറണാകുളത്തെ മാതാ ടൂറിസ്റ്റ് ഹോമിലെ ഒരു മുറിയില്‍ നാലഞ്ചു പേര്‍ ഒത്തുചേര്‍ന്നു. മുകുന്ദന്‍ സി മേനോന്‍, എന്‍ഐഎ കള്ളക്കേസില്‍ പെട്ട് ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അന്നത്തെ എന്‍ഡിഎഫ് ചെയര്‍മാന്‍ അബു സാഹിബ് (ഇ അബൂബക്കര്‍), നേരത്തെ പരാമര്‍ശിച്ച ഇ എം അബ്ദുറഹ്മാന്‍ സാഹിബ്, വേറെയും ആരൊക്കെയോ ഉണ്ടായിരുന്നു, പിന്നെ ഞാനും. മഅ്ദനിയുടെ വിഷയത്തില്‍ സമൂഹം പുലര്‍ത്തുന്ന മൗനം മറികടക്കണം അതായിരുന്നു ചര്‍ച്ചാ വിഷയം. സിഎച്ച്ആര്‍ഒ സെക്രട്ടറി ജനറലായ മേനോന്റെയും എന്‍ഡിഎഫ് ചെയര്‍മാനായ അബു സാഹിബിന്റെയും പേരില്‍ സംയുക്ത പ്രസ്താവന തയ്യാറാക്കി. അവര്‍ പറഞ്ഞു തന്ന വാചകങ്ങള്‍ ഞാന്‍ കേട്ടെഴുതി. പിറ്റേന്നത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കി. മഅ്ദനിയുടെ അറസ്റ്റിനെ അപലപിച്ചും അതില്‍ പ്രതിഷേധിച്ചും കേരളം കേള്‍ക്കുന്ന ആദ്യ ശബ്ദം. പിന്നെ മഅ്ദനി നിയമ സഹായ സമിതി, കാംപയിനുകള്‍ ...എല്ലാത്തിലും മേനോനും എ വാസുവേട്ടനും അബുസാഹിബും പി കോയ സാഹിബും (പ്രഫ.പി കോയ) നസ്‌റുദ്ദീന്‍ എളമരവും ഇ എം അടക്കമുള്ള നേതാക്കളും മുന്നില്‍. പിന്നീട് മഅ്ദനിക്കു നേരെയുള്ളനീതിനിഷേധത്തിനെതിരേ കേരളം വമ്പിച്ച പ്രതിഷേധം ഉയര്‍ത്തിയത് ചരിത്രം.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷമുള്ള ഒരു ഡിസംബര്‍ 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു പ്രതിഷേധ ധര്‍ണയ്ക്ക് ഒരുക്കം നടത്തുകയായിരുന്നു സംഘാടകര്‍. ഞാന്‍ മേനോനൊപ്പം അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തി. ധര്‍ണ പോലീസ് തടഞ്ഞേക്കുമെന്ന ഒരു കിംവദന്തി പരന്നിരുന്നു. ബാബരി പ്രതിഷേധങ്ങള്‍ക്ക് മുസ്‌ലിംകള്‍ക്ക് അനുമതി നിഷേധിക്കുകയും ശൗര്യദിനം ആചരിക്കാന്‍ സംഘപരിവാരത്തിന് അനുമതി നല്‍കുകയും ചെയ്യുന്ന ഉദാരനയമായിരുന്നു പലപ്പോഴും സര്‍ക്കാരുകള്‍ക്ക്. മേനോന്‍ സ്‌കൂട്ടര്‍ ഒതുക്കി ധര്‍ണ നടത്തുന്ന സ്ഥലത്ത് കുത്തിയിരുന്നു. അടുത്തെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് മേനോന്‍ പറഞ്ഞു: 'ഇന്ന് ഇവിടെ ആരെയൊക്കെയോ അറസ്റ്റ് ചെയ്യുമെന്നു കേട്ടു. എന്നാല്‍ എന്നെത്തന്നെ ആദ്യം അറസ്റ്റ് ചെയ്യൂ'. ഒന്നും സംഭവിച്ചില്ല. ധര്‍ണ ഭംഗിയായി നടന്നു.

ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ ദശവാര്‍ഷിക ആഘോഷത്തില്‍ സൗഹാര്‍ദ പ്രതിനിധികളിലൊരാളായി പങ്കെടുക്കാന്‍, തനിക്കു സുഖമില്ലാത്തതിനാല്‍ എന്നെയാണ് മേനോന്‍ പറഞ്ഞയച്ചത്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ കണ്ണബിരാന്‍, ഡോ. ബാലഗോപാല്‍, പ്രഫ. ലക്ഷ്മണ്‍, ചിന്തകനായ കാഞ്ച ഐലയ്യ, തെലുങ്കു വിപ്ലവ ഗായകനും കവിയുമായ ഗദ്ദര്‍ തുടങ്ങി പലരെയും അന്നു കാണാനും പരിചയപ്പെടാനും ആ യാത്ര വഴിയൊരുക്കി.

പിന്നീട് ഒരിക്കല്‍ ഞങ്ങളിരുവരും ഒരുമിച്ചൊരു ദീര്‍ഘയാത്ര ചെയ്തു, കല്‍ക്കത്തയിലേക്ക്. അജഉഞ ന്റെ ദ്വിദിന സമ്മേളനത്തില്‍ ക്ഷണിതാക്കളായി എത്തിയതാണവിടെ. ചെന്നൈ മെയ്‌ലില്‍ ചെന്നൈയിലേക്ക്. പിറ്റേന്ന് രാവിലെ കൊറൊമോണ്ടല്‍ എക്‌സ്പ്രസ്സിന് ചെന്നൈയില്‍ നിന്ന് ഹൗറയിലേക്ക്. അതായിരുന്നു പ്ലാന്‍. യാത്രയുടെ തലേദിവസം തന്നെ മേനോന്‍ എന്നെ വിളിച്ചു പറഞ്ഞിരുന്നു, നാസറിനുള്ള ഭക്ഷണം ഞാന്‍ കരുതുന്നുണ്ട് എന്ന്. പാലക്കാട്ടെത്തി ഭക്ഷണം കഴിക്കാന്‍ പൊതിയഴിക്കവേ മേനോന്‍ പറഞ്ഞു: 'അധികം വരുന്ന ഭക്ഷണം കളയരുത്. വൃത്തിയായിത്തന്നെ പായ്ക്കറ്റില്‍ കരുതിവയ്ക്കണം'. ഞാന്‍ തലയാട്ടി. ചിക്കന്‍ കറിയും ചപ്പാത്തിയുമായിരുന്നു. ആവശ്യമുള്ള ഭക്ഷണം മാത്രം സിസ്‌പോസിബിള്‍ പ്ലേറ്റിലെടുത്തു കഴിച്ച ശേഷം ഞങ്ങളുടെ രണ്ടുപേരുടെയും പായ്ക്കറ്റകളും തൂക്കി അദ്ദേഹം പ്ലാറ്റ്‌ഫോമിലേക്കിറങ്ങി. ട്രെയിന്‍ വിടും മുമ്പ് തിരികെ കംപാര്‍ട്ട്‌മെന്റിലെത്തി. ഭക്ഷണം ലഭിക്കാതെ പ്ലാറ്റ്‌ഫോമില്‍ വിശന്നിരിക്കുന്ന ആരെയോ കണ്ടെത്തി ഭക്ഷണപ്പൊതി ഏല്‍പ്പിച്ചാണ് ആ മടങ്ങിവരവ്. മേനോന്‍ എന്ന മനുഷ്യനിലെ ആര്‍ദ്രതയെ അടുത്തറിഞ്ഞ നിമിഷം.

ഹൗറയില്‍ ഇറങ്ങി നേരെ നെഹ്‌റു യുവ കേന്ദ്രയുടെ യൂത്ത് ഹോസ്റ്റലിലേക്ക്. അവിടെയാണ് ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. രണ്ടാള്‍ക്കുമായി ഒരു മുറി. ഏതാണ്ട് മഗ്‌രിബ് നമസ്‌കാരത്തോടടുത്ത സമയം. മേനോന്‍ കട്ടിലില്‍നിന്നെഴുന്നേറ്റു മാറിനിന്നു. 'നാസറിന് നിസ്‌കരിക്കാന്‍ സമയമായില്ലേ' എന്ന ചോദ്യം എന്നെ അദ്ഭുതപ്പെടുത്തിയില്ല. ഉറച്ച കമ്മ്യൂണിസ്റ്റും നിരീശ്വരവാദിയുമായ മേനോന് വിശ്വാസിയായ എന്നോട് അക്കാര്യത്തില്‍ അല്‍പ്പവും ഇഷ്ടക്കേട് തോന്നിയിരുന്നില്ല എന്നുമാത്രമല്ല, വിശ്വാസികളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലെ ജനാധിപത്യ ബോധ്യം വിശാലമായിരുന്നുതാനും.

സംഘാടകരിലൊരാള്‍ (പേര് മറന്നു) ക്ഷേമം തിരക്കാന്‍ മുറിയിലെത്തി. ചുണ്ടില്‍ എരിയുന്ന സിഗററ്റ്. നവ ഇടതുപക്ഷ യുവാക്കളുടെ ഹരം 'ത്രീ എംസ് ' (മാര്‍ക്‌സ്, മാവോ, മാര്‍ക്യൂസ്) ആണ്. ഞങ്ങള്‍ ബംഗാളികള്‍ക്ക് ഹരം ത്രീ സീസ്, മൂന്നു സീകള്‍ (ചായ്, ചാര്‍മിനാര്‍, ചാരുമജുംദാര്‍) ആണ്. സംഭാഷണമധ്യേ ചിരിച്ചു കൊണ്ടദ്ദേഹം പങ്കു വച്ചു.

ആദ്യ ദിവസം തന്നെ ചില പത്രക്കാര്‍ മേനോനെ ഇന്റര്‍വ്യൂ ചെയ്യാന്‍ മുറിയിലെത്തിയിരുന്നു. കശ്മീര്‍ മാപ്പ് കേരളത്തിലും കശ്മീര്‍ പ്രശ്‌നം ദേശീയതലത്തിലും വാര്‍ത്തകളില്‍ കത്തി നിന്നിരുന്ന സമയം. മേനോന്‍ തന്റെ നിലപാട് അവരോടു പറഞ്ഞു. സ്വാഭാവികമായും ചൊടിപ്പിക്കുന്ന ചോദ്യങ്ങളും കുറിക്കു കൊള്ളുന്ന മറുപടികളും. മേനോന്‍ വെല്‍ പ്രിപയേര്‍ഡ് ആയിരുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍, കേരളത്തിലെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സംഘടിപ്പിച്ച ഒരു നാഷനല്‍ സെമിനാറിന്റെ ബ്രോഷര്‍ തുടങ്ങിയവ അവര്‍ക്കു മുന്നിലിട്ടു കൊടുത്തു. ഈ പപ്പരാസികള്‍ എന്തൊക്കെയാണ് വ്യാഖ്യാനിച്ച് എഴുതിപ്പിടിപ്പിക്കുക എന്ന് ഒരു തിട്ടവുമില്ല. പെട്ടതു തന്നെ, ഇനി കേരളം കാണില്ല എന്നൊക്കെയായിരുന്നു എന്റെ ചിന്തകള്‍. മേനോന്‍ ശാന്തനായിരുന്നു. പിറ്റേന്ന് ചില ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രാധാന്യത്തോടെ വാര്‍ത്ത വന്നു. തലക്കെട്ടുകള്‍ കല്‍ക്കത്തയിലെ മുകുന്ദന്‍ സി മേനോന്റെ വരവറിയിച്ചു. കേരളത്തിലെ സംഘപരിവാരത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നും കശ്മീരിലെ ഹുര്‍റിയത്ത് നേതാക്കളെ തിരുവനന്തപുരത്ത് കൊണ്ടു വന്ന് പരിപാടി നടത്തിയതിനു പിന്നില്‍ മേനോന്റെ നിശ്ചയദാര്‍ഡ്യം വളരെ വലുതായിരുന്നു.

ഭൂമിക്കടിയിലൂടെയുള്ള മെട്രോ ട്രെയിന്‍ സര്‍വീസ് അന്ന് കല്‍ക്കത്തയിലുണ്ട്. മേനോന്‍ മെട്രോയിലും ട്രാമിലും എന്നെ കയറ്റി. ഒരിക്കലും മനുഷ്യര്‍ വലിക്കുന്ന റിക്ഷയില്‍ കയറി അവരെക്കൊണ്ട് വലിപ്പിക്കരുത് എന്ന് സഹോദരബുദ്ധ്യാ ഉപദേശിക്കുകയും ചെയ്തു. അവരുടെ ഉപജീവനമാര്‍ഗം എന്നതിനേക്കാള്‍ മേനോനെ അലട്ടിയിരുന്നത് ഒരു സഹജീവിയെ തരം താഴ്ത്തി കാണാതിരിക്കാനുള്ള സമത്വബോധമായിരുന്നു. ഇസ്‌ലാം മത വിശ്വാസിയായ ഒരാളുടെ സമഭാവനയ്ക്കും അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സമത്വസങ്കല്‍പ്പത്തിനും ഒരേ വേവ് ലെങ്ത് ആണെന്ന് എന്നെ ബോധ്യപ്പെടുത്തിയ നിമിഷമായിരുന്നു അത്.

പത്രക്കാര്‍ക്കിടയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലെ പത്രപ്രവര്‍ത്തകനുമായിരുന്നു മേനോന്‍. സൂര്യ ടി വിയിലെ അവകാശങ്ങള്‍ നിഷേധങ്ങള്‍ എന്ന മേനോന്റെ പ്രോഗ്രാം ഏറെ ശ്രദ്ധേയമായിരുന്നു. പത്രക്കാരുടെ ശത്രുവായ പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശത്രുവായ മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് മേനോന്‍ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരിക്കല്‍ പങ്കുവച്ച അഭിപ്രായം ഓര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ കലാകൗമുദിയില്‍ സ്റ്റാഫാക്കാമെന്ന ഓഫര്‍ മേനോന്‍ നിരുപാധികം നിരസിച്ചു. അതിനേക്കാള്‍ എത്രയോ വലിയ വാഗ്ദാനങ്ങള്‍ നിരസിച്ചയാളാണ് മേനോന്‍.

വിരമിച്ച ന്യായാധിപന്മാരുടെ വിശ്രമകാല വിനോദങ്ങളില്‍നിന്നും ഉന്നതകുലജാതരുടെ സായാഹ്ന ചര്‍ച്ചകളില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ മോചിപ്പിച്ച് സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് ഇറക്കിക്കൊണ്ടുവന്ന കറകളഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു മേനോന്‍.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാത്ത, സമൂഹത്തിലെ വരേണ്യരുടെ ക്ലബ്ബുകളില്‍ അംഗമല്ലാത്ത, മാധ്യമ പ്രവര്‍ത്തകരുടെ മദ്യപാന സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാത്ത, കള്ളുകുടിക്കാത്ത, ബാങ്ക് ബാലന്‍സില്ലാത്ത,മരണാനന്തര ചടങ്ങുകളിലും വിവാഹ വേദികളിലും സാന്നിധ്യമില്ലാത്ത, മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ കാണാത്ത ഒരു സാധാരണ പത്രപ്രവര്‍ത്തകനായിരുന്നു മുകുന്ദന്‍ സി മേനോന്‍. അതിലുപരി ഒരു മനുഷ്യാവകാശ പോരാളിയും.

കിള്ളി പോലീസ് നായാട്ട്, ശബരിമല തീര്‍ത്ഥാടകരെ ആക്രമിച്ചെന്ന പേരില്‍ പത്തനംതിട്ടയില്‍ ആര്‍എസ്എസ് അഴിച്ചുവിട്ട വര്‍ഗീയ സംഘര്‍ഷം, രാജീവ്ഗാന്ധിവധക്കേസിലെ പേരറിവാളന്റെ മോചനം, പന്തളത്ത് തീവ്രവാദം ആരോപിച്ച് മുസ്‌ലിം യുവാക്കള്‍ക്കു നേരെ നടന്ന പോലീസ് വേട്ട, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമരം, കരിമുഗള്‍ കാര്‍ബണ്‍ മലിനീകരണ വിരുദ്ധ സമരം, അബ്ദുന്നാസര്‍ മഅ്ദനി വിഷയം, മുത്തങ്ങ സമരം, കോയമ്പത്തൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലയാളികളുടെ പ്രശ്‌നം, മാറാട് ആര്‍എസ്എസ് അതിക്രമങ്ങള്‍, ആലപ്പുഴ തങ്ങള്‍ കുഞ്ഞിന്റെ മരണം, പ്രാണേഷ് കുമാര്‍ ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം, തൃക്കരിപ്പൂരിലെ പോലീസ് അതിക്രമങ്ങള്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ മേനോന്റെ കൈയൊപ്പ് ചാര്‍ത്തപ്പെട്ട ധീരമായ മനുഷ്യാവകാശ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പാലക്കാട് ജില്ല കലക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയപ്പോള്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ആദ്യം മുന്നോട്ടുവയ്ക്കപ്പെട്ട പേര് മുകുന്ദന്‍ സി മേനോന്റേതായിരുന്നു. എന്നാല്‍, തിരുവനന്തപുരത്തുനിന്ന് എത്തിച്ചേരാനുള്ള സമയ ദൈര്‍ഘ്യം കണക്കിലെടുത്തു അഡ്വ. വീരചന്ദ്ര മേനോനാണ് മധ്യസ്ഥത വഹിച്ചത്.

തീവ്രവാദിക്കും മനുഷ്യാവകാശമുണ്ടെന്ന ദൃഢനിലപാട് പ്രഖ്യാപിച്ച മനുഷ്യാവകാശ പോരാളിയായിരുന്നു മേനോന്‍. മനുഷ്യാവകാശത്തിന്റെ പ്രഫഷണലിസവും കീഴാളപക്ഷവും ഉയര്‍ത്തിപ്പിടിക്കുന്നതിലും സമന്വയിപ്പിക്കുന്നതിലും അനിതരസാധാരണമായ പ്രതിഭാശേഷിയാണ് മേനോന്‍ പ്രകടിപ്പിച്ചത്. മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധിയായിരുന്നു മേനോന്‍.

തേജസ് ദൈ്വവാരികയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററായിരുന്നു അദ്ദേഹം. തേജസ് ദിനപത്രം അദ്ദേഹത്തിന്റെ വലിയൊരു സ്വപ്‌നമായിരുന്നു. അതിന്റെ പണിപ്പുരയില്‍, പരിശീലനങ്ങളില്‍ വിശ്രമരഹിതനായി പണിയെടുത്തു കൊണ്ടിരിക്കെയാണ് അദ്ദേഹം രോഗബാധിതനാവുന്നത്. 2006 ജനുവരി 26ന്റെ റിപബ്ലിക് ദിന സായാഹ്നത്തില്‍ തേജസ് ദിനപത്രം ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. വ്യസനകരമെന്നു പറയട്ടെ, തന്റെ സ്വപ്‌നം പൂവണിയുന്നതു കാണാന്‍ കാത്തിരിക്കാതെ, രോഗബാധിതനായി അധികനാള്‍ കഴിയുന്നതിനു മുമ്പ് 2005 ഡിസംബര്‍ 12ന് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. പ്രശ്‌നകലുഷിതമായ സമകാലിക സാഹചര്യത്തില്‍ അഭാവം കൊണ്ടു തന്നെ സാന്നിധ്യം അറിയിക്കുന്ന അദ്ദേഹത്തിന്റെ തുടിക്കുന്ന ഓര്‍മകള്‍ക്കുമുന്നില്‍ ഒരായിരം സ്‌നേഹപ്പൂക്കള്‍!


Next Story

RELATED STORIES

Share it