- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുകുന്ദന്‍ സി മേനോന്‍ ഓര്‍മയായിട്ട് 19 വര്‍ഷം
കെ പി ഒ റഹ്മത്തുല്ല
ഇന്ത്യയിലെ തന്നെ മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധി മുകുന്ദന്‍ സി മേനോന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 19 വര്‍ഷം പൂര്‍ത്തിയാവുന്നു. അവകാശ പോരാട്ടങ്ങളുടെ വഴിയില്‍ പത്രപ്രവര്‍ത്തനത്തെയും മനുഷ്യാവകാശ പ്രവര്‍ത്തനത്തെയും ആയുധം ആക്കിയവര്‍ നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അവര്‍ പത്രപ്രവര്‍ത്തനത്തെ മാത്രമല്ല ജീവിതത്തെ തന്നെ പോരാട്ടം ആക്കി മാറ്റിയ അപൂര്‍വ ജനുസ്സിലെ അവസാന കണ്ണികളില്‍ ഒരാളായിരുന്നു മലയാളിയായ മുകുന്ദന്‍ സി മേനോന്‍ എന്നു പറയുന്നതാണ് ശരി. പത്രപ്രവര്‍ത്തനത്തിലെ ബ്രാഹ്മണ്യത്തെയും മുതലാളിത്തത്തെയും മേനോന്‍ ഒരുപോലെ എതിര്‍ത്തു പോന്നു. പോരാളിയുടെ നിസ്വാര്‍ഥതയും കര്‍മധീരതയും അദ്ദേഹം ജീവിതാവസാനം വരെ തുടര്‍ന്നു. എല്ലാ അധികാര മേധാവിത്വ ശക്തികളെയും എതിര്‍ത്ത് നീതി നിഷേധിക്കപ്പെടുവരുടെ പക്ഷത്ത് നിലയുറപ്പിച്ചു മേനോന്‍ തെളിച്ചെടുത്ത വഴി പത്രപ്രവര്‍ത്തനത്തെയും സാമൂഹികപ്രവര്‍ത്തനത്തെയും സ്ഥാന ചിഹ്നങ്ങളായി കൊണ്ടുനടന്നവര്‍ക്ക് ഒരിക്കലും നടന്നു പോകാന്‍ കഴിയാത്തതായിരുന്നു. ആക്ഷേപിക്കുന്നവരെ മേനോന്‍ വില വച്ചതേയില്ല. തനിക്കു ശരിയെന്നു ബോധ്യപ്പെടുന്നിടത്ത്, തന്റെ കടമയെന്നു തോന്നുന്നിടത്ത്, നിരപരാധി പീഡിപ്പിക്കപ്പെടുന്നു എന്നറിയുന്നിടത്ത് മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ മുകുന്ദന്‍ സി മേനോന്‍ കയറിച്ചെന്ന് കക്ഷിചേര്‍ന്ന് വാദിക്കുകയും പോരാടുകയും ചെയ്തു.
തൃശൂര്‍ വടക്കാഞ്ചേരിയിലെ ചെമ്പകശ്ശേരിയിലാണ് മുകുന്ദന്‍ സി മേനോന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1969ല്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് ചേക്കേറി. നീണ്ട രണ്ടര ദശകം അദ്ദേഹം കേരളത്തിനു പുറത്താണ് ചെലവഴിച്ചത്. അതില്‍ തന്നെ 12 വര്‍ഷം ഡല്‍ഹിയിലും 12 വര്‍ഷം ഹൈദരാബാദിലും ആയിരുന്നു. വളരെ കുറഞ്ഞ കാലംകൊണ്ട് തന്നെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിധം പത്രപ്രവര്‍ത്തന, മനുഷ്യാവകാശ പ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിശ്ശബ്ദതയും അകര്‍മണ്യതയും മേനോന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. കാലെടുത്തുവച്ച രംഗം ഏതായാലും അവിടെയൊക്കെ ന്യായത്തിനു വേണ്ടിയുള്ള പോരാട്ടമാണ് മേനോന്‍ എന്നും ഏറ്റെടുത്തു നടത്തിയിരുന്നത്. അഫ്ഗാനിസ്താനുമേലുള്ള സോവിയറ്റ് അധിനിവേശം ആയാലും ഭരണകൂടത്തിന്റെ നക്‌സലൈറ്റ് വേട്ടയായാലും മുസ്‌ലിംകള്‍ക്കെതിരായ ഫാഷിസ്റ്റ് നരമേധങ്ങളായാലും ബിഹാര്‍ പത്രമാരണ നിയമം പോലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കഴുത്തിനു പിടിക്കുന്ന ഭരണകൂട സര്‍വാധിപത്യ നടപടികള്‍ ആയാലും തടവുകാരുടെ അവകാശനിഷേധത്തിന്റെ പ്രശ്‌നമായാലും അവിടെയൊക്കെ മുകുന്ദന്‍ സി മേനോന്‍ ഹാജരുണ്ടായിരുന്നു.
ഡല്‍ഹിയില്‍ പി കെ കൃഷ്ണമേനോന്‍ മുതല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് വരെയുള്ള വ്യക്തികളുമായി അടുത്തു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ മേനോന് കഴിഞ്ഞിരുന്നു. പിയുസിഎല്‍ പോലെയുള്ള മനുഷ്യാവകാശ, പൗരാവകാശ സംഘടനകളുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. സണ്‍ഡേ ഒബ്‌സര്‍വര്‍, ഹൈദരാബാദിലെ ഉദയം തുടങ്ങിയ പത്രങ്ങള്‍ക്കുവേണ്ടി വളരെ വര്‍ഷങ്ങള്‍ അദ്ദേഹം ജോലി ചെയ്തു. ഒരുവേള പത്രപ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസത്തേക്കാള്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ദൗത്യമായിരുന്നു അതെല്ലാം. പത്രപ്രവര്‍ത്തനം പോലും മനുഷ്യാവകാശ പ്രവര്‍ത്തനമെന്ന ദൗത്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള ഒരു മാധ്യമമായി മാത്രമാണ് മേനോന്‍ കണ്ടിരുന്നത്.
തൃശൂരിലെ മലയാളം എക്‌സ്പ്രസ്, മാതൃഭൂമി, മംഗളം എന്നീ മലയാള പത്രങ്ങളുടെ ഹൈദരാബാദ് ലേഖകനായും ഉദയം പത്രത്തിന്റെ ചീഫ് എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തേജസ് ദൈ്വവാരികയുടെ കണ്‍സള്‍ട്ടന്റ് എഡിറ്ററായിരുന്നു ദീര്‍ഘകാലം അദ്ദേഹം. അവസാനകാലത്ത് തേജസിന്റെ റെസിഡന്റ് എഡിറ്റര്‍ ആയിരുന്നു. കേരള സിവില്‍ ലിബര്‍ട്ടീസ് എന്ന പേരില്‍ സ്വന്തം മനുഷ്യാവകാശ സംഘടന ഉണ്ടാക്കി അദ്ദേഹം കേരളത്തില്‍ എത്തിയ ശേഷവും പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. കേരളത്തിലെ മനുഷ്യാവകാശ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് അദ്ദേഹം മനുഷ്യാവകാശ ഏകോപന സമിതി രൂപീകരിക്കുകയും അതിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആന്ധ്രയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരേ ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി(എപിസിഎല്‍സി)യുമായി സഹകരിച്ചും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
കേന്ദ്ര ഭരണത്തിന്റെയും ആന്ധ്രയിലെ ചെന്നറെഡ്ഡി സര്‍ക്കാരിന്റെ ഭരണത്തിലെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ അതിശക്തമായാണ് മേനോന്‍ നിലകൊണ്ടിരുന്നത്. ദലിത് പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന അവശതകള്‍ക്ക് പരിഹാരം തേടി മേനോന്‍ നിരന്തരം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഭരണകൂടം ഇതെല്ലാം വലിയ ശല്യമായാണ് കണ്ടിരുന്നത്. അദ്ദേഹത്തെ വശത്താക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. അതിനാല്‍ തന്നെ അടിയന്തരാവസ്ഥക്കാലത്ത് നീണ്ട 18 വര്‍ഷം അദ്ദേഹത്തെ അംബാല, റോഹ്തക് ജയിലുകളില്‍ അടച്ചു. അടിയന്തരാവസ്ഥയില്‍ ഡല്‍ഹിയില്‍ തടവ് അനുഭവിച്ച ഏക മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന ബഹുമതിയും മേനോന് സ്വന്തമായിട്ടുള്ളതാണ്.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ വാസം അനുഭവിക്കുന്നതിനിടെ ഇന്ത്യയിലെ വാര്‍ത്തകള്‍ വിദേശ പത്രങ്ങള്‍ക്ക് എത്തിക്കുന്നതിലും മേനോന്‍ വലിയ പങ്കു വഹിച്ചിരുന്നു. ജയപ്രകാശ് നാരായണനടക്കം മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളോടുമൊപ്പമാണ് അദ്ദേഹം ജയിലുകളില്‍ കഴിഞ്ഞിരുന്നത്. ജയിലുകളില്‍ സംഘപരിവാര രാഷ്ട്രീയത്തിനെതിരേ അദ്ദേഹം നിരന്തരം ശബ്ദിക്കുകയും ചെയ്തിരുന്നു. ആന്ധ്രയിലെ നക്‌സലൈറ്റുകളെ ഏറ്റുമുട്ടല്‍ മരണം എന്ന ഓമനപ്പേരിട്ട് ഭരണകൂടം നിരന്തരം വെടിവച്ചു കൊല്ലുന്നതു കണ്ടപ്പോള്‍ ആ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടുതല്‍ ഊര്‍ജസ്വലനായി. ഭരണകൂട ഭീകരതയ്‌ക്കെതിരേ എഴുതുന്ന റിപോര്‍ട്ടുകള്‍ മുഖ്യമന്ത്രി എന്‍ ടി രാമറാവുവിനും തെലുങ്കുദേശം സര്‍ക്കാരിനും എന്നും കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഡല്‍ഹിയില്‍ പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി എപിഡിആര്‍ എന്ന മനുഷ്യാവകാശ സംഘടനയ്ക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നു. അതിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത് മേനോന്‍ ആയിരുന്നു. 1972 ജയിലില്‍ ഉള്ള നക്‌സലൈറ്റ് രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിനു വേണ്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചുകൊണ്ടാണ് എപിഡിആര്‍ രംഗത്തു വന്നത്. ജയപ്രകാശ് നാരായണന്‍ ബിഹാര്‍ പ്രസ്ഥാനവുമായി രംഗത്തുവന്നപ്പോഴും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ബോംബെയില്‍ റെയില്‍വേ സമരം നടന്നപ്പോഴും എല്ലാം മുകുന്ദന്‍ സി മേനോന്‍ അതിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടായിരുന്നു. 1974ലെ വിദ്യാര്‍ഥികള്‍ക്കെതിരേ ഗുജറാത്തില്‍ നടന്ന പോലിസ് നരനായാട്ടിനെതിരേയും അതേവര്‍ഷം തന്നെ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടന്ന പോലിസ് വെടിവയ്പിനെതിരേയും മേനോന്റെ നേതൃത്വത്തില്‍ എപിഡിആര്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പത്രപ്രവര്‍ത്തനവും മനുഷ്യാവകാശ പ്രവര്‍ത്തനവും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് അടിയന്തരാവസ്ഥ കടന്നുവരുന്നത്. ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്ന മേനോനെ മിസ (ആഭ്യന്തര സുരക്ഷിതത്വ നിയമം) പ്രകാരം അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. ജയിലിലും രഹസ്യമായി ഭരണകൂടത്തിനെതിരേയുള്ള ബുള്ളറ്റിനുകളും പ്രസിദ്ധീകരണങ്ങളും പുറത്തിറക്കാന്‍ മേനോന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ ടൈപ്പ് റൈറ്റര്‍ ജയില്‍ വാര്‍ഡന്മാരുടെ കണ്ണുവെട്ടിച്ച് അവിടെ പ്രവര്‍ത്തനനിരതമായിരുന്നു.തീഹാര്‍ ജയിലില്‍ വച്ച് കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി തടവുകാരുടെ നമസ്‌കരിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരേ ആര്‍എസ്എസുകാര്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിനെതിരേ ശക്തമായി അദ്ദേഹം രംഗത്തു വന്ന് ആരാധനാസ്വാതന്ത്ര്യം അവര്‍ക്ക് നേടിക്കൊടുക്കുകയും ചെയ്തു.
മുന്‍ പ്രധാനമന്ത്രി വാജ്‌പേയ്,ആര്‍എസ്എസ് തലവന്‍ നാനാജി ദേശ്മുഖ്, ജോര്‍ജ് ഫെര്‍ണാണ്ടസ്, മൊറാര്‍ജി ദേശായി, ദേവി ലാല്‍, പിലുമോഡി എന്നിവരൊക്കെ മേനോന്റെ സഹ തടവുകാരായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ പിയുസിഎല്‍ രൂപീകരിച്ചപ്പോള്‍ മുകുന്ദന്‍ സി മേനോന്‍ അതിന്റെ സ്ഥാപക മെംബര്‍മാരില്‍ ഒരാളായിരുന്നു. താന്‍ സെക്രട്ടറിയായിരുന്ന എപിഡിആര്‍ സംഘടനയെ അദ്ദേഹം പിയുസിഎല്ലില്‍ ലയിപ്പിക്കുകയും ചെയ്തു. ആദ്യത്തെ രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായിരുന്ന മേനോന്‍ 197780 കാലഘട്ടത്തില്‍ പിയുസിഎല്‍ ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
1978ല്‍ ജനതാ സര്‍ക്കാര്‍ കൊണ്ടുവന്ന ജനവിരുദ്ധ നിയമമായ ബിഹാര്‍ പ്രസ്സ് ബില്ല് പിന്‍വലിക്കാന്‍ കാരണമായ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലും അദ്ദേഹം ഉണ്ടായിരുന്നു. സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് ഗാനം പാടിയതിന് മലയാള കവി സച്ചിദാനന്ദനെ 1980ല്‍ സിപിഎം സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പിയുസിഎല്‍ നാഷണല്‍ കമ്മിറ്റി മേനോനെ കേരളത്തിലേക്ക് അയക്കുകയുണ്ടായി. 197778 കാലത്തെ ഡല്‍ഹി ഭരണകൂടം രൂപീകരിച്ച ജയില്‍ പരിഷ്‌കരണ കമ്മിറ്റിയിലും ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. അടിയന്തരാവസ്ഥയില്‍ പോലിസ് കസ്റ്റഡിയില്‍ കോഴിക്കോട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി രാജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് ഈച്ചര വാരിയര്‍ക്ക് ജസ്റ്റിസ് കൃഷ്ണയ്യരുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് മുകുന്ദന്‍ സി മേനോന്‍ ആയിരുന്നു.
1993ല്‍ ജന്മനാടായ കേരളത്തില്‍ തിരിച്ചെത്തിയതോടെയാണ് മുകുന്ദന്‍ സി മേനോനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനെ കേരളം അടുത്തറിയുന്നത്. സംസ്ഥാനത്തെ പോലിസ് മര്‍ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും അദ്ദേഹത്തിലെ പൗരാവകാശ പ്രവര്‍ത്തകനെ അഗാധമായി ദുഃഖിപ്പിച്ചു. വിശ്രമ ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം തിരികെ കേരളത്തിലേക്ക് വന്നതെങ്കിലും ദിവസവും പത്രങ്ങളില്‍ വന്നുകൊണ്ടിരുന്ന ലോക്കപ്പ് മരണങ്ങളും പോലിസ് മര്‍ദ്ദനങ്ങളും ആദിവാസി, ദലിത് പീഡനങ്ങളും ആ മനുഷ്യാവകാശ പോരാളിയെ വല്ലാതെ നൊമ്പരപ്പെടുത്തുകയും പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സാക്ഷരതയിലും പ്രബുദ്ധതയിലും വളരെ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരേ ഡല്‍ഹിയിലെയും ഹൈദരാബാദിലെയും ജീവിതകാലത്തേക്കാള്‍ വളരെ ശക്തമായി തന്നെ ആഞ്ഞടിക്കാന്‍ മേനോനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ഒരൊറ്റയാള്‍ പട്ടാളമായി മേനോന്റെ ജൈത്രയാത്ര അതോടെ ആരംഭിക്കുകയായിരുന്നു. അത്രയും കാലം റിട്ടയര്‍ ചെയ്ത ന്യായാധിപന്മാരും കേസുകള്‍ ഒന്നുമില്ലാത്ത അഭിഭാഷകരും നേരമ്പോക്കിനു മാത്രം ഉപയോഗിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തനം ഗൗരവതലത്തില്‍ സമൂഹത്തില്‍ ചര്‍ച്ചയാവുകയായിരുന്നു. പോലിസ് ഭരണകൂട ഭീകരതയ്‌ക്കെതിരേ മേനോന്‍ രംഗത്തു വന്നതോടെ സമൂഹത്തിലെ മര്‍ദ്ദിതരും പീഡിതരും ദലിതരും ന്യൂനപക്ഷങ്ങളും കാതോര്‍ക്കുന്ന വേറിട്ട ശബ്ദമായി അദ്ദേഹം മാറി. മനുഷ്യാവകാശത്തിനു മുറിവേല്‍ക്കുമ്പോള്‍ ഓടിയെത്തുന്ന നിറസാന്നിധ്യമായി അദ്ദേഹം. നിക്ഷിപ്ത താല്‍പ്പര്യങ്ങളോ സ്വാര്‍ഥതയോ ഒന്നും തന്നെ ഇല്ലാതെ യഥാര്‍ഥ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി മേനോന്‍ മുന്നില്‍ നിന്നുതന്നെ സംസാരിച്ചു തുടങ്ങിയതോടെ ഭരണകൂടവും പോലിസും ഒക്കെ ആ ശബ്ദത്തെ ഭയപ്പെട്ടു തുടങ്ങി.
കേരളത്തിലെ മനുഷ്യാവകാശ സംഘടനകളെ ഒരു കൊടിക്കീഴില്‍ അണിനിരത്തിക്കൊണ്ട് അദ്ദേഹം സ്ഥാപിച്ച മനുഷ്യാവകാശ ഏകോപന സമിതി വളരെ ശക്തമായി തന്നെ മുന്നോട്ടു പോയി. അവകാശനിഷേധങ്ങള്‍ക്കെതിരേ ഈ ഏകോപന സമിതി ശക്തമായി തന്നെ പ്രവര്‍ത്തിക്കുകയുണ്ടായി. നിയമം പാലിക്കാനും നടപ്പാക്കാനും ഭരണകൂടങ്ങളും അവരുടെ ചട്ടുകങ്ങളായ പോലിസും നിര്‍ബന്ധിതമായി എന്നതാണ് സത്യം. ഏറ്റവും ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ നിലവില്‍ വന്നപ്പോഴും അതിനുമുന്നില്‍ പരാതികള്‍ എത്തിക്കാനും പരിഹാരം തേടാനും മനുഷ്യാവകാശ ഏകോപന സമിതിയും മുകുന്ദന്‍ സി മേനോനും മുന്നിലുണ്ടായിരുന്നു.
മനുഷ്യാവകാശ കമ്മീഷന്‍ തിരുവനന്തപുരത്ത് നടത്തിയ ഒരു സെമിനാറില്‍ ഉദ്ഘാടകനായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത്, മനുഷ്യാവകാശ കമ്മീഷനെ മുകുന്ദന്‍ സി മേനോനെ പോലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഇല്ലാത്ത മനുഷ്യാവകാശ പ്രവര്‍ത്തകരാണ് നയിക്കേണ്ടത് എന്നായിരുന്നു. ജയിലില്‍ മരണപ്പെട്ട, പിന്നാക്ക സമുദായത്തില്‍ പെട്ട ഒരാളുടെ മൃതദേഹവുമായി മനുഷ്യാവകാശ കമ്മീഷന്‍ ഓഫിസിനു മുന്നില്‍ മേനോന്‍ ധര്‍ണ നടത്തിയത് ഇന്നും മറക്കാന്‍ കഴിയില്ല. ആക്രി പെറുക്കി വിറ്റിരുന്ന രാജേഷ് എന്നു പറയുന്ന ഒരു പാവപ്പെട്ടവനെ തിരുവനന്തപുരം പോലിസ് മര്‍ദ്ദിച്ചപ്പോള്‍ അതിനെതിരേ മേനോന്‍ രംഗത്തു വന്ന് പോലിസില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കുന്ന രൂപത്തിലേക്ക് വിഷയം എത്തിച്ചു.
നരേന്ദ്രമോദിയെ വധിക്കാന്‍ എന്ന പേരില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ മലയാളിയായ ജാവീദ് ശെയ്ഖ് എന്ന പ്രാണേഷ് കുമാറിനെ ഗുജറാത്ത് സര്‍ക്കാര്‍ കൊലപ്പെടുത്തിയപ്പോള്‍ അതിനെതിരേ മേനോന്‍ ശക്തമായി രംഗത്തുവരുകയും പിതാവ് ഗോപിനാഥപിള്ളക്ക് നിയമ യുദ്ധത്തിനുള്ള എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തു. അബ്ദുന്നാസര്‍ മഅ്ദനി വിചാരണയില്ലാതെ നീണ്ടകാലം തടവറയില്‍ ആയപ്പോള്‍ അതിനെതിരേ ആദ്യമായി രംഗത്തു വന്നതും മുകുന്ദന്‍ സി മേനോന്‍ തന്നെയായിരുന്നു. ഇന്ത്യയില്‍ സംഘപരിവാരം നടത്തിയ വര്‍ഗീയ കലാപങ്ങളെ കുറിച്ചൊക്കെ വളരെ കൃത്യമായ ധാരണയോടെയാണ് മേനോന്‍ സംസാരിച്ചിരുന്നത്. ഫാഷിസ്റ്റുകളെ കുറിച്ചും ഇന്ത്യയിലെ ജാതീയതയെയും ചാതുര്‍വര്‍ണ്യത്തെയും വളരെ കൃത്യമായി തന്നെ മനസ്സിലാക്കിയ വ്യക്തിയായിരുന്നു മേനോന്‍.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഏഷ്യ വാച്ച്, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് മേനോന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ എല്ലാം ഇടപെട്ട് സര്‍ക്കാരിനെക്കൊണ്ട് മറുപടി പറയിക്കാന്‍ മേനോന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏതെങ്കിലും ഒരു പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിക്കാന്‍ അദ്ദേഹത്തെ പ്രതിപക്ഷം നിര്‍ബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ ഹൈദരാബാദില്‍ അന്തരിച്ചപ്പോള്‍ അക്കാര്യം ലോകത്തെ ആദ്യം അറിയിച്ചത് മേനോന്‍ ആയിരുന്നു.
ബുദ്ധികൂര്‍മതയിലും ഓര്‍മശക്തിയിലും മുന്നിലായിരുന്നു മേനോന്‍. സംഭവങ്ങളും വര്‍ഷങ്ങളും ഒക്കെ അദ്ദേഹത്തിന് അത്രമേല്‍ കാണാപ്പാഠമായിരുന്നു. ലേഖനങ്ങള്‍ എഴുതുമ്പോള്‍ അദ്ദേഹത്തിന് റഫറന്‍സിനു വേണ്ടി പുസ്തകങ്ങള്‍ തിരയേണ്ടി വരുകയോ ഡയറി വേണ്ടി വരുകയോ ചെയ്യുമായിരുന്നില്ല. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നിവയില്‍ എല്ലാം അദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുക്കുകയും വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സൂര്യ ടിവിയില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന 'അവകാശങ്ങള്‍ നിഷേധങ്ങള്‍' എന്ന പ്രതിവാര പരിപാടിയായിരുന്നു കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ഷോ. കലാകൗമുദി, മാധ്യമം, തേജസ് മാസിക എന്നീ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം നിരന്തരം മനുഷ്യാവകാശ ലേഖനങ്ങള്‍ എഴുതിയിരുന്നു.
ഭരണകൂടത്തിന്റെയോ മുതലാളിത്തത്തിന്റെയോ മറ്റ് സ്ഥാപിത താല്‍പ്പര്യക്കാരുടെയോ ഒരുവിധ വാഗ്ദാനങ്ങളിലും മേനോന്‍ വീണു പോയിരുന്നില്ല. അതിനാല്‍ തന്നെ ഭരണകൂടവും മുഖ്യധാരാ മാധ്യമങ്ങളുമെല്ലാം അദ്ദേഹത്തിനെതിരേ എല്ലാ കാലത്തും തിരിഞ്ഞിരുന്നു. മേനോന്‍ ഇടപെട്ടതിലൂടെ പരിഹാരമുണ്ടായ നിരവധി വിഷയങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ എതിര്‍പക്ഷത്തു നിന്നിരുന്നവര്‍ നിരവധി ആക്ഷേപങ്ങള്‍ അക്കാലത്തും ഉന്നയിച്ചിരുന്നു. രാജ്യദ്രോഹി, ചൈനാ ചാരന്‍, ഐഎസ്‌ഐ ഏജന്റ്, ഭീകരവാദി, തീവ്രവാദി എന്നിങ്ങനെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ഒന്നും അദ്ദേഹം ഗൗനിച്ചിരുന്നില്ല. അതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തനം അവസാനിപ്പിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല.
സഹജീവികള്‍ക്കായി സമര്‍പ്പിച്ച ജീവിതം എന്നാണ് മേനോനെ വിശേഷിപ്പിക്കേണ്ടത്. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനായി സ്വയം ഉരുകി തീര്‍ന്ന ഒരു മെഴുകുതിരിയായിരുന്നു അദ്ദേഹം എന്നതാണ് സത്യം. 57ാം വയസ്സിലാണ് മേനോന്‍ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ നഷ്ടം ലോകത്തെയും ഇന്ത്യയിലെയും കേരളത്തിലെയും മനുഷ്യാവകാശ, പൗരാവകാശ പ്രവര്‍ത്തനരംഗത്ത് വലിയ വിടവാണ് സൃഷ്ടിച്ചത്. മേനോനെ പോലെ മറ്റൊരാള്‍ പിന്നീട് ഉണ്ടായിട്ടില്ല. ഭരണകൂട ഭീകരതയ്‌ക്കെതിരേ ജീവിതാവസാനം വരെ സന്ധിയില്ലാ സമരം നയിച്ച വലിയ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു മുകുന്ദന്‍ സി മേനോന്
RELATED STORIES
മൊബൈല് ഫോണ് ചാര്ജര് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള് വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാന് സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMTട്രാന്സ്ജെന്ഡര് വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്ണ്ണമെന്റുകളില്...
12 Dec 2024 5:50 AM GMTചാംപ്യന്സ് ലീഗ്; മാഞ്ചസ്റ്റര് സിറ്റിക്ക് തോല്വി തന്നെ തുണ;...
12 Dec 2024 5:29 AM GMT