voice over

ജലധാരയന്ത്രം ശിവലിംഗമാവുന്ന മായാജാലം!

X

കാശി, മഥുര ബാക്കീ ഹെ...ഭാഗം 9:

ജലധാരയന്ത്രം ശിവലിംഗമാവുന്ന മായാജാലം!

ബാബരി മസ്ജിദിന്റെ മിഹ്‌റാബില്‍ രാമന്‍ സ്വയംഭൂവായെന്നായിരുന്നു അയോധ്യയിലെ തുറുപ്പു ശീട്ട്. 1949 ഡിസംബര്‍ 22 ലെ അര്‍ധരാത്രിയില്‍ അതിക്രമിച്ചു കടന്നു രാംലല്ല വിഗ്രഹം സ്ഥാപിച്ചാണ് ഈ സ്വയംഭൂ വാദത്തിന് തെളിവുണ്ടാക്കിയത്. മഥുരയിലാകട്ടെ ഈദ് ഗാഹ് മസ്ജിദിനു തൊട്ടു സമീപം തന്നെയുള്ള ക്ഷേത്രത്തില്‍ നിന്ന് പള്ളിയുടെ ഭിത്തിയിലേക്ക് രഹസ്യതുരങ്കമുണ്ടാക്കി തടവറയിലുള്ളതുപോലെ ജനല്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ഖനനം നടക്കുമ്പോള്‍ തെളിവുണ്ടാക്കാനായിരുന്നു ഇത്. ശ്രീകൃഷ്ണന്‍ തടവറയിലാണ് ജനിച്ചതെന്നാണല്ലോ വിശ്വാസം. കാശിയിലെത്തുമ്പോള്‍ ശിവലിംഗമാണ് ഹിന്ദുത്വരുടെ ആയുധം. 2000 ല്‍ ക്ഷേത്രത്തില്‍ നിന്നു പിഴുതെടുത്ത ശിവലിംഗം പള്ളിക്കകത്തേക്കു വലിച്ചെറിഞ്ഞ് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഈ സംഭവം പുറത്തു പറഞ്ഞത് പ്രദേശത്തെ സന്ന്യാസിയായ മഹന്ത് രാജേന്ദ്ര തിവാരിയാണ്. ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തലവന്‍ എസ് കെ പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നുവത്രേ ഈ അക്രമം അരങ്ങേറിയത്. 2018 ഒക്ടോബര്‍ 25 ന് സിവില്‍ കോടതി നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെ പ്രദേശത്തെ നിര്‍മാണ പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ കരാറുകാരന്‍ പള്ളിയുടെ വടക്കുഭാഗത്തെ മതിലിന്റെ ഒരു ഭാഗം ഒരു വ്യാഴാഴ്ച അര്‍ധരാത്രി പൊളിച്ചുനീക്കി. പിറ്റേന്ന് പ്രദേശത്തെ മുസ്‌ലിംകള്‍ ഒത്തുകൂടി പ്രതിഷേധിച്ചതോടെ അന്നു രാത്രിയോടെ മതില്‍ പുതുക്കിപ്പണിതു. പള്ളിയുടെ വടക്കു ഭാഗത്തെ ചുമരിനു സമീപം ശിവന്റെ വാഹനമായ നന്ദിയുടെ ചെറിയ വിഗ്രഹം കുഴിച്ചിടാനുള്ള ശ്രമവും നടന്നിരുന്നു. പഴക്കമുള്ള ഒരു നന്ദി വിഗ്രഹം പകല്‍വെളിച്ചത്തില്‍ പള്ളിവളപ്പില്‍ കുഴിച്ചിടാന്‍ പ്രദേശത്തെ ഹിന്ദുത്വര്‍ നടത്തിയ കള്ളക്കളി നാട്ടുകാരുടെ സഹായത്തോടെ മസ്ജിദ് കമ്മിറ്റി കൈയോടെ പിടി കൂടിയതിനാല്‍ അവരുടെ പദ്ധതി പാളിപ്പോയി.


ഏറ്റവും ഒടുവിലാണ് പള്ളിക്കുള്ളില്‍ നടത്തിയ സര്‍വേയില്‍ മുസ്‌ലിംകള്‍ നമസ്‌കാരത്തിന് അംഗശുദ്ധി വരുത്തുന്ന വുദു ഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം ഉയര്‍ന്നു വരുന്നത്. വുദു ഖാനയില്‍ വെള്ളം നിറക്കുന്ന ഫൗണ്ടനാണ് പുരാവസ്തു ഗവേഷകര്‍ക്ക് ശിവലിംഗമായി മാറിയത്! കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ സര്‍വേ നടത്തുന്നതിനിടെ അവസാന ദിവസം ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദുത്വ പക്ഷത്തിന്റെ അഭിഭാഷകന്‍ വാരാണസി കോടതിയില്‍ ബോധിപ്പിച്ചു. കേട്ട പാതി കേള്‍ക്കാത്ത പാതി ശിവലിംഗം കണ്ടെത്തിയ സ്ഥലം അടച്ചുപൂട്ടി സീല്‍ ചെയ്യാനും ആ സ്ഥലത്തേക്ക് ആളുകളുടെ പ്രവേശനം തടയാനും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍രാജ് ശര്‍മയോട് വാരാണസി കോടതി ഉത്തരവിട്ടു. വുദുഖാന അടച്ചുപൂട്ടാനും പളളിയിലേക്ക് മുസ്‌ലിംകള്‍ക്കുള്ള പ്രവേശനം 20 പേര്‍ക്കു മാത്രമായി പരിമിതപ്പെടുത്താനും ജഡ്ജി നിര്‍ദേശിച്ചു.


വളരെ അസാധാരണവും അന്യായവുമായ നടപടിയായിരുന്നു ഇത്. സര്‍വേ നടത്തുന്ന അഭിഭാഷക കമ്മീഷന്റെ റിപോര്‍ട്ട് കോടതി മുമ്പാകെ എത്തുന്നതിന്റെ മുമ്പായിരുന്നു ഈ വിധി. സര്‍വേ സ്ഥലത്തുണ്ടായിരുന്ന വിഷ്ണു ശങ്കര്‍ ജയിന്‍ എന്ന അഭിഭാഷകന്‍ കോടതിയിലുണ്ടായിരുന്ന തന്റെ അച്ഛനെ വിളിച്ച് ശിവലിംഗം കണ്ടെന്ന് പറഞ്ഞു. വിഷ്ണുശങ്കര്‍ ജയിന്റെ പിതാവാണ് ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകന്‍ കൂടിയായ ഹരിശങ്കര്‍ ജയ്ന്‍. അഭിഭാഷക കമ്മീഷന്‍ റിപോര്‍ട്ടോ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിന്റെ ചിത്രങ്ങളോ പോലും കാണാതെ പള്ളിയുടെ എതിര്‍കക്ഷിയുടെ അഭിഭാഷകന്റെ ഒരു പ്രസ്താവന മാത്രം വിശ്വസിച്ച് വാരാണസി കോടതി കൈക്കൊണ്ട നടപടി ഏകപക്ഷീയമായിരുന്നു. അഭിഭാഷക കമ്മീഷന്റെ റിപോര്‍ട്ട് എതിര്‍കക്ഷികള്‍ക്ക് കൂടി കൈമാറി ഇരുപക്ഷത്തിനും പറയാനുള്ളതു കൂടി കേട്ട ശേഷമാണ് തുടര്‍ നടപടികളും കോടതി ഉണ്ടാവേണ്ടിയിരുന്നത്.


കണ്ടെത്തിയ വസ്തു തന്റെ അറിവില്‍ പെട്ടിടത്തോളം ഫൗണ്ടന്‍ ആണെന്ന് കാശി വിശ്വനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട സന്ന്യാസിയായ മഹന്ത് ഗണേശ് ശങ്കര്‍ വ്യക്തമാക്കുന്നു. വുദു ഖാനയില്‍ കണ്ടത് ഫൗണ്ടന്‍ ആണെന്ന് സംശയമുണ്ടെന്നും കാശിക്ഷേത്രം മുന്‍ മുഖ്യപൂജാരി മഹന്ത് രാജേന്ദ്ര തിവാരിയും ചൂണ്ടിക്കാട്ടുന്നു. ശിവലിംഗത്തിന് ദ്വാരമുണ്ടാവുകയില്ലെന്നും അദ്ദേഹം പറയുന്നു.


വിശ്വാസമാണ് പരമപ്രധാനമെന്ന് പറയുമ്പോഴും കാശി വിശ്വനാഥ ഇടനാഴിക്കു വേണ്ടി നൂറുകണക്കിന് ശിവലിംഗങ്ങളും ക്ഷേത്രങ്ങളും തകര്‍ത്തുവെന്ന് പ്രദേശവാസികളും പുരോഹിതരുമായ ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. വിശ്വാസമല്ല, വിദ്വേഷത്തിലൂടെ വിളവെടുപ്പു നടത്തി അധികാരം ഉറപ്പിക്കലാണ് ബിജെപിയുടെയും സംഘപരിവാരത്തിന്റെയും ലക്ഷ്യമെന്നത് സംശയാതീതമായി തെളിഞ്ഞ വസ്തുതയാണ്.


ബാബരിക്കു ശേഷം മഥുരയിലെയും കാശിയിലെയും പള്ളികള്‍ക്കു നേരെ ആര്‍എസ്എസ് അവകാശവാദം ഉന്നയിക്കുമെന്നും തകര്‍ക്കാന്‍ നീക്കം നടത്തുമെന്നുമുള്ള സൂചനകള്‍ മുന്നേ വ്യക്തമായിരുന്നു. പക്ഷേ, അവയിലൊതുങ്ങില്ല മുസ്‌ലിം പള്ളികളിന്മേലുള്ള അതിക്രമങ്ങള്‍. സംഘപരിവാരത്തിന്റെ അവസാനിക്കാതെ അവകാശവാദങ്ങളെ കുറിച്ച് അടുത്ത എപ്പിസോഡില്‍...

Next Story

RELATED STORIES

Share it