രാജി വാഗ്ദാനം തള്ളി; കോണ്‍ഗ്രസിനെ പൂര്‍ണമായും അഴിച്ചുപണിയാന്‍ രാഹുലിനെ ചുമതലപ്പെടുത്തി
തല്‍സ്ഥാനത്ത് തുടരാനും പാര്‍ട്ടിയെ പൂര്‍ണമായി അഴിച്ചു പണിയാനും കമ്മിറ്റി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചതായി പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി(സിഡബ്ല്യുസി) തള്ളി. തല്‍സ്ഥാനത്ത് തുടരാനും പാര്‍ട്ടിയെ പൂര്‍ണമായി അഴിച്ചു പണിയാനും കമ്മിറ്റി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചതായി പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് എത്രയും പെട്ടെന്ന് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വെല്ലുവിളി നേരിടുന്ന ഈ സമയത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ സിഡബ്ല്യുസി ഏകകണ്ഠമായി രാഹുലിനോട് ആവശ്യപ്പെട്ടുവെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കമ്മിറ്റിയില്‍ ആരും അദ്ദേഹത്തിന്റെ നേതൃശേഷിയില്‍ സംശയം പ്രകടിപ്പിച്ചില്ല. അദ്ദേഹത്തിന് തുഴയാന്‍ കഴിയാത്തത്രയും കടുത്ത സാഹചര്യമാണ് മുന്നിലുണ്ടായിരുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
യോഗത്തിന് ശേഷം പുറത്തുവിട്ട പ്രമേയത്തില്‍ ജനങ്ങളുടെ വിധി മാനിക്കുന്നതായും പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കുമെന്നും വ്യക്തമാക്കി. ജനങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്തുകയും അടുത്ത സര്‍ക്കാര്‍ ജനങ്ങളോടുള്ള ബാധ്യത നിര്‍വഹിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പാര്‍ട്ടിയുടെ ആശയപരമായ യുദ്ധത്തിന് രാഹുല്‍ നേതൃത്വം നല്‍കണം. ഇന്ത്യയിലെ യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും, ദലിത്-ഒബിസി-ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി സംസാരിക്കണം. വെറുപ്പിനും വിഭാഗീയതയ്ക്കും എതിരായ പാര്‍ട്ടിയുടെ പോരാട്ടം തുടരുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.