സിമി ബന്ധം ആരോപിച്ച് ഭോപ്പാല്‍ ജയിലില്‍ കഴിയുന്ന അന്‍സാര്‍ നദ് വിക്ക് പരോള്‍

സപ്തംബര്‍ 25 മുതല്‍ 35 ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്. ഇക്കഴിഞ്ഞ 18നാണു അബ്്ദുര്‍റസാഖ് മരണപ്പെട്ടത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നതിനു വേണ്ടി പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരുന്നത്.

Update: 2019-09-24 11:03 GMT

കൊച്ചി: സിമി ബന്ധം ആരോപിച്ച് ഭോപ്പാല്‍ ജയിലില്‍ കഴിയുന്ന ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വിക്ക് കോടതി പരോള്‍ അനുവദിച്ചു. തന്നെ ജയിലില്‍ കാണാനെത്തുന്നതിനിടെ ഇന്‍ഡോറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട പിതാവ് അബ്ദുര്‍റസാഖി(68)ന്റെ ഖബറിടം സന്ദര്‍ശിക്കാനും മാതാവിനൊപ്പം നില്‍ക്കാനുമാണ് കോടതിയുടെ അനുമതി. സപ്തംബര്‍ 25 മുതല്‍ 35 ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്. ഇക്കഴിഞ്ഞ 18നാണു അബ്്ദുര്‍റസാഖ് മരണപ്പെട്ടത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നതിനു വേണ്ടി പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരുന്നത്.

    നേരത്തേ, 2006 ആഗസ്ത് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന സെമിനാറില്‍ പങ്കെടുത്തതിനു സിമിയുടെ രഹസ്യയോഗമെന്ന് ആരോപിച്ച് എന്‍ഐഎ അന്വേഷിച്ച കേസില്‍ അന്‍സാര്‍ നദ് വിയെയും ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, നടയ്ക്കല്‍ പാറയ്ക്കല്‍ വീട്ടില്‍ അബ്ദുര്‍ റാസിഖ്, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് തുടങ്ങിയവരെയെല്ലാം ഹൈക്കോടതി വെറുതെ വിട്ടിരുന്നു. 2008 മാര്‍ച്ച് 26ന് ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അന്‍സാര്‍ നദ് വി ഉള്‍പ്പെടെ 13 പേരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തത്. അവിടെ രജിസ്റ്റര്‍ ചെയ്ത മൂന്നുകേസില്‍ രണ്ടെണ്ണത്തിലും കോടതി വെറുതെവിട്ടിരുന്നു.

എന്നാല്‍, ഒരു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അന്‍സാര്‍ നദ് വി ഭോപ്പാല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തിനായി അഭിഭാഷകരുമായി സംസാരിക്കാനുള്ള യാത്രാമധ്യേയാണ് പിതാവ് അബ്ദുര്‍ റസാഖ് മരണപ്പെട്ടത്. പരോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പിതാവിന്റെ മയ്യിത്ത് കാണാന്‍ അന്‍സാര്‍ നദ്‌വിക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. അന്‍സാര്‍ നദ് വിയുടെ സഹോദരനും മറ്റൊരു കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന അബ്്ദുല്‍ സത്താറിന് പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിച്ചിരുന്നു.




Tags:    

Similar News