പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍; മോദിക്ക് ഇനിയൊരു തിരിച്ചുവരവില്ല
അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാനിരിക്കേ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോദിക്കെതിരേ രാഹുല്‍ ആഞ്ഞടിച്ചത്. 1999ല്‍ മസ്ഊദ് അസ്ഹറിനെ പാകിസ്താന് വിട്ടുകൊടുത്തതിനെയും രാഹുല്‍ ചോദ്യം ചെയ്തു.
ന്യൂഡല്‍ഹി: തൊഴില്‍, സാമ്പത്തികം, കൃഷി തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാനിരിക്കേ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോദിക്കെതിരേ രാഹുല്‍ ആഞ്ഞടിച്ചത്. 1999ല്‍ മസ്ഊദ് അസ്ഹറിനെ പാകിസ്താന് വിട്ടുകൊടുത്തതിനെയും രാഹുല്‍ ചോദ്യം ചെയ്തു.
ആരാണ് മസ്ഊദ് അസ്ഹറിനെ പാകിസ്താനിലേക്ക് അയച്ചത്? കോണ്‍ഗ്രസാണോ? ആരാണ് ഭീകരതയുമായി അനുരഞ്‌നത്തിലെത്തിയത്? കോണ്‍ഗ്രസ് അയാളെ അങ്ങോട്ട് അയച്ചിട്ടില്ല. ബിജെപി ഭീകരതയോട് വിട്ടുവീഴ്ച്ച ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം-രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മസ്ഊദ് അസഹറിനെ ബുധനാഴ്ച്ച യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോകപ്പെട്ട വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി 1999ല്‍ ബിജെപി സര്‍ക്കാരാണ് മസ്ഊദ് അസ്ഹറിനെ മോചിപ്പിച്ചത്.
തിരഞ്ഞെടുപ്പ് അവസാനത്തിലേക്ക് അടുക്കുമ്പോള്‍ വ്യക്തമാകുന്നത് മോദി പുറത്തു പോകും എന്നാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരും. മോദിയും ബിജെപിയും തിരഞ്ഞെടുപ്പില്‍ പുറത്തു പോകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തലെന്ന് രാഹുല്‍ പറഞ്ഞു.
യുപിഎയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വീഡിയോ ഗെയിം എന്ന് ആക്ഷേപിച്ച മോദി സൈന്യത്തെയാണ് അപമാനിക്കുന്നത്. ഞങ്ങള്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നില്ല. ഇന്ത്യന്‍ സൈന്യം നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്ത് അല്ല. കോണ്‍ഗ്രസ് ഭരണ കാലത്ത് മിന്നലാക്രമണം നടന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത് സൈന്യത്തെയാണെന്നും രാഹുല്‍ വിശദമാക്കി. സൈന്യത്തിന് കാലങ്ങളായി മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളത്. അതില്‍ മോദിക്ക് എന്തു കാര്യമെന്നും രാഹുല്‍ ചോദിച്ചു.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മോദി തകര്‍ത്തു കളഞ്ഞു. നോട്ട് നിരോധനം ഇന്ത്യയിലെ സാധാരണക്കാരെ തകര്‍ത്തു. ന്യായ് പദ്ധതി സാമ്പത്തിക രംഗത്തെ പുനരുജ്ജിവിപ്പിക്കാനുള്ള പദ്ധതിയാണ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാജ്യത്തെ തകര്‍ന്നു നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിക്ക് വൈദഗ്ധ്യം ഇല്ല. വിദഗ്ധരെ അദ്ദേഹം ഉപയോഗപ്പെടുത്തുന്നുമില്ല. നമുക്ക് ജോലിയെക്കുറിച്ചും അഴിമതിയെക്കുറിച്ചും സംവാദം നടത്താമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് 10 മിനിറ്റ മാത്രം തന്നാല്‍ മതി. അംബാനിയുടെ വീട് ഒഴിച്ച് താങ്കള്‍ ഉദ്ദേശിക്കുന്ന ഏത് സ്ഥലത്തു വച്ചും ഞാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്-രാഹുല്‍ കളിയാക്കി