രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; ഇന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും

ഡല്‍ഹിയില്‍ ഉള്ള എംപിമാരോട് മടങ്ങി പോകരുതെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Update: 2022-06-16 05:43 GMT

ന്യൂഡല്‍ഹി:എഐസിസി ആസ്ഥാനത്തെ പോലിസ് അതിക്രമത്തിനും,സോണിയ ഗാന്ധിക്കും രാഹുലിനുമെതിരായ ഇഡി നടപടിക്കുമെതിരേ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്.ഇന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും.ഡല്‍ഹിയില്‍ ഉള്ള എംപിമാരോട് മടങ്ങി പോകരുതെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് രാഹുലിനോട് നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ തുടര്‍ സമര പരിപാടികള്‍ സംബന്ധിച്ച കൂടിയാലോചനകളും ഇന്ന് നടക്കും.ചോദ്യം ചെയ്യലുമായി രാഹുല്‍ ഗാന്ധി സഹകരിക്കുന്നില്ലെന്നും മറുപടികള്‍ തൃപ്തികരമല്ല എന്നുമാണ് ഇഡി വൃത്തങ്ങള്‍ റിയിക്കുന്നത്.

അതിനിടെ, എഐസിസി ആസ്ഥാനത്തേക്ക് ഡല്‍ഹി പോലിസ് കടന്നതിനെതിരെ തുഗ്ലക്ക് റോഡ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിനെതിരായ നടപടിയില്‍ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കാന്‍ കെപിസിസി തീരുമാനിച്ചിട്ടുണ്ട്.എഐസിസി ആഹ്വാന പ്രകാരം ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.മാര്‍ച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുക്കും.

രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായിരുന്നു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    

Similar News