കൊറോണ: ചൈനയില്‍ നിന്നെത്തുന്നവരെ താമസിപ്പിക്കാന്‍ സൈന്യം പ്രത്യേക കേന്ദ്രം ഒരുക്കി
ഡല്‍ഹിക്കു സമീപം മനേസറിലാണ് 300 വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ കഴിയുംവിധം എല്ലാ സജ്ജീകരണങ്ങളോടും കൂടിയ താമസസ്ഥലം ഇന്ത്യന്‍ സൈന്യം ഒരുക്കിയത്.
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാനായി പ്രത്യേക കേന്ദ്രം ഒരുങ്ങി. ഡല്‍ഹിക്കു സമീപം മനേസറിലാണ് 300 വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ കഴിയുംവിധം എല്ലാ സജ്ജീകരണങ്ങളോടും കൂടിയ താമസസ്ഥലം ഇന്ത്യന്‍ സൈന്യം ഒരുക്കിയത്.
വിദ്യാര്‍ഥികളെ രണ്ടാഴ്ചത്തോളം ഇവിടെ താമസിപ്പിച്ച് ഒരു സംഘം ഡോക്ടര്‍മാര്‍ വൈറസ് ബാധയുണ്ടോയെന്നു നിരീക്ഷിക്കും. ഇവര്‍ വന്നിറങ്ങുന്ന വിമാനത്താവളത്തില്‍ ആദ്യ പരിശോധന നടത്തും. വിമാനത്താവളത്തിലെ ആരോഗ്യ അധികൃതരുടെയും സൈനിക ഡോക്ടര്‍മാരുടെയും നേതൃത്വത്തിലാകും പരിശോധന. രോഗലക്ഷണങ്ങളുള്ളവരെ ഡല്‍ഹി കണ്‍ടോണ്‍മെന്റിലെ ബേസ് ആശുപത്രയിലേക്കു മാറ്റും. മറ്റുള്ളവരെ നേരിട്ട് മനേസറിലേക്കു കൊണ്ടുവരും.
വിദ്യാര്‍ഥികളെ മൂന്നു സംഘങ്ങളാക്കി തിരിച്ചാകും വിമാനത്താവളത്തില്‍ പരിശോധന നടത്തുക. ആദ്യം കൊറോണയുടെ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ ഉള്ളവരെ പരിശോധിക്കും. ഇവരെ നേരിട്ട് ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും വുഹാനിലെ മത്സ്യ-മൃഗ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചവരെയും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വുഹാനില്‍ രോഗലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരെയുമാണു രണ്ടാമത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. മൂന്നാമത്തെ സംഘത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും രോഗലക്ഷണം ഉള്ളവരുമായ ഇടപഴകാത്തവരും ഉള്‍പ്പെടുന്നു. ഈ രണ്ടു സംഘത്തിലുള്ളവരെയും മനേസറിലേക്കു കൊണ്ടുപോകും.
കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍നിന്നു വുഹാനിലേക്കു ഉച്ചയോടെ പുറപ്പെട്ടിരുന്നു. ചൈനയില്‍നിന്ന് മടങ്ങുന്ന ആദ്യ സംഘം പുലര്‍ച്ചെ രണ്ടോടെ ഡല്‍ഹിയിലെത്തുമെന്നാണു വിവരം. ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ 374 പേരാണ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.