ലോക്ക്ഡൗണ്‍: യുപിയില്‍ പോലിസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

അംബേദ്കര്‍ നഗര്‍ ജില്ലയിലെ തണ്ട പട്ടണത്തില്‍ നിന്നുള്ള കൂലിത്തൊഴിലാളിയായ റിസ് വാന്‍(22) ആണ് മരിച്ചത്

Update: 2020-04-19 07:51 GMT

ലക്‌നോ: കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് യുപി പോലിസ് മര്‍ദ്ദിച്ച യുവാവ് മൂന്ന് ദിവസത്തിനു ശേഷം മരണപ്പെട്ടു. അംബേദ്കര്‍ നഗര്‍ ജില്ലയിലെ തണ്ട പട്ടണത്തില്‍ നിന്നുള്ള കൂലിത്തൊഴിലാളിയായ റിസ് വാന്‍(22) ആണ് മരിച്ചത്. വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാനായി താണ്ട ടൗണിലെ ചാജാപൂരിലേക്ക് പോവാന്‍ പുറത്തിറങ്ങിയപ്പോഴാണ് പോലിസ് മര്‍ദ്ദിച്ചതെന്ന് റിസ് വാന്റെ പിതാവ് ഇസ്രായില്‍ പരാതിയില്‍ വ്യക്തമാക്കി. ഏപ്രില്‍ 15നു വൈകീട്ട് നാലിനാണു സംഭവം. എന്നാല്‍, വിശപ്പ് കാരണം ബിസ്‌കറ്റ് വാങ്ങാനാണ് യുവാവ് പുറത്തിറങ്ങിയതെന്ന് ബന്ധു പറഞ്ഞതായി 'ദി ഹിന്ദു' റിപോര്‍ട്ട് ചെയ്തു.

    റിസ് വാന്‍ പ്രദേശത്തെ പോസ്‌റ്റോഫിസിനു സമീപമെത്തിയപ്പോള്‍ ഒരു വനിതാ ഇന്‍സ്‌പെക്ടറും ചില കോണ്‍സ്റ്റബിള്‍മാരും യുവാവിനെ തടഞ്ഞു. പോലിസുകാര്‍ അവരുടെ വാഹനത്തില്‍ നിന്നിറങ്ങി ലാത്തി കൊണ്ട് ക്രൂരമായി ആക്രമിക്കുകയും റിസ് വാന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നുവെന്ന് പിതാവ് ഇസ്രായീല്‍ പറഞ്ഞു. റിസ് വാന്‍ നാട്ടിലേക്ക് തിരിച്ചുപോയി. പരിക്കേറ്റ മകന്റെ ശരീരം നീല നിറമായിരുന്നുവെന്നും പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലിസിനെയും ലോക്ക് ഡൗണും പേടിച്ച് കുടുംബം റിസ് വാനെ വീട്ടില്‍ വച്ച് തന്നെ ചികില്‍സിച്ചു.

    ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ അവര്‍ അദ്ദേഹത്തെ അസോപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു. പുലര്‍ച്ചെ രണ്ടോടെയാണ് മകന്‍ മരണപ്പെട്ടതെന്നും പിതാവ് പറഞ്ഞു. പോലിസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് അഡീഷനല്‍ എസ് പി അവാനിഷ് കുമാര്‍ മിശ്ര പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Tags:    

Similar News