'കൊറോണ വൈറസ് ജൈവായുധമല്ല; ഉത്ഭവം മൃഗങ്ങളില്‍ നിന്ന്': ലോകാരോഗ്യ സംഘടന
കഴിഞ്ഞ വര്‍ഷം അവസാനം കൊവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച വുഹാനിലെ ലാബുകളാണ് വൈറസിന്റെ പ്രഭവ കേന്ദ്രം എന്നായിരുന്നു ട്രംപിന്റെ ആരോപണം.
കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ ലാബുകളാകാന്‍ സാധ്യതയുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആരോപണത്തെ തള്ളി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളില്‍ നിന്ന് തന്നെയാണെന്നും വൈറസ് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന വാദത്തില്‍ അടിസ്ഥാനമില്ലന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കൊറോണ വ്യാപിക്കുന്ന പശ്ചാതലത്തില്‍ ട്രംപ് ചൈനക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം കൊവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച വുഹാനിലെ ലാബുകളാണ് വൈറസിന്റെ പ്രഭവ കേന്ദ്രം എന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും ട്രംപ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രസ്താവിച്ചിരുന്നു. കൊറോണയെ ചൈനീസ് വൈറസ് എന്ന് ട്രംപ് വിശേഷിപ്പിച്ചതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊറോണയുടെ ഉത്ഭവം മൃഗങ്ങളില്‍ നിന്നാണ് എന്ന് വ്യക്തമായതായി യുഎന്‍ വക്താവ് ജനീവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊറോണ ലാബുകളില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് യാതൊരു തെളിവുമില്ല. മൃഗങ്ങള്‍ തന്നേയാണ് വൈറസിന്റെ പ്രഭവ കേന്ദ്രം. ഡബ്ല്യുഎച്ച്ഒ വക്താവ് പറഞ്ഞു.
അതേസമയം, മൃഗങ്ങളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത് എങ്ങിനേയാണെന്ന് വ്യക്തമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് എത്താനാണ് സാധ്യത. എന്നാല്‍, എങ്ങിനേയാണ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക വൈറസ് വ്യാപിച്ചതെന്ന് കണ്ടത്തേണ്ടിയിരിക്കന്നു. ഡബ്ല്യുഎച്ച്ഒ വക്താവ് പറഞ്ഞു.