കൊവിഡ് വാക്‌സിന്‍: ചെറുപ്പക്കാരും ആരോഗ്യമുള്ളവരും 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
ആരോഗ്യ പരിപാലന രംഗത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. തുടര്‍ന്ന് പ്രായമായവരെയും രോഗികളെയും പരിഗണിക്കണം. ഇതായിരിക്കണം വിതരണ ക്രമം.
ജനീവ: ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ ആളുകള്‍ കൊവിഡ് വാക്‌സിനായി കാത്തിരിക്കാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ചോദ്യോത്തര പരിപാടിയിലാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യാമാകാക്കാനുള്ള കാലതാമസം ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുമെന്നും അവര്‍ പറഞ്ഞു.
'കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ധാരാളം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവരും, പക്ഷേ ഒരു വാക്‌സിന്‍ ലഭിക്കാന്‍ ഒരു ശരാശരി ആരോഗ്യവാനായ വ്യക്തിക്ക് 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു.' അവര്‍ പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ അപകടസാധ്യതയുള്ള ആളുകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകളും ലോകാരോഗ്യ സംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകളും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ആരോഗ്യ പരിപാലന രംഗത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. തുടര്‍ന്ന് പ്രായമായവരെയും രോഗികളെയും പരിഗണിക്കണം. ഇതായിരിക്കണം വിതരണ ക്രമം. ആരോഗ്യമുള്ളവരും, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുന്നവരുമായ ചെറുപ്പക്കാരെ ഏറ്റവും അവസാനമായിരിക്കും പരിഗണിക്കുക - സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.
ലോകാരോഗ്യസംഘടനയുടെ കൊവിഡ് -19 വാക്‌സിന്‍ തയ്യാറാക്കുന്ന ഗ്ലോബല്‍ ആക്‌സസ് ഫെസിലിറ്റി അഥവാ കോവാക്‌സ് എന്ന സംരംഭത്തില്‍ 150 ലധികം രാജ്യങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. 2021 അവസാനത്തോടെ 200 കോടി ഡോസ് സുരക്ഷിത വാക്‌സിനുകള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. കോവാക്‌സ് സംരംഭത്തില്‍ ചേരാത്ത അമേരിക്ക പകരം ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്ന പേരില്‍ സ്വന്തമായി വാക്‌സിന്‍ നിര്‍മാണ പദ്ധതി നടത്തുന്നുണ്ട്.