ന്യൂഡല്‍ഹി: ട്രെയിന്‍ തീവയ്പ് കേസില്‍ തീവ്രവാദ ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ഡിജിപി അനില്‍ കാന്ത്. പൂര്‍ണ ചിത്രം ലഭ്യമായ ശേഷമേ യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂ. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യങ്ങള്‍ നിലവില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലെ ബോഗിയില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ അഭ്യൂഹം പടര്‍ത്തുന്നതിനിടെയാണ് ഡിജിപിയുടെ വിശദീകരണം. കേസില്‍ പിടിയിലായ ഷാറൂഖ് ഫെയ്‌സി ഒറ്റക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. വൈദ്യപരിശോധനയക്ക് ശേഷം ചോദ്യം ചെയ്യല്‍ ആരംഭിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാലേ കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന് വ്യക്തതവരുത്താന്‍ കഴിയുകയുള്ളൂ. കേസിന്റെ എല്ലാ ഭാഗവും പരിശോധിക്കും. പ്രതി ചോദ്യം ചെയ്യലില്‍ പറയുന്നതെന്തും പരിശോധിക്കേണ്ടതുണ്ടെന്നും ഡിജെപി പറഞ്ഞു.
കേരള പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, മഹാരാഷ്ട്ര പോലിസ് എന്നിവരുടെ സംയുക്ത ഓപറേഷനിലാണ് പ്രതിയെ പിടികൂടിയത്. വ്യക്തമായ സൂചനകളെ പിന്തുടര്‍ന്ന് ശരിയായ സമയത്ത് ഏജന്‍സികളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ പ്രതിയെ പിടികൂടാന്‍ സാധിച്ചതായും അദ്ദേഹം പുറഞ്ഞു. തീകൊളുത്താനായി പെട്രോളോ മറ്റെന്തെങ്കിലുമാണോ ഉപയോഗിച്ചത് എന്ന ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി.