'ഇനി ഞാന്‍ യഥാര്‍ത്ഥ ഇടതുപക്ഷം; സിപിഎം തീരുമാനിക്കട്ടെ' ഡോ.പി സരിന്‍

രാഷ്ട്രീയമായി ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. രാഹുല്‍ഗാന്ധിയോട് 'മുഹബ്ബത്ത്' മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്ക് ഉള്ളത്.

Update: 2024-10-17 07:40 GMT

പാലക്കാട്: ബിജെപിയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും താന്‍ ഇനി യഥാര്‍ത്ഥ ഇടതുപക്ഷമായിരിക്കുമെന്നും ഡോ.പി സരിന്‍. താന്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് സിപിഎം തീരുമാനിക്കട്ടെയെന്നും പി സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയമായി ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. രാഹുല്‍ഗാന്ധിയോട് 'മുഹബ്ബത്ത്' മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്ക് ഉള്ളത്. പാലക്കാട് നഗരസഭാ ഭരണം എങ്ങനെയാണ് ബിജെപിക്ക് ലഭിക്കുന്നതെന്ന് പരിശോധിക്കണം.

കോണ്‍ഗ്രസിലെ ഇടതുപക്ഷമായിരുന്നു ഞാന്‍. അത്തരത്തിലുള്ള നിരവധി പേര്‍ പാര്‍ടിയിലുണ്ട്. സംഘടനയിലെ പുഴുക്കുത്തുകളെ തുറന്നു കാട്ടിയ പശ്ചാത്തലത്തില്‍ എന്നെ പുറത്താക്കിയിരിക്കുകയാണ്. അതിനാല്‍, ഇനി യഥാര്‍ത്ഥ ഇടതുപക്ഷത്തേക്ക് വരുകയാണ്. സിപിഎമ്മാണ് അതില്‍ തീരുമാനമെടുക്കേണ്ടത്. സ്ഥാനാര്‍ഥിയാവണമെന്ന മോഹം തനിക്കില്ലെന്നും സരിന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് ബിജെപിയോട് മൃദുസമീപനമാണെന്നും സരിന്‍ ആരോപിച്ചു. സിപിഎമ്മാണ് പ്രധാനശത്രുവെന്ന നിലപാട് പാര്‍ടിയില്‍ അടിച്ചേല്‍പ്പിച്ച സതീശന്‍ ബിജെപിയെ വിട്ടുകളയുകയാണ് ചെയ്തത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ ഭരണ പക്ഷത്തിന് കൂടെ ചേര്‍ന്ന് നിന്ന് സമരത്തിന് പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താല്‍ക്കാലിക ലാഭത്തിന് വേണ്ടി നടത്തിയ നീക്കം ബിജെപിക്ക് ഗുണകരമാവുമെന്ന് അറിയാത്ത ആളല്ല സതീശന്‍. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞാണ് അദ്ദേഹം ബിജെപിക്ക് പിന്തുണ നല്‍കിയത്. വടകരയിലേക്ക് പാലക്കാട് നിന്നാണ് സ്ഥാനാര്‍ഥിയെ ഇറക്കിയത്. ഇപ്പോള്‍ മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. കല്ലറയില്‍ കിടക്കുന്ന ഉമ്മന്‍ചാണ്ടി പോലും രാഹുലിനെ അനുഗ്രഹിക്കില്ല. നവംബറില്‍ വോട്ടെണ്ണുമ്പോള്‍ അത് അറിയാനാവും. ഷാഫി പറമ്പിലാണ് കോണ്‍ഗ്രസിനെ ഇത്രയും മലീമസമാക്കിയത്. രാഹുലിന് സിപിഎം വോട്ട് കിട്ടില്ലെന്നാണ് ഷാഫി പറയുന്നത്. അങ്ങനെയാണെങ്കില്‍ പാലക്കാട് നഗരസഭാ ഭരണം തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപിക്ക് നല്‍കാന്‍ ഡീല്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News