ട്രെയിനിലെ തീവയ്പ്: പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍; ഉടന്‍ കേരളത്തിലെത്തിച്ചേക്കും
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. ഡല്‍ഹി ഷാഹീന്‍ ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (എടിഎസ്) പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ പോലിസോ അന്വേഷണ സംഘമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. വിവരമറിഞ്ഞ് കേരള പോലിസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം രത്‌നഗിരിയിലേക്ക് തിരിച്ചതായാണ് വിവരം. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ ട്രെയിനില്‍ നിന്നു ചാടിയ മൂന്ന് പേര്‍ ട്രാക്കില്‍ മരണപ്പെടുകയും ചെയ്തു.
സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. മുഖത്തും മറ്റും പൊള്ളലേറ്റ ഇയാള്‍ ചികില്‍സ തേടാനാണ് ആശുപത്രിയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിടികൂടുകയായിരുന്നു. സംഭവശേഷം കേരളാ പോലിസിനു പുറമെ, കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ സംഘങ്ങളും ഊര്‍ജ്ജിതാന്വേഷണം നടത്തിവരികയായിരുന്നു. എലത്തൂരിനു സമീപം ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗിലുണ്ടായിരുന്ന വസ്തുക്കള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം വിപുലീകരിച്ചത്. ഫോട്ടോ, ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്തിയത്. പിടികൂടിയ പ്രതിയെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം.