ഇസ്രായേല്‍ ഈ വര്‍ഷം ജയിലിലടച്ചത് 1,149 ഫലസ്തീന്‍ കുട്ടികളെ, കൊലപ്പെടുത്തിയത് 15 പേരെ; കണക്കുകള്‍ പുറത്തുവിട്ട് ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി

Update: 2021-11-21 10:04 GMT

റാമല്ല: ഈ വര്‍ഷം ജനുവരി മുതല്‍ ഇസ്രായേല്‍ തടവിലിട്ടത് 1,149 ഫസ്തീന്‍ കുട്ടികളെയെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി. ഈ കാലയളവിനുള്ളില്‍ 15 ഫലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം കൊന്നുകളഞ്ഞു. ലോക ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് സൊസൈറ്റി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തടവിലാക്കപ്പെട്ട കുട്ടികളില്‍ ഭൂരിഭാഗവും മോചിതരായിട്ടുണ്ടെന്നും എന്നാല്‍ അവരില്‍ 160 പേര്‍ ഇപ്പോഴും ഓഫര്‍, ഡാമൗണ്‍, മെഗിദ്ദോ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും സൊസൈറ്റി അറിയിച്ചു.

അറസ്റ്റിലായ കുട്ടികളില്‍ മൂന്നില്‍ രണ്ട് പേരും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പീഡനത്തിന് വിധേയരായിട്ടുണ്ട്. തടങ്കലില്‍ വെച്ചിരിക്കുന്ന സമയത്ത് എല്ലാവരും മാനസിക പീഡനത്തിന് വിധേയരായിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

പല കുട്ടികളെയും അവരുടെ വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 100ഓളം സ്‌കൂളുകള്‍ പരിശോധന നടത്തി. കുട്ടികള്‍ക്കെതിരേ റബ്ബര്‍ ബുള്ളറ്റ് മുതല്‍ കണ്ണീര്‍വാതക പ്രയോഗവും നടന്നു.

പല കുട്ടികളെയും രാത്രിയിലാണ് അറസ്റ്റ് ചെയ്തത്. അവരുടെ മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. മാത്രമല്ല, പല രേഖകളിലും ഒപ്പുവയ്പ്പിക്കുകയും ചെയ്തു.

ജയിലില്‍ കഴിയുന്ന കുട്ടികളെ കാണാന്‍ മാതാപിതാക്കളെ അനുവദിച്ചില്ല. ജയിലില്‍ കഴിയുന്ന സമയത്ത് അവര്‍ക്ക് ചികില്‍സയോ വിദ്യാഭ്യാസമോ നല്‍കിയില്ല.

അറസ്റ്റിലായ കുട്ടികള്‍ക്ക് സുതാര്യമായ വിചാരണയ്ക്കുള്ള അവസരം നിഷേധിക്കപ്പെട്ടു. പല കേസിലും കോടതികള്‍ കുട്ടികളെ മുതിര്‍ന്നവരെപ്പോലെയാണ് കൈകാര്യം ചെയ്തത്. അന്താരാഷ്ട്ര നിയമത്തിനു വിരുദ്ധമായി 16 വയസ്സായവരെ മുതിര്‍ന്നവരായാണ് കണക്കാക്കിയത്. കുട്ടികളുടെ കാര്യത്തില്‍ കോടതികള്‍ നല്‍കിയ വിധി പക്ഷപാതപരമായിരുന്നു.

2000 മുതല്‍, 10 നും 18 നും ഇടയില്‍ പ്രായമുള്ള 19,000 പേരെയാണ് ഇസ്രായേല്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും നവംബര്‍ 20നാണ് ലോക ശിശുദിനം ആഗോളതലത്തില്‍ ആചരിക്കുന്നത്. 

Tags:    

Similar News