കബില്‍ സിബല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു; എസ്പി പിന്തുണയോടെ രാജ്യസഭയിലേക്ക് മല്‍സരിക്കും

Update: 2022-05-25 07:46 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കബില്‍ സിബല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷമാണ് തന്റെ രാജിക്കാര്യം അദ്ദേഹം പുറത്തുവിട്ടത്. മെയ് 16നാണ് താന്‍ രാജിവച്ചതെന്ന് കബില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പാര്‍ലമെന്റില്‍ ഒരു സ്വതന്ത്രമായ ശബ്ദം അത്യാവശ്യമാണ്. ഏതെങ്കിലും സ്വതന്ത്രനായ ശബ്ദം പുറത്തുവന്നാല്‍ ജനങ്ങള്‍ കരുതും അത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍നിന്നല്ലെന്നും- കബില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസ്സിലെ വിമതവിഭാഗമായ ജി 23ന്റെ വക്താക്കളിലൊരാളാണ് അദ്ദേഹം. പാര്‍ട്ടി സംഘടനയിലും പ്രവര്‍ത്തനരീതികളിലും നേതൃത്വത്തിലും സമ്പൂര്‍ണമായ മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം. ഗാന്ധികുടുംബത്തിനെതിരേയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

കബില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷിനെ ലഖ്‌നോവില്‍ വച്ച് കഴിഞ്ഞ ദിവസം കണ്ടിരുന്നു.

മുതിര്‍ന്ന എസ്പി നേതാവായ അസംഖാനുവേണ്ടി കബിലാണ് സുപ്രിംകോടതിയില്‍ ഹാജരായത്. രണ്ട് വര്‍ഷത്തിനുശേഷം കഴിഞ്ഞ ആഴ്ചയാണ് അസംഖാന് ജാമ്യം ലഭിച്ചത്. 

ഉത്തര്‍പ്രദേശിലെ 11 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസമാണ്. 

Tags:    

Similar News