തിരുവനന്തപുരം: പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ പ്രധാന അണക്കെട്ടുകളില്‍ വെള്ളമില്ലാത്തത് കാരണം സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 32 ശതമാനം മാത്രമാണ് ജലമുള്ളത്. കെഎസ്ഇബിയുടെ 22 അണക്കെട്ടുകളിലെ മൊത്തം സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. ഇതുപയോഗിച്ച് പരമാവധി ഉല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതി 1543 ദശലക്ഷം യൂനിറ്റാണ്. കഴിഞ്ഞ വര്‍ഷം 3445 ദശലക്ഷം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലസംഭരണമുണ്ടായിരുന്നു. ഇതോടെ 1902 ദശലക്ഷം യൂനിറ്റ് വൈദ്യുതി ക്ഷാമമാണ് സംസ്ഥാനം നേരിടുന്നത്. 15 മുതല്‍ 20 ദശലക്ഷം മെഗാവാട്ട് വൈദ്യുതി പ്രതിദിനം ഉല്‍പ്പാദിപ്പിക്കേണ്ടയിടത്ത് നിലവില്‍ 12 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 44 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍തന്നെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലസംഭരണം കുറവാണ്. കൂടാതെ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞതും 450 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാര്‍ റദ്ദാക്കേണ്ടി വന്നതും വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണമാക്കിയിട്ടുണ്ട്.
പ്രതിദിന ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കമ്മി നികത്താന്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതു സംബന്ധിച്ച് കെഎസ്ഇബി ഇന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. വൈദ്യുതി പ്രതിസന്ധി കടുത്തതോടെ സര്‍ക്കാരും കര്‍ശന നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. പ്രതിദിനം 10 കോടി രൂച ചെലവഴിച്ച് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് നിലവില്‍ പരിഹാരം കാണുന്നത്. ഇപ്പോള്‍ പ്രതിദിനം 63 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഓണം കൂടി വരുന്നതോടെ ഉപഭോഗം കൂടുമെന്നതിനാല്‍ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. കൂടിയ വിലയ്ക്ക് വാങ്ങേണ്ടതിനാല്‍ പ്രതിദിനം 15 കോടി രൂപയ്ക്കടുത്ത് ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍തന്നെ നിരക്ക് വര്‍ധനവും വൈദ്യുതി സെസ് കൂട്ടലും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാധ്യതയുണ്ട്.