നോര്‍വേ പള്ളി വെടിവയ്പ്: പ്രതിക്ക് 21 വര്‍ഷം തടവുശിക്ഷ
2019 മാര്‍ച്ചില്‍ ന്യൂസിലാന്റ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു പള്ളികളില്‍ വെടിവയ്പ് നടത്തി നിരവധി പേരെ കൊലപ്പെടുത്തിയ ബ്രെന്റണ്‍ ടാരന്റാണ് മന്‍ഷോസിന് പ്രചോദനമായതെന്നാണ് പോലിസ് കണ്ടെത്തല്‍
ഓസ് ലോ: നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയുടെ പടിഞ്ഞാറന്‍ ബെയ്‌റാമിലെ അല്‍നൂര്‍ ഇസ് ലാമിക് സെന്ററില്‍ വെടിവയ്പ് നടത്തിയ പ്രതിയെ കോടതി 21 വര്‍ഷം തടവിനു ശിക്ഷിച്ചു. കഴിഞ്ഞ ആഗസ്ത് 10നു നടന്ന സംഭവവുമായി ബന്ധപ്പെട്ട് 22 കാരനായ ഫിലിപ്പ് മന്‍ഷോസിനെയാണ് നോര്‍വേയിലെ ആസ്‌കര്‍ ആന്റ് ബേറം ജില്ലാ കോടതി ശിക്ഷിച്ചത്. തീവ്ര വലതുപക്ഷവാദിയും കുടിയേറ്റ വിരുദ്ധ കാഴ്ച്ചപ്പാടുകളുള്ളയാളുമായ പ്രതി പള്ളിയില്‍ നിരവധി തവണ വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നില്ല. തോക്കുധാരി പള്ളിയിലേക്ക് കടന്നപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന 65 കാരനായ വിരമിച്ച പാക് വ്യോമസേനാ ഉദ്യോഗസ്ഥന്‍ മുഹമ്മദ് റഫീഖ് അദ്ദേഹത്തെ കീഴടക്കുകയായിരുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ നടത്തിയ പരിശോധനയില്‍ അക്രമിയുടെ രണ്ടാനച്ഛന്റെ 17 വയസ്സുള്ള മകളുടെ മൃതദേഹം ബറമിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ കുടുംബവീട്ടില്‍ വച്ച് നാല് തവണ വെടിയുതിര്‍ത്താണ് ജോഹാന്‍ ഷാങ്ജിയ ഇഹ്‌ലെഹാന്‍സ(17)നെ കൊലപ്പെടുത്തിയത്. ഏഷ്യന്‍ വംശജയായതിനാല്‍ പിതാവിന്റെ രണ്ടാംഭാര്യയുടെ മകള്‍ കുടുംബത്തിന് അപകടമുണ്ടാക്കുമെന്ന് താന്‍ വിശ്വസിച്ചിരുന്നതായി അദ്ദേഹം പിന്നീട് പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് മന്‍ഷോസ് സമീപത്തെ അല്‍നൂര്‍ ഇസ് ലാമിക് സെന്റര്‍ പള്ളിയിലേക്ക് പോയത്. ഈ സമയം പള്ളിയില്‍ മൂന്നുപേര്‍ ബലി പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങുകയായിരുന്നു. പള്ളിയുടെ ഗ്ലാസ് വാതിലിനു നേരെ നാലുതവണ വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും ഗുരുതരമായി പരിക്കേറ്റില്ല.
പ്രതി വളരെ അപകടകാരിയാണെന്ന് തെളിയിക്കപ്പെട്ടതായും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ജോഹാന്‍ ഓവര്‍ബെര്‍ഗ് ആവശ്യപ്പെട്ടു. കഴിയുന്നത്ര മുസ്‌ലിംകളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം അകത്തേക്ക് കടന്നതെന്നു ജഡ്ജി അന്നിക ലിന്‍ഡ്‌സ്‌ട്രോം വിധിന്യായത്തില്‍ വ്യക്തമാക്കി.
2019 മാര്‍ച്ചില്‍ ന്യൂസിലാന്റ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു പള്ളികളില്‍ വെടിവയ്പ് നടത്തി നിരവധി പേരെ കൊലപ്പെടുത്തിയ ബ്രെന്റണ്‍ ടാരന്റാണ് മന്‍ഷോസിന് പ്രചോദനമായതെന്നാണ് പോലിസ് കണ്ടെത്തല്‍. ന്യൂസിലാന്റില്‍ ആക്രമണം നടന്ന പള്ളിയുടെ പേരും അല്‍നൂര്‍ ഇസ് ലാമിക് സെന്റര്‍ എന്നായിരുന്നു. ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പില്‍ 51 പേരെ കൊലപ്പെടുത്തിയതായി ടാരന്റ് സമ്മതിച്ചിരുന്നു. 2011ല്‍ നോര്‍വേയില്‍ 77 പേരെ കൊലപ്പെടുത്തി വലതുപക്ഷ തീവ്രവാദിയായ ആന്‍ഡേഴ്‌സ് ബ്രെവിക്കിനു 10 വര്‍ഷം തടവായിരുന്നു വിധിച്ചിരുന്നത്. എന്നാല്‍, ഇത്തരം വംശീയ ആക്രമണങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ 2015ല്‍ നോര്‍വേ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് മന്‍ഷോസിനു 21 വര്‍ഷം തടവ് ലഭിച്ചത്.