'വയനാട് ജില്ലയില്‍ അമുസ്‌ലിംകളെ കൊല്ലാന്‍ ഉത്തരവ്'; ഇന്ത്യയിലെ മൂന്നിലൊന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങളും മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പ് പരത്തുന്നതെന്ന് പഠനം
മുസ് ലിംകളെ എടുത്തുചാട്ടക്കാരായ ആള്‍ക്കൂട്ടമായും മറ്റുള്ളവരെ കൊല്ലുന്നവരായും ചിത്രീകരിക്കുന്ന മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നിലൊന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങളും മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പും മുസ് ലിംകളില്‍ ഭയവും സൃഷ്ടിക്കുന്നതാണെന്ന് പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി), മെസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(എംഐടി) എന്നിവിടങ്ങളിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായതെന്ന് 'ക്ലാരിയോണ്‍' ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ 5000 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലായി 20 ലക്ഷം സന്ദേശങ്ങളാണ് പരിശോധിച്ചത്.
27,000 പോസ്റ്റുകളുടെ ഡാറ്റാസെറ്റ് ഞങ്ങള്‍ പരിശോധിച്ചു. അതില്‍ 8,000 സന്ദേശങ്ങള്‍ ഭീതി പടര്‍ത്തുന്നതാണ്. ഇത്തരം സന്ദേശങ്ങള്‍ പരത്തുന്ന ഗ്രൂപ്പുകളെല്ലാം സമാന സ്വഭാവത്തില്‍ ഉള്ള തന്ത്രങ്ങളാണ് പ്രയോഗിക്കന്നത്. പരസ്യമായി ഹിന്ദുത്വ സ്വഭാവമുള്ളവയാണ് അതില്‍ ഭൂരിഭാഗവും.' എംഐടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡാറ്റ, സിസ്റ്റംസ് ആന്‍ഡ് സൊസൈറ്റിയിലെ പ്രമുഖ എഴുത്തുകാരന്‍ ഡോ. കിരണ്‍ ഗാരിമെല്ലയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇസ് ലാമോഫോബിക് ആയ സന്ദേശങ്ങള്‍ സാധാരണ സന്ദേശങ്ങളേക്കാല്‍ പ്രചരിച്ചുവെന്നും മുസ് ലിംകള്‍ക്കെതിരെ വിദ്വേഷവും ഭയവും വിതക്കുന്ന സന്ദേശങ്ങളാണ് പ്രചരിക്കപ്പെടുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.
'മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് പ്രചാരണമുണ്ടായി. മുസ് ലിംകള്‍ക്ക് അവസരം ലഭിച്ചാല്‍ അവര്‍ നമ്മെ വളയുകയും തല്ലുകയും കൊല്ലുകയും ചെയ്യുമെന്ന ഒരു വികാരം ഹിന്ദുക്കള്‍ക്കിടയില്‍ സൃഷ്ടിച്ചു. മുസ് ലിംകളെ എടുത്തുചാട്ടക്കാരായ ആള്‍ക്കൂട്ടമായും മറ്റുള്ളവരെ കൊല്ലുന്നവരായും ചിത്രീകരിക്കുന്ന മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
എട്ട് വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് പഠനം വ്യക്തമാക്കി. 'ദലിതരെ മുസ് ലിംകള്‍ ചൂഷണം ചെയ്യുന്നു', 'മുസ് ലിംകള്‍ കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നു', 'ബംഗാളിലെ ഇസ് ലാമികവല്‍ക്കരണം', 'യുപിഎസ്‌സി ജിഹാദ്', മുസ് ലിം സ്ത്രീകളോട് മോശമായി പെരുമാറുക', 'മുസ് ലിം ജനസംഖ്യ' എന്നീ വിഷയങ്ങളില്‍ ഊന്നിയുള്ള സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇവ കൂടാതെ മെഡിക്കല്‍ ജിഹാദിനെ കുറിച്ചുള്ള വ്യാജ പ്രചാരണവും അരങ്ങേറുന്നുണ്ട്. ഇവ കൂടാതെ ഹിന്ദുക്കള്‍ക്കിടയില്‍ മുസ് ലിംകളോടുള്ള വിദ്വേഷവും ഭയവും ഉളവാക്കുന്ന നിരവധി തെറ്റായ വിവരങ്ങള്‍ ഉണ്ട്. 'ഗോരഖ്പൂര്‍ ഡോക്ടര്‍ കഫീല്‍ ഖാനെ പരാമര്‍ശിച്ച് വ്യാജ ചികിത്സയിലൂടെ ഹിന്ദുക്കളെ കൊല്ലാന്‍ മുസ്‌ലിം ഡോക്ടര്‍മാര്‍ മെഡിക്കല്‍ ജിഹാദ് ചെയ്യുന്നു എന്ന പ്രചാരണവും ശക്തമായി നടക്കുന്നുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മല്‍സരിച്ച വയനാട് ജില്ലയില്‍ 'എല്ലാ വെള്ളിയാഴ്ചയും അമുസ്‌ലിംകളെ കൊല്ലാന്‍ ഉത്തരവുകള്‍ നല്‍കുന്നു' എന്ന് ഒരു സന്ദേശവും വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നുണ്ട്.