പന്തീരാങ്കാവ് കേസ്: എന്‍ഐഎ പടച്ച അസംബന്ധ തിരക്കഥ കോടതിയ്ക്കു മുന്നില്‍ തകര്‍ന്നു വീണതെങ്ങനെ?
2019 നവംബര്‍ 1ന് വൈകീട്ട് പന്തീരാങ്കാവ് എസ്ഐ വഴിവക്കില്‍ മൂന്നു പേരെ 'സംശയകരമായ' സാഹചര്യത്തില്‍ കണ്ടുമുട്ടുന്നതോടെയാണ് ഈ കേസ് തുടങ്ങുന്നത്.
കോഴിക്കോട്: വിദ്യാര്‍ഥികളായ താഹ ഫസലിനും അലന്‍ ഷുഹൈബിനും എതിരേ ആദ്യം കേരള പോലിസും പിന്നീട് എന്‍ഐഎയും ചുമത്തിയ യുഎപിഎ കേസില്‍ കൊച്ചി എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അനില്‍ കെ ഭാസ്‌കറാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിക്കൊണ്ടുള്ള ഒരു ഉത്തരവ് എന്നതിനേക്കാള്‍ നമ്മുടെ അന്വേഷണ ഏജന്‍സികളുടെ നിയമയുക്തിയുടെ കാപട്യത്തെയും അന്തസ്സാരശൂന്യതയെയും തുറന്നുകാട്ടുന്നതായിരുന്നു 64 പേജുള്ള വിധിന്യായം. താഹയും അലനും മാവോവാദികളാണെന്നും അവര്‍ ചായകുടിക്കാന്‍ പോയപ്പോള്‍ പിടികൂടപ്പെട്ടവരല്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരപരമായ പ്രതികരണത്തെയും ഈ വിധിന്യായം പരോക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്. ഒപ്പം യുഎപിഎ പോലുള്ള ശക്തമായ നിയമങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഭരണകൂടം എത്ര ഉത്തരവാദരഹിതമായാണ് പെരുമാറുന്നതെന്നും ഈ വിധി തെളിയിച്ചു.
പന്തീരാങ്കാവ് കേസ്:
2019 നവംബര്‍ 1ന് വൈകീട്ട് പന്തീരാങ്കാവ് എസ്ഐ വഴിവക്കില്‍ മൂന്നു പേരെ 'സംശയകരമായ' സാഹചര്യത്തില്‍ കണ്ടുമുട്ടുന്നതോടെയാണ് ഈ കേസ് തുടങ്ങുന്നത്. അതില്‍ രണ്ടുപേരായ അലനെയും താഹയെയും പിടികൂടിയെങ്കിലും പോലിസിനെ കണ്ടപ്പോള്‍ മൂന്നാമനായ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് പോലിസ് പറയുന്നത്. അലന്റെ കൈയില്‍ ഒരു ബാഗും താഹയുടെ കൈയില്‍ ഒരു പ്ലാസ്റ്റിക് ഫയലുമാണ് ഉണ്ടായിരുന്നത്. അലന്റെ ബാഗ് വിശദമായി പരിശോധിച്ച പോലിസ് നിരവധി വസ്തുക്കള്‍ കണ്ടെത്തി. ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കാന്‍ ആവശ്യപ്പെടുന്ന നോട്ടിസ്, 'മാവോയിസ്റ്റ് വേട്ടക്കെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുകയെന്ന് ആവശ്യപ്പെടുന്ന നോട്ടിസ്, 'പുതിയ മുന്നേറ്റങ്ങള്‍ക്കായി തയ്യാറെടുക്കുക'യെന്ന് ആഹ്വാനം ചെയ്യുന്ന നോട്ടിസ്, 'മലബാര്‍ തോട്ടം 17, വിദ്യാര്‍ഥി' എന്ന് കൈകൊണ്ടെഴുതിയ ഒരു പേപ്പര്‍, 'പോരായ്മ ഉണ്ടാകുന്നത് സ്വാഭാവികം' എന്നെഴുതിയ പേപ്പര്‍, ലെറ്റര്‍ പാഡ്, 'വിമര്‍ശന സ്വാതന്ത്ര്യം തിരിച്ചുപിടിക്കുക' എന്ന തലക്കെട്ടുളള ഒരു നോട്ടിസ്, മറുവാക്ക് മാസിക. താഹയുടെ ഫയലില്‍ നിന്ന് 'ഇന്ത്യയിലെ ജാതിപ്രശ്നം നമ്മുടെ കാഴ്ചപ്പാട്', റോസാ ലക്സംബര്‍ഗിന്റെ 'സംഘടനാ ജനാധിപത്യം ലെനിനോടുള്ള വിയോജിപ്പുകള്‍' എന്ന പുസ്തകവും ലഭിച്ചു.
ഇരുവരെയും പോലിസ് ഉടന്‍ അറസ്റ്റ് ചെയ്തു. അന്നുതന്നെ ഇരുവരുടെയും വീട് പോലിസ് റെയ്ഡ് ചെയ്തു. വീട് റെയ്ഡ് ചെയ്യുന്നതിനിടയില്‍ താഹ മാവോവാദി അനുകൂല മുദ്രാവാക്യം വിളിച്ചു. താഹയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അലന്റെ ബാഗില്‍ നിന്ന് കിട്ടിയ മിക്കവാറും അതേ പുസ്തകങ്ങളോടൊപ്പം ഹലോ ബസ്തര്‍, മുണ്ടൂര്‍ രാവുണ്ണിയുെട ആത്മകഥ, ഇന്ത്യോനേഷ്യന്‍ ജനങ്ങളെ ഫാസിസ്റ്റുകള്‍ അടിച്ചമര്‍ത്തുന്നതിനെതിരേയുള്ള പുസ്തകം, സാമൂഹികപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കുറച്ച് നോട്ടിസുകള്‍, മാവോവാദികളുടെ വിവിധ കമ്മറ്റികള്‍ പുറത്തിറക്കിയതെന്ന് പോലിസ് പറയുന്ന ഏതാനും സര്‍ക്കുലറുകളും കണ്ടെത്തി.
കേരളാ പോലിസ് ആണ് കേസ് ആദ്യം അന്വേഷിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. അന്നു മുതല്‍ ഇരുവരും ജയിലില്‍ കഴിയുകയാണ്. അതിനിടയില്‍ ഇവരുടെ പേരില്‍ യുഎപിഎയും ചാര്‍ജ് ചെയ്തു. 2019 ഡിസംബറില്‍ ഈ കേസ് എന്‍ഐഎയ്ക്ക് കൈമാറി. രണ്ടാം പ്രതിയായ താഹയ്ക്കു വേണ്ടി ജാമ്യാപേക്ഷ നല്‍കിയെങ്കിലും എന്‍ഐഎ കോടതിയും ആദ്യ ഘട്ടത്തില്‍ ജാമ്യം നിഷേധിച്ചു. ഇരുവരും ചേര്‍ന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കി. അതിലാണ് ഇപ്പോള്‍ ജാമ്യമനുവദിച്ച് വിധി വന്നിട്ടിള്ളത്.
വിധിന്യായം:
ഇരുവര്‍ക്കെതിരേയും പ്രോസിക്യൂഷന്‍ ചാര്‍ജ് ചെയ്ത കേസുകള്‍ കോടതി വിശദമായി പരിശോധിച്ചു. ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട കേസുകളുടെ നിയമയുക്തികള്‍ ലഘുവായി പരാമര്‍ശിച്ചുകൊണ്ട് എന്‍ഐഎ കോടതി അലനും താഹയ്ക്കുമെതിരേ ഹാജരാക്കിയ തെളിവുകളെ 12 വിഭാഗങ്ങളായി തിരിച്ചു.
അധികാരികള്‍ മാവോവാദികളുടെ മുന്നണി സംഘടനകളെന്ന് ആരോപിക്കുന്ന സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ലഘുലേഖകള്‍, നോട്ടിസുകള്‍, കൈയെഴുത്തുകള്‍, ഇത്തരം സംഘടനകളുടെ പ്രോഗ്രാമുകളില്‍ പ്രതികള്‍ പങ്കെടുത്തുവെന്നതിനുള്ള തെളിവുകള്‍, മാവോവാദികളുടെ സര്‍ക്കുലറുകള്‍, മാവോവാദി ബാനറുകള്‍,
കമ്മ്യൂണിസ്റ്റ് മവോവാദി ആശയ ശാസ്ത്രവുമായി ബന്ധപ്പെട്ട സാഹിത്യങ്ങള്‍, മാവോവാദികള്‍ അണികള്‍ക്കിടയില്‍ വിതരണംചെയ്യുന്ന സര്‍ക്കുലറുകള്‍, പ്രതികള്‍ മാവോവാദികളുടെ നിര്‍ദേശങ്ങള്‍ പിന്തുടരുന്നവരാണെന്നതിനുള്ള തെളിവുകള്‍, യോഗങ്ങളില്‍ പങ്കെടുത്തതിനുള്ള തെളിവുകള്‍, വിധ്വംസക സംഘടനകളോട് ആഭിമുഖ്യമുണ്ടെന്നതിനുള്ള തെളിവുകള്‍, ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ സര്‍ക്കാരിനെ തകര്‍ക്കാന്‍ ആഹ്വാനം നല്‍കുന്നുന്ന പ്രതിഷേധങ്ങളില്‍ പ്രതികള്‍ പങ്കെടുത്തുവെന്നതിനുള്ള തെളിവുകള്‍, കൊല്ലപ്പെട്ട മാവോവാദികളില്‍ നിന്ന് കണ്ടെത്തിയ തെളിവുകളും പ്രതികളില്‍ നിന്ന് കണ്ടെത്തിയവയ്ക്കും തമ്മിലുള്ള സാമ്യം, കോഡ് ഭാഷയിലുള്ള എഴുത്തുകള്‍... അങ്ങനെ പോകുന്നു പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍.
12ഇനം തെളിവുകള്‍ക്കും കോടതി വെവ്വേറെ ഉത്തരം പറഞ്ഞു. ഗാഡ്ഗില്‍ റിപോര്‍ട്ട്, ആദിവാസികളുടെ അവകാശങ്ങള്‍ ഇവയൊക്കെ സമൂഹത്തിലെ സുപ്രധാന പ്രശ്നങ്ങളാണ്. അതിനു വേണ്ടി സംസാരിക്കുന്നത് ഭീകരവാദത്തിന്റെ ഭാഗമല്ല. പ്രതിഷേധ മാര്‍ച്ചുകളില്‍ പങ്കെടുക്കുന്നതും അതുപോലെത്തന്നെ. കുര്‍ദ് പ്രശ്നം, പോലിസ് അതിക്രമം, ജിഷാ വധം, നോട്ട് നിരോധനം ഇതൊക്കെ സമൂഹത്തില്‍ വലിയ ചര്‍ച്ചയും പ്രതിഷേധവും ഉണ്ടായവയാണ്. അത്തരം സമരങ്ങള്‍ അക്രമങ്ങളും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊന്നും കുറ്റകൃത്യമാണെന്ന് പറയാനാവില്ല.
മാവോവാദി ലഘുലേഖകളെന്ന് പറയുന്നവയും സമൂഹത്തിലെ സുപ്രധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ്. മാവോവാദികളുടെ വധത്തിനെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുകയെന്ന തലക്കെട്ടുള്ള നോട്ടിസ് ഭരണകൂടത്തെ കടപുഴക്കാനുള്ളതാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ അത് പോലിസ് അതിക്രമങ്ങളോടുള്ള പ്രതികരണമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ആ നോട്ടിസ് പരിശോധിച്ചാലും അതില്‍ സര്‍ക്കാരിനെ മറിച്ചിടാനുള്ള ആഹ്വാനമൊന്നും കോടതിക്കും കാണാനായില്ല. മാവോവാദികളോട് ഐക്യപ്പെടാനല്ല നോട്ടിസ് പറയുന്നത് പോലിസ് അതിക്രമങ്ങളോട് പ്രതിഷേധിക്കാനാണ്.
ജമ്മു കശ്മീരിന്റെ മോചനത്തിന് വേണ്ടിയാണെന്ന് ആരോപിക്കുന്ന ബാനറാണ് മറ്റൊരു തെളിവ്. ഭരണഘടനയുടെ അനുച്ഛേദം 370 എടുത്തുകളഞ്ഞതിനോടുള്ള പ്രതികരണമായിരുന്നു ആ ബാനര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമാണ് ഈ പ്രതിഷേധം ഉയര്‍ന്നത്. പ്രതികരിക്കുന്നതിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. പൗരന്റെ മൗലിക അവകാശമാണ് ഇത്. അതാണ് ഇവര്‍ വിനിയോഗിച്ചത്. അതിന്റെ ഭാഗമായി വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് ഒരു തെളിവും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുമില്ല. ചില കാര്യങ്ങള്‍ അതിന്റെ സാഹചര്യങ്ങളില്‍ നിന്ന് എടുത്തുമാറ്റിയാല്‍ തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കുമെന്നതിന് തെളിവാണ് പ്രോസിക്യൂഷന്റെ ഇതുസംബന്ധിച്ച വാദമെന്നും കോടതി സൂചിപ്പിച്ചു.
വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്നുണ്ട്. അതേസമയം ഭരണകൂടത്തെയും വിവിധ കാലങ്ങളില്‍ അധികാരത്തിലെത്തുന്നവരെയും വേറിട്ടു കാണണമെന്നും കോടതി പ്രോസിക്യൂഷനെ ഓര്‍മിപ്പിച്ചു. വിവിധ കാലങ്ങളില്‍ അധികാരത്തിലിരിക്കുന്നവരുടെ നയങ്ങള്‍ക്കെതിരേ അത് തെറ്റായ ആവശ്യമാണെങ്കില്‍ പോലും പ്രതിഷേധിക്കുന്നത് അഖണ്ഡതയ്ക്കെതിരേയുള്ള നീക്കമായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മാവോവാദി, കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ചുളള പുസ്തകങ്ങള്‍ കൈവശം വയ്ക്കുന്നതും വായിക്കുന്നതും ഒരു കുറ്റകൃത്യമല്ലെന്ന് ശ്യാം ബാലകൃഷ്ണന്‍ കേസില്‍ കേരള ഹൈക്കോടതിയുടെ വിധി ഉദ്ധരിച്ച് എന്‍ഐഎ കോടതി വിധിച്ചു. അതിനുമപ്പുറം മാവോവാദവും നിലവില നിയമവ്യവസ്ഥയും തമ്മില്‍ യോജിച്ചുപോകുകയില്ലെങ്കിലും ഒരാള്‍ മാവോവാദിയാവുന്നതും കുറ്റകൃത്യമല്ലെന്ന് അതേ വിധിയില്‍ പറയുന്നതും കോടതി ഉദ്ധരിച്ചുചേര്‍ത്തു. വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് അത് കുറ്റകൃത്യമാവുന്നത്.
പ്രതികള്‍ മാവോവാദ സംഘടനയുടെ നിയമങ്ങളും നിര്‍ദേശങ്ങളും അനുസരിക്കുന്നവരാണെന്നാണ് മറ്റൊരു വാദം. അതുകൊണ്ടാണത്രെ അവര്‍ യോഗങ്ങള്‍ ചേരുമ്പോഴും അതിനുള്ള അറിയിപ്പുകള്‍ നല്‍കുമ്പോഴും തെളിവുകള്‍ അവശേഷിപ്പിക്കാത്തത്. അവര്‍ മൊബൈല്‍ കൊണ്ടു നടക്കാത്തതും പ്രതികള്‍ തമ്മില്‍ ഫോണില്‍ സംസാരിക്കാത്തതും മാവോവാദികളാണെന്നതിന് തെളിവായി പ്രോസിക്യൂഷന്‍ എടുത്തുകാട്ടി. പക്ഷേ, അംബന്ധമായ ആ വാദവും എന്‍ഐഎ കോടതി തള്ളി. അവരെ കയ്യോടെ പിടികൂടുകയായിരുന്നെന്നാണ് പോലിസ് പറയുന്നതെന്നും അവരില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ അവരുടെ വീടുകളില്‍ നിന്നാണ് ലഭിച്ചതെന്നതും അവര്‍ മാവോവാദി നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നതിന് തെളിവാണ് അതെന്നും കോടതി ചൂണ്ടിക്കാട്ടി.
ആദ്യ ഘട്ടത്തില്‍ ഇരുവരെയും മാവോവാദി സംഘടനകളില്‍ അംഗങ്ങളാണെന്ന് ആരോപിച്ച് യുഎപിഎയുടെ 20ാം വകുപ്പ് അനുസരിച്ച് കേസെടുത്ത പോലിസ് പിന്നീട് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചപ്പോള്‍ ആ വകുപ്പ് പിന്‍വലിച്ച കാര്യവും കോടതി പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍ പെടുത്തി. നിരോധിത ഭീകരസംഘടനയില്‍ അംഗമായവര്‍ക്കെതിരേയാണ് 20ാം വകുപ്പ് ചേര്‍ക്കുന്നത്. അത് പിന്‍വലിക്കുക വഴി ഇരുവരും മാവോവാദികളാണെന്ന ആരോപണം തന്നെ പോലിസ് പിന്‍വലിക്കുകയാണ്.
മാവോവാദി ലഘുലേഖ കൈവശം വച്ചതുകൊണ്ടോ പുസ്തകങ്ങള്‍ വായിച്ചതുകൊണ്ടോ ഒരാളെ മാവോവാദിയായി ചിത്രീകരിച്ച് നിയമനടപടി കൈകൊള്ളാനാവില്ലെന്ന് വിവിധ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. മാവോവാദി മുദ്രാവാക്യം വിളിച്ചു, പുസ്തകം വായിച്ചു, ലഘുലേഖകളില്‍ മാവോവാദി ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുണ്ടായിരുന്നു ഇവയും കോടതി തള്ളി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചവയല്ലെന്നും ഇവര്‍ക്കും മാവോവാദികള്‍ക്കും പല വിഷയങ്ങളിലും ഒരേ അഭിപ്രായമാണെന്നുമൊക്കെയുള്ള ആരോപണങ്ങളും കോടതി തള്ളിക്കളഞ്ഞു.
പ്രതികള്‍ വിദ്യാര്‍ഥികളാണ്, ഒരാള്‍ സ്വയം ജോലി ചെയ്താണ് പഠിക്കുന്നത്. കൂടാതെ സാമൂഹികപ്രവര്‍ത്തനത്തില്‍ ആകൃഷ്ടരുമാണ്. അവര്‍ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നവരുമാണ്. എന്നാല്‍ ഇവര്‍ ഒരു കുറ്റകൃത്യത്തിലും ഇതുവരെ പങ്കാളിയായിട്ടില്ല. അങ്ങനെയൊരു കേസ് പ്രോസിക്യൂഷനും ഇല്ല. അഡ്വ. ഐസക് സഞ്ജയ് ആയിരുന്നു അലനു വേണ്ടി ഹാജരായത്. താഹ ഫസലിനു വേണ്ടി തുഷാര്‍ നിര്‍മല്‍ സാരഥിയും ഹാജരായി. അഡ്വ. അര്‍ജുന്‍ അമ്പലപ്പാട്ടാണ് എന്‍ഐഎ പ്രോസിക്യൂട്ടര്‍.