അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വയനാട്ടില്‍ രാഹുല്‍ തന്നെ

മുതിര്‍ന്ന നേതാവ് എ കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേത്തിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടിലും മല്‍സരിക്കുന്നത്.

Update: 2019-03-31 05:49 GMT

ന്യൂഡല്‍ഹി: ദിവസങ്ങളായി തുടരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കാന്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേത്തിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടിലും മല്‍സരിക്കുന്നത്.

പല ഘട്ടങ്ങളായി ചര്‍ച്ച നടന്നു. പലതവണ എല്ലാവരും അഭ്യര്‍ഥിച്ചു. സംസ്ഥാന ഘടകം ഐക്യകണ്‌ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ കെ ആന്റണി പറഞ്ഞു. അമേത്തിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ കെ ആന്റണി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി സിദ്ദീഖിനെ മാറ്റിയാണ് രാഹുല്‍ മല്‍സരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് ടി സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാഹുല്‍ ഗാന്ധിയോ കേന്ദ്ര നേതൃത്വമോ തയ്യാറാകാതിരുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പാടെ ബാധിച്ചിരുന്നു.

കോണ്‍ഗ്രസും യുഡിഎഫും വയനാട്ടിലെ പ്രചാരണം നിര്‍ത്തിവയ്ക്കുകയും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്റ് തയ്യാറായത്.സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകിയാല്‍ വയനാട്ടില്‍ പാര്‍ട്ടിക്ക് കാലിടറുമെന്ന മുന്നറിയിപ്പും സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനു നല്‍കിയിരുന്നു. അതിനിടെ, സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാലയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി എ.കെ.ആന്റണിയും കെ സി വേണുഗോപാലും ചര്‍ച്ച നടത്തുകയും ചെയ്തു.

Tags:    

Similar News