സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ രാഹുല്‍ കണ്ടതില്‍ യോഗിക്കു രോഷം; പോപുലര്‍ ഫ്രണ്ടിനോട് അനുഭാവമെന്ന് ആരോപണം

Update: 2020-10-23 08:32 GMT

ലക്‌നോ: ഹാഥ്‌റസില്‍ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി കണ്ടതില്‍ യോഗി ആദിത്യനാഥിനു രോഷം. രാഹുല്‍ ഗാന്ധിക്കു പോപുലര്‍ ഫ്രണ്ടിനോട് അനുഭാവ സമീപനമാണെന്നു യോഗി ആദിത്യനാഥ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബുലന്ദ്ഷഹറില്‍ സംസാരിക്കുന്നതിനിടെയാണ് യോഗിയുടെ പരാമര്‍ശം. സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് നിവേദനം നല്‍കിയതാണ് യോഗിയെ ചൊടിപ്പിച്ചത്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പനു നീതി ലഭ്യമാക്കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ്, വയനാട് മണ്ഡലം സന്ദര്‍ശനത്തിനിടെ ഭാര്യ റൈഹാനത്ത് രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കിയത്.

    ''കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമള്ളവരെ കണ്ടത് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന അത്തരക്കാരോട് കോണ്‍ഗ്രസിന് അനുഭാവമാണ്. സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ളവര്‍ക്കും ഇത്തരക്കാരോട് അനുകമ്പയുണ്ട്. നമ്മള്‍ 'സബ്കാ സാത്, സബ്കാ വികാസ്' എന്നതില്‍ വിശ്വസിക്കുമ്പോള്‍ അവര്‍ ജാതിയുടെയും മതത്തിന്റെയും ഭാഷയുടേയും പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ്''-യോഗി പറഞ്ഞു.

    അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് കാപ്പന്‍ വാര്‍ത്താശേഖരണാര്‍ഥം ഹാഥ്‌റസിലേക്കു കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം പോവുന്നതിനിടെയാണ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുത്തത്. പിന്നീട് മഥുര പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. സംഭവം വന്‍ വിവാദമാവുകയും കേരള പത്രപ്രവര്‍ത്തക യൂനിയനും സാമൂഹിക-സാംസ്‌കാരിക പ്രമുഖരും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍, പകപോക്കല്‍ തുടര്‍ന്ന യോഗി സര്‍ക്കാര്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്കെതിരേ മറ്റൊരു കേസ് കൂടി ചാര്‍ത്തുകയായിരുന്നു. ഇവര്‍ സന്ദര്‍ശിക്കുന്നതിനു തലേന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നാലുപേരെയും പ്രതിചേര്‍ത്തത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തിനോട്, യുപി പോലിസ് നടപടി ഗൗരവത്തോടെ കാണുന്നുവെന്നും വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും സജീവമായി ഇടപെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

    കഴിഞ്ഞ വര്‍ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരേയുണ്ടായ പ്രതിഷേധത്തിലെ സംഘര്‍ഷത്തിനു പിന്നിലും പോപുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്ന് യോഗിസര്‍ക്കാര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില വഷളാകുന്നത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്കിടെ, മാഫിയകളെ നീക്കം ചെയ്യാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായും ആദിത്യനാഥ് അവകാശപ്പെട്ടു.

Rahul Gandhi is sympathetic towards PFI claims Adityanath




Tags:    

Similar News