രഞ്ജിയില്‍ ചരിത്രം രചിച്ച് കേരളം; ഗുജറാത്തിനെ തോല്‍പിച്ച് സെമിയില്‍
രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരുമാണ് കേരള മോഹങ്ങള്‍ക്ക് താങ്ങായത്.
കല്‍പ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം രചിച്ച് കേരളം. കൃഷ്ണഗിരി മൈതാനത്ത് പേസര്‍മാര്‍ അരങ്ങുവാണപ്പോള്‍ ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 114 റണ്‍സിനു തോല്‍പിച്ചാണ് ആദ്യമായി കേരളം സെമി ബര്‍ത്ത് നേടിയത്. 195 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് മൂന്നാംനാള്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളം 81 റണ്‍സിന് എല്ലാവരെയും പുറത്താക്കി. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരുമാണ് കേരള മോഹങ്ങള്‍ക്ക് താങ്ങായത്. തുടര്‍ച്ചയായി രണ്ടുവട്ടം ക്വാര്‍ട്ടര്‍ ഫൈനിലെത്തിയ കേരളത്തിന്റെ ആദ്യ സെമിഫൈനല്‍ പ്രവേശനമാണിത്. വിജയം അനിവാര്യമായ മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരേ അവിശ്വസനീയ ജയം നേടിയാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. ഇന്ന് ഇന്നിങ്‌സ് തുടങ്ങി ഗുജറാത്ത് സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സായപ്പോഴേക്കും ഓപ്പണര്‍ കഥന്‍ ഡി പട്ടേലിനെ(5) ബൗള്‍ഡാക്കി ബേസില്‍ തുടക്കം കുറിച്ചത്. പഞ്ചലലി(3)നെ ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ താരവുമായ പാര്‍ഥിവ് പട്ടേലിനെ കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പൂജ്യത്തിനു റണ്ണൗട്ടാക്കിയതാണു മറ്റൊരു വഴിത്തിരിവ്. തൊട്ടുപിന്നാലെ ഭട്ടിനെ സന്ദീപ് വാര്യരും സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് പുറത്താക്കി. അഞ്ചാം വിക്കറ്റില്‍ രാഹുല്‍ വി ഷായും(33 നോട്ടൗട്ട്), ധ്രുവ് റാലും(17) ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബേസില്‍ തമ്പി തന്നെ കേരളത്തിനു വേണ്ടി ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ കലാരിയ(2)യെ ബേസില്‍ പുറത്താക്കി. അക്‌സര്‍ പട്ടേല്‍(2), പിയൂഷ് ചൗള(4) എന്നിവരെ സന്ദീപ് വാര്യര്‍ പുറത്താക്കിയതോടെ വയനാട്ടിലെ കൃഷ്ണഗിരി മൈതാനത്ത് ആഹ്ലാദാരവങ്ങള്‍ ആകാശത്തോളമുയര്‍ന്നു.
സ്‌കോര്‍ കേരളം 185/9, 162, ഗുജറാത്ത് 171, 81.