ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം: കര്‍ണാടകയില്‍ ബിജെപി മന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്ത്
ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന് കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിക്കെതിരേ ആരോപണം. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ദിനേശ് കല്ലഹള്ളി ബെംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതിനു പിന്നാലെ മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ പീഡനദൃശ്യങ്ങളും വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പോലിസിനു കൈമാറിയതായി ദിനേശ് കല്ലഹള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ക്ക് ജീവനില്‍ ഭയമുള്ളതിനാല്‍ ഞാനാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ബെലഗാവി ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് ജാര്‍ക്കിഹോളി. 2019ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായ 17 എംഎല്‍എമാരില്‍ ഒരാളാണ് അദ്ദേഹം.
ബജറ്റ് സെഷന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബെംഗളൂരുവില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ദിനേശ് കല്ലഹള്ളി ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തിനെ സമീപിച്ചത്. ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബെംഗളൂരു കബോണ്‍ പാര്‍ക്ക് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലിലേതാണ് ദൃശ്യങ്ങളെന്നാണ് നിഗമനം. കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്താണ് 25കാരിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചത്.
മന്ത്രിയില്‍ നിന്ന് ജീവനു ഭീഷണി നേരിടുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലിസ് അന്വേഷണം ആവശ്യപ്പെട്ട് ആക്റ്റിവിസ്റ്റ് ദിനേശ് കല്ലഹള്ളിയെ സമീപിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് സംഭവത്തിന്റെ വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍ ഞാന്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ദിനേശ് കല്ലഹള്ളി പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. അതേസമയം, ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രമേശ് ജാര്‍ക്കിഹോളി മന്ത്രിസ്ഥാനം രാജിവച്ചേക്കുമെന്നു കന്നഡ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Social activist demands probe into 'sex scandal' involving BJP leader Ramesh Jarkiholi