യുഎപിഎ കേസിലും വിചാരണ വൈകിയാല്‍ ജാമ്യം അനുവദിക്കാം; സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി

Update: 2021-02-02 10:35 GMT
ന്യൂഡല്‍ഹി: യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) ചുമത്തിയ കേസുകളിലും വിചാരണ വൈകിയാല്‍ ജാമ്യം അനുവദിക്കാമെന്ന് സുപ്രിംകോടതി. പ്രവാചകനെ നിന്ദിച്ച തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ക്കു കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ എതിര്‍ത്ത് എന്‍ഐഎ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. ജാമ്യത്തിനെതിരേ എന്‍ഐഎ നല്‍കിയ ഹരജി ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളുകയും ചെയ്തു. യുഎപിഎ ചുമത്തിയവയാണെങ്കുലം വിചാരണയുടെ പേരില്‍ പ്രതികളെ വര്‍ഷങ്ങളോളം ജയിലിലിടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ വൈകിപ്പിച്ച് ജാമ്യം നിഷേധിക്കുന്നത് പ്രതിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. അതിനാല്‍ തന്നെ അഞ്ച് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നല്‍കിയ കേരള ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

    പ്രഫ. ടി ജെ ജോസഫ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ യുഎപിഎയിലെ വകുപ്പുകളും ഐപിസി, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയ കേസിലാണ് ഇക്കഴിഞ്ഞ 2019 ജൂലൈ 23ന് പ്രതിപ്പട്ടികയിലുണ്ടായിരുന്ന കെ എ നജീബിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. 2010 ജൂലൈ നാലിനാണു കേസിനാസ്പദമായ സംഭവം. പ്രവാചകന്‍ മുഹമ്മദ് നബിയെ ബികോം രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ നിന്ദ്യമായ ഭാഷയില്‍ പരാമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതിലാണ് കെ എ നജീബിനെ പ്രതി ചേര്‍ത്തത്. കേസിലെ മറ്റു പ്രതികളെ പോലെ തന്നെ യുഎപിഎയിലെ 16, 18, 18ബി, 19, 20 വകുപ്പുകളും വിവിധ ഐപിസി വകുപ്പുമാണ് ചുമത്തിയത്. എന്നാല്‍, ഇദ്ദേഹത്തെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഒളിവിലാണെന്നു കോടതിയെ അറിയിച്ചിരുന്നു. കേസില്‍ 2015 ഏപ്രില്‍ 30നു വിധി പറയുകയും പ്രതികള്‍ക്ക് രണ്ടു മുതല്‍ എട്ടുവര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2015 ഏപ്രില്‍ 10ന് അറസ്റ്റിലായ ഇദ്ദേഹത്തിനു പിന്നീട് ജാമ്യം നല്‍കിയതിനെതിരേയാണ് എന്‍ ഐഎ സുപ്രിംകോടതിയെ സമീപിച്ചത്. യുഎപിഎ നിയമത്തിലെ 43 ഡി 5 അനുസരിച്ച് പ്രോസിക്യൂഷന്റെ വാദം പ്രഥമദൃഷ്ട്യാ ശരിയാണെങ്കില്‍ ജാമ്യം നല്‍കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ കഠിനമായ വ്യവസ്ഥയാണ് മയക്കുമരുന്ന് നിരോധന നിയമ(എന്‍ഡിപിഎസ്)ത്തിലുള്ളത്. അതിനാല്‍ മതിയായ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാതിരിക്കുകയോ ശിക്ഷാ കാലാവധിയുടെ ഒരു നിശ്ചിത സമയത്തിനപ്പുറം ജയിലില്‍ കഴിയുകയോ ചെയ്താല്‍ ഭരണഘടനാ കോടതികള്‍ക്ക് പ്രതിക്ക് ജാമ്യം നല്‍കാമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

    പ്രതി അഞ്ചുവര്‍ഷത്തിലേറെ ജയിലിലാണെന്നും 276 സാക്ഷികളെ ഇനിയും വിചാരണ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. 2015 നും 2019 നും ഇടയില്‍ ആറ് തവണ ജാമ്യത്തിനായി നജീബ് പ്രത്യേക എന്‍ഐഎ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു. ഒടുവില്‍ 2019 ജൂലൈയില്‍ ജാമ്യം ലഭിച്ചു. ഇതിനെതിരേയാണ് എന്‍ഐഎ സുപ്രിം കോടതിയെ സമീപിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരമാവധി എട്ട് വര്‍ഷം തടവാണ് ലഭിച്ചതെന്നും നജീബ് ഇതിനകം അഞ്ച് വര്‍ഷവും അഞ്ച് മാസവും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ആദ്യഘട്ടത്തില്‍ 54 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, എന്‍ഐഎ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ ഇത് 37 ആയി ചുരുങ്ങി. കേസില്‍ 13 പേരെ കുറ്റക്കാരെന്നു കണ്ടെത്തുകയും 18 പേരെ വെറുതെ വിടുകയുമായിരുന്നു. ഇതില്‍ തന്നെ മൂന്നുപേര്‍ക്കെതിരേ യുഎപിഎ ഒഴിവാക്കുകയും ചെയ്തിരുന്നു. ഭീമാ കൊറെഗാവ് ഉള്‍പ്പെടെയുള്ള കേസുകളില്‍ 2018 മുതല്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ നിരവധി യുഎപിഎ പ്രതികള്‍ക്ക് ഈ വിധി മുതല്‍ക്കൂട്ടാവും.

UAPA doesn't stop courts from granting bail when fundamental rights are violated: SC

Tags:    

Similar News