ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചതിന് യുപിയില്‍ ദലിതനെ സവര്‍ണര്‍ വെടിവച്ച് കൊന്നു
വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ നാല് ഉന്നതജാതിക്കാരായ യുവാക്കളെത്തി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു
അംറോഹ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചതിന് ദലിത് കൗമാരക്കാരനെ സവര്‍ണര്‍ വെടിവച്ച് കൊന്നു. അംറോഹ ജില്ലയിലെ ഡോംഖെഡ ഗ്രാമത്തിലാണ് 17 കാരനായ വികാസ് കുമാര്‍ ജാദവ് കൊല്ലപ്പെട്ടത്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ നാല് ഉന്നതജാതിക്കാരായ യുവാക്കളെത്തി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിനു ഒരാഴ്ച മുമ്പ് ഒരു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചതിനെച്ചൊല്ലി സവര്‍ണ ഗ്രാമീണ യുവാക്കളുമായി വാക്കേറ്റമുണ്ടായതായി വികാസ് ജാദവിന്റെ പിതാവ് ഓം പ്രകാശ് ജാദവ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവമെന്ന് 'ഇന്ത്യാ ടുഡേ' റിപോര്‍ട്ട് ചെയ്തു.
'ചൗഹാന്‍ സമുദായത്തിലെ ചില യുവാക്കള്‍ എന്റെ മകനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. അവര്‍ എന്തിനാണ് ഇത് ചെയ്തതെന്ന് ഞങ്ങള്‍ക്കറിയില്ല. ഇതിന് മുമ്പ് ഞങ്ങളോട് ഇതുപോലെ വിവേചനം കാണിച്ചിട്ടില്ല. പിന്നീട് അവര്‍ എന്റെ മകനെ മര്‍ദ്ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. അന്ന് ചില നാട്ടുകാരാണ് അവനെ രക്ഷിച്ചതെന്ന്' പിതാവ് ഓം പ്രകാശ് ജാദവ് പറഞ്ഞു. ഇതേക്കുറിച്ച് പോലീസിനെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. 'ലക്‌നോവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള അംറോഹ ജില്ലയിലെ ഡോംഖേര ഗ്രാമത്തിലെ ഒരു ശിവക്ഷേത്രം ജൂണ്‍ ഒന്നിന് വികാസ് സന്ദര്‍ശിച്ചിരുന്നു. ഈ സമയം ഉന്നത ജാതി കുടുംബത്തിലെ ചിലര്‍ തടയുകയും ജാതി ചോദിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ചു. എന്നാല്‍ അവന്‍ അവരെ അവഗണിച്ച് പ്രാര്‍ത്ഥന നടത്തി'-ഓം പ്രകാശ് പറഞ്ഞു.
'ശനിയാഴ്ച രാത്രി ഹൊറം ചൗഹാന്‍, ലാല ചൗഹാന്‍ എന്നിവരുള്‍പ്പെടെ നാല് പേര്‍ വീട്ടിലെത്തി. ഉറങ്ങുകയായിരുന്ന എന്റെ മകനെ വെടിവയ്ക്കുകയായിരുന്നു. ഞങ്ങളെ ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെട്ടെന്നും' ഓം പ്രകാശ് ജാദവ് കൂട്ടിച്ചേര്‍ത്തു. സംഭവം പ്രചരിച്ചതോടെ ഗ്രാമവാസികള്‍ പരിഭ്രാന്തരായി പോലിസിനെ വിളിക്കുകയായിരുന്നു.
ഇരയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് യുവാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും അംറോഹ പോലിസ് സൂപ്രണ്ട് വിപിന്‍ ടാഡ പറഞ്ഞു. കൊലപാതകം, എസ്‌സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.