'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി ഹിന്ദുത്വ നേതാവ് (വീഡിയോ)

ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദവുമായി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ണാടക വഖഫ് ബോര്‍ഡും പ്രതികരിച്ചു.

Update: 2022-08-19 05:22 GMT

ബംഗളൂരു: ബാബരി മസ്ജിദ് കര്‍ത്ത ഡിസംബര്‍ ആറിന് തങ്ങള്‍ ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്തിന്റെ കമാനം തകര്‍ക്കുമെന്ന ഭീഷണിയുമായി ഹിന്ദുത്വ നേതാവ്. പ്രാദേശിക ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കര്‍ണാടകയിലെ ഹിന്ദുത്വ നേതാവ് പരസ്യ ഭീഷണി ഉയര്‍ത്തിയത്.

ചാമരാജ്‌പേട്ടിലെ ഈദ്ഗാഹ് മൈതാനം കര്‍ണാടക റവന്യൂവകുപ്പിന് കീഴില്‍ കൊണ്ടുവരാന്‍ ബിബിഎംപി ജോയിന്റ് കമ്മീഷണര്‍ (വെസ്റ്റ്) എസ് എം ശ്രീനിവാസ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഹിന്ദുത്വര്‍ ഭീഷണിയുമായി രംഗത്തെത്തിയത്.

അതേസമയം, ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദവുമായി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ണാടക വഖഫ് ബോര്‍ഡും പ്രതികരിച്ചു. ബിബിഎംപിയുടെ പക്കലുള്ള രേഖകള്‍ കര്‍ണാടക റവന്യു വകുപ്പിന് കൈമാറുമെങ്കിലും ഉടമസ്ഥാവകാശം ഉന്നയിക്കുന്നതിന് കര്‍ണാടക വഖഫ് ബോര്‍ഡിന് തടസ്സമില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാമരാജ് പേട്ടിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട ഏതുതരം തര്‍ക്കവും ഇനി റവന്യൂ വകുപ്പുമായാണ് നടത്തേണ്ടതെന്നാണ് ഉത്തരവിന്റെ സാരം.

കഴിഞ്ഞ ജുണ്‍ 21ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, പ്രസ്തുത ഭൂമിക്ക് ഖാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ബിബിഎംപിയോട് സംസ്ഥാന വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഖാത്ത നല്‍കണമെങ്കില്‍ കുറച്ചുകുടി രേഖകള്‍ ഹാജരാക്കാനായിരുന്നു ബിബിഎംപിയുടെ മറുപടി. രേടകള്‍ ഹാജരാക്കാന്‍ വഖഫ് ബോര്‍ഡിന് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. പ്രസ്തുത രേഖകള്‍ ഹാജരാക്കാനാവതിരുന്നതോടെ അഞ്ചുദിവസം കൂടി നീട്ടി നല്‍കി. എന്നാല്‍, ബി.ബി.എം.പിക്ക് മുന്നില്‍ ജൂലൈ 27ന് ഹാജരായ വഖഫ് ബോര്‍ഡ് പ്രതിനിധികള്‍ രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചു. ഏറ്റവുമൊടുവില്‍ ആഗസ്റ്റ് മൂന്നിന് ബി.ബി.എം.പിക്ക് മുന്നില്‍ ഹാജരായ വഖഫ് ബോര്‍ഡ് പ്രതിനിധികള്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നും പകരം, വസ്തു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവാണ് സമര്‍പ്പിച്ചതെന്നും ബിബിഎംപി ജോയന്റ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. 1964 ലെ സുപ്രീംകോടതി ഉത്തരവു പ്രകാരം, ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനത്ത് മതപരമായ കുടിച്ചേരലുകള്‍ നടത്താനുള്ള അനുമതിയാണ് നല്‍കുന്നതെന്നും വസ്തുവിന്റെ ഉടമസ്ഥാവകാശമല്ലെന്നും ബിബിഎംപി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

സര്‍വെ നമ്പര്‍ 40 ലായി ഗുട്ടഹള്ളി വില്ലേജില്‍ രണ്ട് ഏക്കര്‍ അഞ്ച് ഗുണ്ടയായാണ് ചാമരാജ്‌പേട്ട് ഈദ്ഗാഹ് മൈതാനം സ്ഥിതി ചെയ്യുന്നത്. ദശകങ്ങളായി ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 2022 മേയ്, ജൂണ്‍ മാസങ്ങളില്‍ ഏതാനും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഈദ്ഗാഹ് മൈതാനിയില്‍ ചടങ്ങുകള്‍ നടത്താനുള്ള അനുമതി തേടി ബിബിഎംപിയെ സമീപിച്ചതോടെയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വീണ്ടും ഉയര്‍ന്നത്. എന്നാല്‍, പ്രസ്തുത ഭൂമി കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡിന്റേതാണെന്ന 1965ലെ ഗസറ്റ് വിജ്ഞാപനം വഖഫ് ബോര്‍ഡും ഇത് പൊതുകളിസ്ഥലമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന 1974ലെ സിറ്റി സര്‍വെ റെക്കോര്‍ഡ്‌സ് ബിബിഎംപിയും പുറത്തുകൊണ്ടുവന്നു. വിവാദ ഭൂമി കളിസ്ഥലമാണെന്ന് ബി.ബി.എം.പി കമീഷണര്‍ തുഷാര്‍ ഗിരിനാഥ് ആദ്യം വാദമുയര്‍ത്തുകയും ചെയ്തു. എന്നാല്‍, ഈ വാദം പിന്നീട് ഉപേക്ഷിച്ച ബി.ബി.എം.പി, ആവശ്യമായ രേഖകള്‍ ഹാജരാക്കി ഭൂമിക്ക് ഖാത്ത നേടിയെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

ചാമരാജ്‌പേട്ട് ഈദ് ഗാഹ് മൈതാനം സംബന്ധിച്ച വിവാദത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നേടാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന ഷാഫി സഅദി പ്രതികരിച്ചു. ബിബിഎംപി നിലവില്‍ ഖാത്ത നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കേണ്ട ഔദ്യോഗിക അതോറിറ്റി ബി.ബി.എം.പിയല്ലെന്നും അദ്ദേഹംപറഞ്ഞു.

ബി.ബി.എം.പിയുടെ ഉത്തരവിന് പിന്നാലെ, ഈദ്ഗാഹ് മൈതാനത്തിന്റെ കവാട കമാനം പൊളിക്കണമെന്ന ആവശ്യവുമായി വിശ്വ സനാതന പരിഷത്ത് രംഗത്തെത്തി. ഈദ്ഗാഹം മൈതാനം സര്‍ക്കാര്‍ സ്വത്തായിരിക്കെ പിന്നെ എന്തിനാണ് അത്തരമൊരു കവാടമെന്നും 2017 മുതല്‍ തങ്ങള്‍ മൈതാനത്തിനായി ആവശ്യമുന്നയിച്ചുവരികയാണെന്ന് പരിഷത്ത് പ്രസിഡന്റ് ഭാസ്‌കരന്‍ പറഞ്ഞു.

Tags:    

Similar News