പാവപ്പെട്ടവര്‍ക്ക് ബാങ്കിലൂടെ മിനിമം വരുമാനം; ചരിത്രപ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും പാവപ്പെട്ടവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ മിനിമം വരുമാനം നേരിട്ട് അയച്ചുകൊടുക്കും

Update: 2019-01-28 12:13 GMT

റായ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും മിനിമം വരുമാനം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ചത്തീസ്ഗഢില്‍ നടത്തിയ കിസാന്‍ അബര്‍ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ചരിത്ര പ്രഖ്യാപനം. രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും പാവപ്പെട്ടവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ മിനിമം വരുമാനം നേരിട്ട് അയച്ചുകൊടുക്കും. ഇത്തരമൊരു പദ്ധതി ലോകത്ത് തന്നെ ആദ്യമാണെന്നും ഈയടുത്തൊന്നും ആരും നടപ്പാക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിന്ന് ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആദ്യപടിയാണിത്. ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക. ചരിത്രപരമായ ഈ തീരുമാനം നടപ്പാക്കാനാണ് കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുക. അത് നിര്‍വഹിക്കാന്‍ നിങ്ങള്‍ അവസരം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.

    15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ചത്തീസ്ഗഢിലെ കര്‍ഷകസമൂഹം ഉള്‍പ്പെടുന്ന വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ നടത്തിയ കിസാന്‍ അബര്‍ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുമെന്നു നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നെങ്കിലും വാഗ്ദാനത്തിലൊതുങ്ങി. കള്ളപ്പണം പിടികൂടിയില്ലെന്നു മാത്രമല്ല, നോട്ടുനിരോധനത്തിലൂടെ കൂടുതല്‍ ബുദ്ധിമുട്ടിക്കുക കൂടി ചെയ്തതോടെ 15 ലക്ഷത്തിന്റെ കണക്കുമായാണ് പലരും ബിജെപിയെ നേരിടുന്നത്.




Tags:    

Similar News